ബാഴ്‌സ മാനേജ്‌മെന്റ്-മെസി പോര്; മാഞ്ചസ്റ്റര്‍ സിറ്റി സാഹചര്യം നിരീക്ഷിക്കുന്നു, പ്രതീക്ഷയില്‍ പ്രീമിയര്‍ ലീഗ് വമ്പന്മാര്‍ 

ബാഴ്‌സ വിടാനുള്ള സാധ്യത വിരളമാണെങ്കിലും, അങ്ങനെയൊരു സാധ്യത ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലോ, കരാര്‍ അവസാനിക്കുന്ന 2021ലോ വന്നാല്‍ തങ്ങള്‍ മുന്‍പോട്ട് വരുമെന്ന സൂചന മാഞ്ചസ്റ്റര്‍ സിറ്റി നല്‍കുന്നു
ബാഴ്‌സ മാനേജ്‌മെന്റ്-മെസി പോര്; മാഞ്ചസ്റ്റര്‍ സിറ്റി സാഹചര്യം നിരീക്ഷിക്കുന്നു, പ്രതീക്ഷയില്‍ പ്രീമിയര്‍ ലീഗ് വമ്പന്മാര്‍ 

ബാഴ്‌സ ടീം മാനേജ്‌മെന്റും മെസിയും തമ്മില്‍ പരസ്യ വാക്‌പോരിലേക്ക് എത്തിയതിന് പിന്നാലെ സാഹചര്യം നിരീക്ഷിച്ച് പ്രീമിയര്‍ ലീഗ് വമ്പന്മാരാണ് മാഞ്ചസ്റ്റര്‍ സിറ്റി. ന്യൂകാമ്പ് വിടാന്‍ മെസി സന്നദ്ധനായാല്‍ മാഞ്ചസ്റ്റര്‍ സിറ്റി മുന്‍പോട്ടു വരുമെന്നാണ് റിപ്പോര്‍ട്ട്. 

ബാഴ്‌സ മുന്‍ പരിശീലകന്‍ വാല്‍വെര്‍ദെയുടെ പുറത്താക്കലുമായി ബന്ധപ്പെട്ട ടീം സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ എറിക് അബിദലിന്റെ വാക്കുകള്‍ക്ക് മെസി മറുപടി നല്‍കിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. വാല്‍വെര്‍ദെക്ക് കീഴില്‍ ബാഴ്‌സ താരങ്ങളില്‍ പലരും തങ്ങളുടെ 100 ശതമാനം നല്‍കാന്‍ തയ്യാറായില്ലെന്നാണ് അബിദല്‍ ആരോപിച്ചത്. 

അവരവരുടെ തീരുമാനങ്ങള്‍ക്ക് ഓരോരുത്തരും ഉത്തരവാദിയായിരിക്കണം എന്നും, ഗ്രൗണ്ടിലെ കാര്യങ്ങളില്‍ കളിക്കാരാണ് ഉത്തരവാദികള്‍ എന്ന് മെസി മറുപടിയായി പറഞ്ഞു. ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ അവരവരുടെ ചുമതലകള്‍ മറക്കരുതെന്നും മെസി ഓര്‍മിപ്പിച്ചു. 

ഈ സീസണ്‍ അവസാനത്തോടെ റിലീസ് തുക നല്‍കാതെ ഫ്രീ ആയി മെസിക്ക് ക്ലബ് വിടാനുള്ള വ്യവസ്ഥ താരത്തിന്റെ കരാറിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറാന്‍ മെസി എത്രമാത്രം തയ്യാറാവും എന്ന ചോദ്യവും ഉയരുന്നുണ്ട്. 

മെസി ബാഴ്‌സ വിടാനുള്ള സാധ്യത വിരളമാണെങ്കിലും, അങ്ങനെയൊരു സാധ്യത ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലോ, കരാര്‍ അവസാനിക്കുന്ന 2021ലോ വന്നാല്‍ തങ്ങള്‍ മുന്‍പോട്ട് വരുമെന്ന സൂചന മാഞ്ചസ്റ്റര്‍ സിറ്റി നല്‍കുന്നു. മാഞ്ചസ്റ്റര്‍ സിറ്റി ഡയറക്ടര്‍ ഓഫ് ഫുട്‌ബോള്‍ തിക്‌സികി ബെഗിരിസ്‌റ്റെയ്‌നും, ചീഫ് എക്‌സിക്യൂട്ടീവ് ഫെറാന്‍ സൊറിയാനോയും, മാനേജര്‍ പെപ്പ് ഗാര്‍ഡിയോളയുമായുള്ള മെസിയുടെ ബന്ധമാണ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com