'റണ്‍ ഔട്ട് ഒരു കലയെങ്കില്‍ പാകിസ്ഥാന്‍ അതിന്റെ പിക്കാസ്സോ' ; നായകനും സഹ ബാറ്റ്‌സ്മാനും ഒരു ക്രീസിലേക്ക്, ട്രോള്‍മഴ

ചില കാര്യങ്ങള്‍ ഒരിക്കലും മാറില്ലെന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം
'റണ്‍ ഔട്ട് ഒരു കലയെങ്കില്‍ പാകിസ്ഥാന്‍ അതിന്റെ പിക്കാസ്സോ' ; നായകനും സഹ ബാറ്റ്‌സ്മാനും ഒരു ക്രീസിലേക്ക്, ട്രോള്‍മഴ

പോചെഫ്‌സ്ട്രൂം : ഇന്ത്യ-പാകിസ്ഥാന്‍ മല്‍സരങ്ങള്‍ എന്നും വീറുറ്റതായിരിക്കും. ലോകകപ്പ് മല്‍സരങ്ങളാകുമ്പോള്‍ പ്രത്യേകിച്ചും. ഓര്‍ത്തിരിക്കാന്‍ ഒരുപിടി നിമിഷങ്ങള്‍ ഇന്ത്യ-പാക് ക്ലാസ്സിക് പോരാട്ടങ്ങള്‍ മിക്കപ്പോഴും അവശേഷിപ്പിക്കാറുണ്ട്.

കഴിഞ്ഞ ദിവസം അണ്ടര്‍ 19 ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ-പാക് പോരാട്ടവും ഇത്തരത്തില്‍ ഓര്‍മ്മിക്കത്ത തരത്തിലായി. പാകിസ്ഥാന്റെ ഒരു റണ്ണൗട്ടാണ് ഇത്തവണ സോഷ്യല്‍ മീഡിയയിലും ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലും ചര്‍ച്ചയായത്. റണ്ണൗട്ടില്‍ നവമാധ്യമങ്ങളില്‍  പാകിസ്ഥാനെതിരെ ട്രോള്‍മഴയും നിറയുകയാണ്.

സെമി പോരാട്ടത്തില്‍ പാക് ഇന്നിംഗ്‌സിലെ 31 -ാം ഓവറിലാണ് സംഭവം. ഇന്ത്യയുടെ രവി ബിഷ്‌ണോയിയെ പാക് ബാറ്റ്‌സ്മാന്‍ ക്വാസിം അക്രം നേരിടുന്നു. ബിഷ്‌ണോയിയുടെ പന്ത്  ഓഫ്‌സൈഡിലേക്ക് തട്ടിയിട്ട് അക്രം റണ്ണിനായി കുതിച്ചു. മറുതലയ്ക്കല്‍ ഉണ്ടായിരുന്ന നായകന്‍ റോഹൈല്‍ നസീറും റണ്ണിനായി ഓടി.

ഇതിനിടെ  ഇന്ത്യന്‍ ഫീല്‍ഡര്‍ അഥര്‍വ അങ്കോലേക്കര്‍ പന്ത് പിടിച്ചെടുത്തത് കണ്ട് നസീര്‍ തിരിച്ച് ക്രീസിലേക്ക് തിരിച്ചോടി. എന്നാല്‍ ഇതു ശ്രദ്ധിക്കാതെ ക്വാസിം അക്രവും നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് കുതിച്ചു. പന്ത് ഫീല്‍ഡ് ചെയ്ത അഥര്‍വ്വയ്ക്ക് വിക്കറ്റ് കീപ്പര്‍ ധ്രൂവ് ജുറലിന് പന്ത് ന്ല്‍കാനും, ധ്രുവിന് സ്റ്റംപ് ചെയ്യാനും ഇഷ്ടംപോലെ സമയം ലഭിച്ചു. ഫലം ക്വാസിം അക്രം റണ്‍ഔട്ട്. ഇതോടെ നാലുവിക്കറ്റിന് 118 റണ്‍സെന്ന നിലയിലേക്ക് പാകിസ്ഥാന്‍ വീണു.

മല്‍സരം ഓപ്പണര്‍ യശസ്വി ജയ്‌വാളിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെയും സഹഓപ്പണര്‍ ദിവ്യാന്‍ഷ് സക്‌സേനയുടെ അര്‍ധ സെഞ്ച്വറിയുടെയും മികവില്‍ 10 വിക്കറ്റിന് ജയിച്ചു. മല്‍സരം അവസാനിച്ചതിന് പിന്നാലെ പാകിസ്ഥാനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ നിറഞ്ഞു. റണ്‍ ഔട്ട് ഒരു കലയെങ്കില്‍ പാകിസ്ഥാന്‍ പിക്കാസ്സോ ആണെന്നായിരുന്നു ഒരു കമന്റ്. പാകിസ്ഥാന്‍ പാകിസ്ഥാന്‍ തന്നെയാണ്. ചില കാര്യങ്ങള്‍ ഒരിക്കലും മാറില്ലെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. പ്രകടനം താല്‍ക്കാലികമാണ്, എന്നാല്‍ റണ്‍ഔട്ട് സ്ഥിരമാണ് എന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com