സെഞ്ച്വറിയുമായി ശ്രേയസ്സ്, വെടിക്കെട്ടുമായി രാഹുല്‍; റണ്‍മല തീര്‍ത്ത് ഇന്ത്യ ; കീവിസിന് 348 റണ്‍സ് വിജയലക്ഷ്യം

101 പന്തില്‍ 11 ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയാണ് ശ്രേയസ്സ് മൂന്നക്കം കണ്ടെത്തിയത്
സെഞ്ച്വറിയുമായി ശ്രേയസ്സ്, വെടിക്കെട്ടുമായി രാഹുല്‍; റണ്‍മല തീര്‍ത്ത് ഇന്ത്യ ; കീവിസിന് 348 റണ്‍സ് വിജയലക്ഷ്യം

ഹാമില്‍ടണ്‍: ശ്രേയസ്സ് അയ്യരുടെ സെഞ്ച്വറിയുടെ കരുത്തില്‍ ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ റണ്‍മല തീര്‍ത്ത് ഇന്ത്യ. ഒന്നാം ഏകദിനത്തില്‍ കീവീസിന് മുന്നില്‍ ഇന്ത്യ 348 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍  നാലു വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സെടുത്തു.

അര്‍ധമലയാളിയായ മധ്യനിര ബാറ്റ്‌സ്മാന്‍ ശ്രേയസ്സ് അയ്യരുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നെടുന്തൂണായത്. ശ്രേയസ്സിന്റെ ഏകദിനത്തിലെ കന്നി സെഞ്ച്വറിയാണിത്. 101 പന്തില്‍ 11 ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയാണ് ശ്രേയസ്സ് മൂന്നക്കം കണ്ടെത്തിയത്. 103 റണ്‍സെടുത്ത ശ്രേയസ്സിനെ സൗത്തിയുടെ പന്തില്‍ സാന്റ്‌നര്‍ പിടിച്ച് പുറത്താക്കി.

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുല്‍ അര്‍ധസെഞ്ച്വറിയോടെ ശ്രേയസ്സിന് മികച്ച പിന്തുണ നല്‍കി. 64 പന്തില്‍ 88 റണ്‍സെടുത്ത രാഹുലിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് വന്‍ സ്‌കോര്‍ സമ്മാനിച്ചത്. 6 സിക്‌സും മൂന്ന് ബൗണ്ടറികളും അടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിംഗ്‌സ്. കേദാര്‍ ജാദവ് 15 പന്തില്‍ 26 റണ്‍സെടുത്ത് രാഹുലിന് മികച്ച പിന്തുണ നല്‍കി. അരങ്ങേറ്റം കുറിച്ച പുതുമുഖ ഓപ്പണര്‍മാര്‍ ക്ഷണത്തില്‍ മടങ്ങിയെങ്കിലും വിരാട് കോഹ് ലിയും ശ്രേയസ്സും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു. കോഹ് ലിയും അര്‍ധ സെഞ്ച്വറി നേടി. 51 റണ്‍സെടുത്ത കോഹ് ലിയെ സോധി പുറത്താക്കി.

ഓപ്പണര്‍മാരായ പൃഥ്വി ഷായും മായങ്ക് അഗര്‍വാളും യഥാക്രമം 20 ഉം, 32 ഉം റണ്‍സും നേടി. കീവീസിന് വേണ്ടി സൗത്തി രണ്ട് വിക്കറ്റെടുത്തപ്പോള്‍, ഗ്രാന്‍ഡ്‌ഹോം, സോധി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. 3 ഏകദിന മത്സരങ്ങളാണ് പരമ്പരയിലുളളത്. ടോസ് നേടിയ കീവീസ് നായകന്‍ ടോം ലാഥം ഇന്ത്യെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നേരത്തെ ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com