ഒ​ഗ്ബെച്ചെയുടെ ഹാട്രിക്ക് മാത്രം ആശ്വാസം; ചെന്നൈയിൻ 'ആറാട്ടിൽ' ബ്ലാസ്റ്റേഴ്സ് തല കുനിച്ചു; കൊച്ചിയിൽ ​ഗോൾ മഴ

​ഗോൾ മഴ പെയ്ത പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തം തട്ടകത്തിൽ തോൽവി
ഒ​ഗ്ബെച്ചെയുടെ ഹാട്രിക്ക് മാത്രം ആശ്വാസം; ചെന്നൈയിൻ 'ആറാട്ടിൽ' ബ്ലാസ്റ്റേഴ്സ് തല കുനിച്ചു; കൊച്ചിയിൽ ​ഗോൾ മഴ

കൊച്ചി: ​ഗോൾ മഴ പെയ്ത പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തം തട്ടകത്തിൽ തോൽവി. മൊത്തം ഒൻപത് ​ഗോളുകൾ പിറന്ന പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സി ബ്ലാസ്റ്റേഴ്സിനെ 3- 6 എന്ന സ്കോറിന് വീഴ്ത്തി. ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോളിന് പിന്നിൽ പോയി. എന്നാൽ രണ്ടാം പകുതിയിൽ ക്യാപ്റ്റൻ ഒഗ്ബെചെ ഒറ്റയ്ക്ക് നിന്ന് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പൊരുതി. ടീം നേടിയ മൂന്ന് ​ഗോളുകളും നായകന്റെ വകയായിരുന്നു.

ആദ്യ പകുതിയിൽ പ്രതിരോധ പിഴവുകളാണ് കളി കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് അകറ്റിയത്. ആദ്യ പകുതിയുടെ അവസാന അഞ്ച് മിനുട്ടിൽ മൂന്ന് ഗോളുകളാണ് ടീം വഴങ്ങിയത്. ആദ്യം രെഹ്നേഷിന്റെ പിഴവിലാണ് ഗോൾ വന്നത്. 40ാം മിനുട്ടിൽ രെഹ്നേഷിന്റെ പാസ് നേരെ റാഫേൽ ക്രിവെല്ലെരോയുടെ കാലിലേക്ക് പോയി അത് ഗോളായി. പിന്നാലെ ക്രിവല്ലെരോയുടെ അസിസ്റ്റിൽ നെരിജസ് വാൽസ്കിസ് രണ്ടാം ഗോളും നേടി. അദ്യ പകുതി തീരാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ വീണ്ടും ക്രിവെല്ലരോയുടെ ബൂട്ടിൽ നിന്നുതന്നെ മൂന്നാം ഗോളും വീണു.

എന്നാൽ രണ്ടാം പകുതിയിൽ കേരളം പൊരുതി കളിച്ചു. 48ാം മിനുട്ടിൽ ഒഗ്ബെചെയുടെ വക കിടിലൻ ഗോൾ. ജെസെലിന്റെ ക്രോസിൽ നിന്ന് ഒരു ഡൈവിങ് വോളിയിലൂടെ ആയിരുന്നു ഒഗ്ബെചെയുടെ ആദ്യ ഗോൾ. 59ാം മിനുട്ടിൽ ലാല്ലിയൻസുലെ ചം​ഗ്തെയുടെ ഗോളിലൂടെ ചെന്നൈയിൻ വീണ്ടും മൂന്ന് ഗോളിന്റെ ലീഡിലെത്തി. 65, 76 മിനുട്ടുകളിൽ ഒഗ്ബെചെ വല ചലിപ്പിച്ചതോടെ കളി 4-3എന്ന സ്ഥിതിയിലായി കേരളത്തിന് പ്രതീക്ഷയായി.

ഈ ഐഎസ്എൽ സീസണിൽ ഹാട്രിക്ക് നേടുന്ന ആദ്യ താരമായി ഒഗ്ബെചെ മാറിയെങ്കിലും ആ പൊരുതൽ ഫലം കണ്ടില്ല. 80ാം മിനുട്ടിൽ വീണ്ടും ചങ്തെയുടെ ഗോൾ കേരളത്തെ പിന്നോട്ടടിച്ചു. കളി തീരാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ വാൽസ്കിസ് തന്റെ രണ്ടാം ​ഗോളിലൂടെ ടീമിന്റെ ആറാം ​ഗോൾ വലയിലാക്കി പട്ടിക പൂർത്തിയാക്കി.  

ഈ തോൽവിയോടെ സാങ്കേതികമായെങ്കിലും പ്ലേയോഫ് പ്രതീക്ഷയുണ്ടായിരുന്ന ബ്ലാസ്റ്റേഴ്സിന് അതും അവസാനിച്ചു. വിജയം ചെന്നൈയിനെ അഞ്ചാം സ്ഥാനത്തേക്ക് എത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com