ഇന്ത്യയ്‌ക്കെതിരെ 'പ്ലാന്‍ എ' ; ടീമിനെ പിന്തുണയ്ക്കാന്‍ ആരാധകരോട് ബംഗ്ലാദേശ് ക്യാപ്റ്റന്‍

ബംഗ്ലാദേശ് ടീമിനുള്ള പിന്തുണ തുടരണം. ക്യാപ്റ്റന്‍ അക്ബര്‍ അലി ആവശ്യപ്പെട്ടു
ഇന്ത്യയ്‌ക്കെതിരെ 'പ്ലാന്‍ എ' ; ടീമിനെ പിന്തുണയ്ക്കാന്‍ ആരാധകരോട് ബംഗ്ലാദേശ് ക്യാപ്റ്റന്‍

പോചെഫ്‌സ്ട്രൂം: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ കടന്ന് ബംഗ്ലാദേശ് ചരിത്രം കുറിച്ചിരിക്കുകയാണ്. രണ്ടാം സെമിയില്‍ ന്യൂസിലന്‍ഡിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് നടാടെ ബംഗ്ലാദേശ് അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ കടന്നത്.  മധ്യനിര ബാറ്റ്‌സ്മാന്‍ മഹ്മദുള്‍ ഹസന്‍ ജോയിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ബംഗ്ലാ യുവനിരയുടെ ചരിത്ര കുതിപ്പില്‍ നിര്‍ണായകമായത്.

ഫൈനലില്‍ അയല്‍ക്കാരും നിലവിലെ ചാമ്പ്യന്മാരുമായ ഇന്ത്യയാണ് ബംഗ്ലാദേശിന്റെ എതിരാളികള്‍. ചിരവൈരികളായ പാകിസ്ഥാനെ പത്തുവിക്കറ്റിന് തകര്‍ത്താണ് ഇന്ത്യന്‍ യുവനിര കിരീടത്തോട് ഒരു പടി കൂടി അടുത്തത്. മികച്ച ഫോണില്‍ കളിക്കുന്ന ഓപ്പണര്‍ യശസ്വി ജയ്‌സ് വാളിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്‌സിലെ കരുത്ത്.

സെമിയിലെ വിജയശേഷം ബംഗ്ലാദേശ് ക്യാപ്റ്റന്‍ അക്ബര്‍ അലി ആരോധകരോട് ആവശ്യപ്പെട്ടത്, തങ്ങളെ പിന്തുണയ്ക്കുന്നത് തുടരൂ എന്നാണ്. ടീമിനെ അനാവശ്യ സമ്മര്‍ദ്ദത്തിലാക്കരുത്. ഇന്ത്യ വളരെ മികച്ച ടീമാണ്. ഇന്ത്യക്കെതിരെ മികച്ച ഗെയിം തന്നെ പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് എന്നീ മൂന്ന് ഘടകങ്ങളും മികവോടെയുള്ള 'എ' ഗെയിം തന്നെ കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധകര്‍ പെട്ടെന്ന് വികാരാധീനരാകുന്നവരാണ്. എനിക്ക് അവരോട് ഒന്നേ അഭ്യര്‍ത്ഥിക്കാനുള്ളൂ. ബംഗ്ലാദേശ് ടീമിനുള്ള പിന്തുണ തുടരണം. അക്ബര്‍ അലി ആവശ്യപ്പെട്ടു. സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ ടോസ് നേടിയപ്പോള്‍ ബൗളിംഗ് തെരഞ്ഞെടുത്തത് വ്യക്തമായ പദ്ധതികളോടെയാണ്. മൂന്ന് സ്പിന്നര്‍മാരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. കിവികള്‍ക്കെതിരെ പ്രത്യേക പ്ലാനുമായിട്ടാണ് കളത്തില്‍ ഇറങ്ങിയതെന്നും അക്ബര്‍ അലി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com