ഇന്ത്യന്‍ നിരയില്‍ രണ്ട് മാറ്റങ്ങള്‍ ?; കിവികളെ നേരിടാന്‍ പുതുതന്ത്രവുമായി കോഹ്‌ലിയും സംഘവും

തോല്‍വി മറികടന്ന് വിജയവഴിയില്‍ തിരിച്ചെത്തുക ലക്ഷ്യമിട്ടാണ് ഇന്ത്യ രണ്ടാം ഏകദിനത്തിന് തയ്യാറെടുക്കുന്നത്
ഇന്ത്യന്‍ നിരയില്‍ രണ്ട് മാറ്റങ്ങള്‍ ?; കിവികളെ നേരിടാന്‍ പുതുതന്ത്രവുമായി കോഹ്‌ലിയും സംഘവും

ഓക്‌ലന്‍ഡ് : ട്വന്റി-20 പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസവുമായി പോരിനിറങ്ങിയ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ആദ്യ ഏകദിനത്തില്‍ ന്യൂസിലന്‍ഡില്‍ നിന്നും ഏറ്റത്. ഹാമില്‍ട്ടണില്‍ ഇന്ത്യ മുന്നോട്ടുവെച്ച 348 റണ്‍സ് വിജയലക്ഷ്യം കിവികള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. മുന്‍ നായകന്‍ റോസ് ടെയ്‌ലറുടെ തകര്‍പ്പന്‍ സെഞ്ച്വറിയായിരുന്നു വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.

ഏകദിനത്തില്‍ പ്രതിരോധിക്കാവുന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യ ബൗളിംഗിനിറങ്ങിയത്. ശ്രേയസ്സ് അയ്യരുടെ സെഞ്ച്വറിയും രാഹുലിന്റെ വെടിക്കെട്ടുമാണ് ഇന്ത്യയെ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത്. എന്നാല്‍ സ്ഥിരം നായകന്‍ വില്യംസണിന്റെ അഭാവത്തില്‍ ബാറ്റിംഗിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ടെയ്‌ലര്‍ മല്‍സരത്തെ മുന്നോട്ടുകൊണ്ടുുപോയപ്പോള്‍, ലക്ഷ്യബോധമില്ലാതെ ഇന്ത്യന്‍ ബൗളിംഗ് നിര പതറി. ട്വന്റി-20യില്‍ കാണിച്ച പോരാട്ടവീര്യം പോലും ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തിന് നഷ്ടമായിരുന്നു.

ഈ തോല്‍വി മറികടന്ന് വിജയവഴിയില്‍ തിരിച്ചെത്തുക ലക്ഷ്യമിട്ടാണ് ഇന്ത്യ രണ്ടാം ഏകദിനത്തിന് തയ്യാറെടുക്കുന്നത്. ഓക്‌ലന്‍ഡില്‍ ശനിയാഴ്ചയാണ് രണ്ടാം ഏകദിനം നടക്കുക. ഇന്ത്യന്‍ നിരയില്‍ രണ്ട് മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പണിംഗില്‍ മായങ്ക് അഗര്‍വാള്‍- പൃഥ്വി ഷാ സഖ്യം തുടരും. വിരാട് കോഹ്‌ലി, ശ്രേയസ്സ് അയ്യര്‍, കെഎല്‍ രാഹുല്‍, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, മുഹമമ്മദ് ഷമി എന്നിവര്‍ യഥാക്രമം ബാറ്റിംഗ് ലൈനപ്പില്‍ തുടരും.

ഹാമില്‍ട്ടണില്‍ നിറം മങ്ങിയ കുല്‍ദീപ് യാദവിന് പകരം യൂസ്‌വേന്ദ്ര ചാഹല്‍ രണ്ടാം മല്‍സരത്തിന് ഇറങ്ങിയേക്കും. കഴിഞ്ഞ മല്‍സരത്തിലെ തല്ലുകൊള്ളിയായ ശാര്‍ദൂല്‍ ഠാക്കൂറിനെയും ഒഴിവാക്കും. പകരം നവദീപ് സെയ്‌നി അന്തിമ ഇലവനില്‍ ഇടംപിടിക്കുമെന്നാണ് സൂചന. ബാറ്റിംഗ് മികവ് കൂടി പരിഗണിച്ചായിരുന്നു ശാര്‍ദൂലിനെ ടീമിലെടുത്തത്. എന്നാല്‍ മികച്ച ബൗളറായ സെയ്‌നിയെ തഴഞ്ഞ്, ബാറ്റിംഗിന്റെ പേരില്‍ ഠാക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. മുഖ്യപേസ് ബൗളറായി ജസ്പ്രീത് ബുംറയും കളിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com