ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മുത്തമിട്ട് സോഫിയ കെനിന്‍; മുഗുരുസയെ മലര്‍ത്തിയടിച്ചത് പിന്നില്‍ നിന്ന് തിരിച്ചെത്തി 

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ആദ്യ സെറ്റ് നഷ്ടപ്പെട്ടിടത്ത് നിന്നും കിരീടത്തിലേക്കെത്തുന്ന മൂന്നാമത്തെ താരമാണ് സോഫിയ
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മുത്തമിട്ട് സോഫിയ കെനിന്‍; മുഗുരുസയെ മലര്‍ത്തിയടിച്ചത് പിന്നില്‍ നിന്ന് തിരിച്ചെത്തി 

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സോഫിയ കെനിന്. ഫൈനലില്‍ മുഗുരുസയുടെ പരിചയസമ്പത്ത് അമേരിക്കയുടെ ഇരുപത്തിയൊന്നുകാരിക്ക് മുന്‍പില്‍ മുട്ടുമടക്കി. സ്‌കോര്‍ 4-6, 6-2, 6-2.

സോഫിയയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മുത്തമിടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരവുമായി സോഫിയ കെനിന്‍. മുഗുരുസയെ തോല്‍പ്പിക്കുമ്പോള്‍ 21 വയസും 80 ദിവസവുമാണ് കെനിന്റെ പ്രായം. 2008ല്‍ മരിയ ഷറപ്പോവ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മുത്തമിടുമ്പോള്‍ പ്രായം 20 വയസും 283 ദിവസവും. മുഗുരുസയോട് ആദ്യ സെറ്റ് നഷ്ടപ്പെട്ട് തുടങ്ങിയാണ് കെനിന്‍ കിരീടത്തിലേക്ക് കുതിച്ചത്. 

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ആദ്യ സെറ്റ് നഷ്ടപ്പെട്ടിടത്ത് നിന്നും കിരീടത്തിലേക്കെത്തുന്ന മൂന്നാമത്തെ താരമാണ് സോഫിയ. ഒന്നാം റാങ്കുകാരിയായിരുന്ന ആഷ്‌ലേ ബാര്‍ട്ടിയെ അട്ടിമറിച്ചാണ് സോഫിയ കെനിന്‍ ഫൈനലിലേക്ക് എത്തിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഒരു സെറ്റ് പോലും നഷ്ടപ്പെടാതെയായിരുന്നു 14ാം സീഡായ സോഫിയയുടെ ഫൈനല്‍ പ്രവേശനം. 

2019ല്‍ മൂന്ന് കിരീടങ്ങളും, 39 മാച്ചസും ജയിച്ച് തകര്‍പ്പന്‍ ഫോമിലാണ് കെനിന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിലേക്ക് എത്തിയത്. നാലാം സീഡായ സിമോണ ഹലെപ്പിനെ തോല്‍പ്പിച്ചാണ് മുഗുരുസ ഫൈനലിലേക്കെത്തിയത്. സെമിയില്‍ ഏകപക്ഷീയമായിട്ടായിരുന്നു മുഗുരുസയുടെ ജയമെങ്കിലും ഫൈനലില്‍ കെനിന്റെ കരുത്തിന് മുന്‍പില്‍ പിടിച്ചു നില്‍ക്കാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com