ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പോരായ്മ നടരാജന് തിരിച്ചടി; സിഡ്‌നി ടെസ്റ്റില്‍ ഷര്‍ദുല്‍ താക്കൂറിന് സാധ്യത

ഉമേഷ് യാദവിന് പകരം ടി നടരാജന്‍ ടീമിലേക്ക് എത്തി ടെസ്റ്റിലും അരങ്ങേറ്റം കുറിക്കും എന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ടീം മാനേജ്‌മെന്റ് നടരാജനേക്കാള്‍ മുന്‍തൂക്കം ഷര്‍ദുളിന് നല്‍കുമെന്നാണ് സൂചന
ഷര്‍ദുല്‍ താക്കൂര്‍, ടി നടരാജന്‍/ഫോട്ടോ: എപി
ഷര്‍ദുല്‍ താക്കൂര്‍, ടി നടരാജന്‍/ഫോട്ടോ: എപി

മെല്‍ബണ്‍: പരിക്കേറ്റ ഉമേഷ് യാദവിന് അവസാന രണ്ട് ടെസ്റ്റും നഷ്ടമായതോടെ പകരക്കാരനായി ഷര്‍ദുല്‍ താക്കൂര്‍ ടീമിലേക്ക്. ഉമേഷ് യാദവിന് പകരം ടി നടരാജന്‍ ടീമിലേക്ക് എത്തി ടെസ്റ്റിലും അരങ്ങേറ്റം കുറിക്കും എന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ടീം മാനേജ്‌മെന്റ് നടരാജനേക്കാള്‍ മുന്‍തൂക്കം ഷര്‍ദുളിന് നല്‍കുമെന്നാണ് സൂചന. 

പരിക്കേറ്റ ഉമേഷ് യാദവ് ബുധനാഴ്ചയോടെ ഇന്ത്യയിലേക്ക് മടങ്ങി. ഇനി വരുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് ഫിറ്റ്‌നസ് വീണ്ടെടുക്കുകയാണ് ഉമേഷ് യാദവിന്റെ ലക്ഷ്യം. ഉമേഷിന്റെ പരിക്കോടെ ഷര്‍ദുലാകുമോ, നടരാജനാവുമോ ടീമിലേക്ക് എത്തുക എന്നതാണ് ആകാംക്ഷ ഉയര്‍ത്തുന്നത്. 

നടരാജന്റെ മികച്ച മുന്നേറ്റം ഏവരേയും വിസ്മയിപ്പിച്ചു. എന്നാല്‍ തമിഴ്‌നാടിന് വേണ്ടി ഒരു ഫസ്റ്റ് ക്ലാസ് മത്സരം മാത്രമാണ് നടരാജന്‍ കളിച്ചിരിക്കുന്നത് എന്ന് മറക്കരുത്. എന്നാല്‍ ഷര്‍ദുല്‍ മുംബൈയുടെ പരിചയസമ്പത്തേറിയ റെഡ് ബോള്‍ ബൗളറാണ്, ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വിന്‍ഡിസിന് എതിരായ തന്റെ അരങ്ങേറ്റ ടെസ്റ്റില്‍ ഒരു പന്ത് പോലും എറിയാനാവാതെ പരിക്കിനെ തുടര്‍ന്ന് ഷര്‍ദുളിന് മടങ്ങേണ്ടി വന്നിരുന്നു. നന്നായാണ് ഷര്‍ദുള്‍ രൂപപ്പെട്ട് വരുന്നത്. ഉമേഷ് യാദവിന് പകരം ഷര്‍ദുള്‍ പ്ലേയിങ് ഇലവനിലേക്ക് എത്താനാണ് സാധ്യത, ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു. 

ഷര്‍ദുള്‍, നടരാജന്‍ എന്നിവരില്‍ ആര് പ്ലേയിങ് ഇലവനിലേക്ക് എത്തണം എന്നതില്‍ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയും, നായകന്‍ രഹാനേയും, ബൗളിങ് കോച്ച് ഭാരത് അരുണുമായിരിക്കും തീരുമാനമെടുക്കുക. ടീം സിഡ്‌നിയില്‍ എത്തിയതിന് ശേഷമാവും തീരുമാനമാവുക. കോവിഡ് ഭീഷണിയെ തുടര്‍ന്ന് രണ്ടാം ടെസ്റ്റിന് ശേഷം മെല്‍ബണില്‍ തന്നെ തുടരുകയാണ് ഇപ്പോള്‍ ടീമുകള്‍. 

62 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് ഷര്‍ദുല്‍ കളിച്ചത്. വീഴ്ത്തിയത് 206 വിക്കറ്റ്. ആറ് ഫസ്റ്റ് ക്ലാസ് അര്‍ധ ശതകവും ഇവിടെ ഷര്‍ദുളിന്റെ പേരിലുണ്ട്. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോഴും ഷര്‍ദുള്‍ ബാറ്റിങ്ങില്‍ പലപ്പോഴും മാന്യമായ പ്രകടനം പുറത്തെടുത്തിരുന്നു. ഇനി വരുന്ന പരിശീലന സെഷനുകളില്‍ നടരാജന്റേയും, ഷര്‍ദുളിന്റേയും പ്രകടനം വിലയിരുത്തിയാവും അന്തിമ തീരുമാനം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com