കോപ്പ ഡെല്‍റേയില്‍ വമ്പന്‍ അട്ടിമറി ; റയല്‍ മാഡ്രിഡും ബാഴ്‌സലോണയും സെമി കാണാതെ പുറത്ത് ; പത്ത് വര്‍ഷത്തിനിടെ ആദ്യം

ഇഞ്ചുറി ടൈമിലെ ഗോളിലാണ് അത്‌ലറ്റിക്കോ ബില്‍ബാവോ, മെസ്സിയുടെ ബാഴ്‌സലോണയെ മുട്ടുകുത്തിച്ചത്
കോപ്പ ഡെല്‍റേയില്‍ വമ്പന്‍ അട്ടിമറി ; റയല്‍ മാഡ്രിഡും ബാഴ്‌സലോണയും സെമി കാണാതെ പുറത്ത് ; പത്ത് വര്‍ഷത്തിനിടെ ആദ്യം

മാഡ്രിഡ്: കോപ്പ ഡെല്‍റേയില്‍ വമ്പന്‍ അട്ടിമറി. കരുത്തരായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും സെമി കാണാതെ പുറത്തായി. ക്വാര്‍ട്ടറില്‍ മൂന്നിനെതിരെ നാലുഗോളുകള്‍ക്കാണ് റയല്‍ സൊസൈദാദ് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചത്. മറ്റൊരു ക്വാര്‍ട്ടറില്‍ ഇഞ്ചുറി ടൈമിലെ ഗോളിലാണ് അത്‌ലറ്റിക്കോ ബില്‍ബാവോ, മെസ്സിയുടെ ബാഴ്‌സലോണയെ മുട്ടുകുത്തിച്ചത്.

പുതിയ പരിശീലകന്‍ സെറ്റിയെന്റെ കീഴില്‍ ഗോളിനായി കഷ്ടപ്പെടുന്ന ബാഴ്‌സയെയാണ് ബില്‍ബാവോയിലെ സാന്‍ സാന്‍ മാമെസ് സ്‌റ്റേഡിയത്തില്‍ കണ്ടത്. നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. മെസ്സിയും ഗ്രീസ്മാനുമെല്ലാം കളത്തിലിറങ്ങിയിട്ടും ഫലമുണ്ടായില്ല.

ഒടുവില്‍ ഇഞ്ചുറി ടൈമില്‍ ബാഴ്‌സയുടെ വിധിയെഴുതിയ ഗോള്‍ പിറന്നു. 94ാം മിനിറ്റില്‍ ഇനാകി വില്ല്യംസ് ബാഴ്‌സയെ ഞെട്ടിച്ച് വല ചലിപ്പിച്ചു. ബാഴ്‌സ താരം സെര്‍ജിയോ ബുസ്‌ക്വറ്റ്‌സിന്റെ പിഴവിലാണ് ബില്‍ബാവോയ്ക്ക് വിജയം സമ്മാനിച്ച ഗോള്‍ പിറന്നത്.

ഏഴു ഗോള്‍ ത്രില്ലറിനൊടുവിലാണ് റയലിനെ തോല്‍പ്പിച്ച് കോപ്പ ഡെല്‍ റേയുടെ സെമിയിലെത്തി റയല്‍ സൊസൈദാദ് ചരിത്രമെഴുതിയത്. 22ാം മിനിറ്റില്‍ മുന്‍ റയല്‍ താരം മാര്‍ട്ടിന്‍ ഒര്‍ഡേഗാഡിലൂടെ സൊസൈദാദ് മുന്നിലെത്തി. 54,56 മിനിറ്റുകളില്‍ അലക്‌സാണ്ടര്‍ ഇസാക്കിന്റെ ഇരട്ടഗോളിലൂടെ ലീഡ് മൂന്നാക്കി. മൂന്നു ഗോള്‍ പിന്നിലായതോടെ റയല്‍ മാഡ്രിഡ് തിരിച്ചടിക്കാന്‍ ശ്രമം തുടങ്ങി. 59ാം മിനിറ്റില്‍ മാഴ്‌സെലോയിലൂടെ റയല്‍ ഒരു ഗോള്‍ മടക്കി.

പത്ത് മിനിറ്റിനുള്ളില്‍ സൊസൈദാദ് നാലാം ഗോള്‍ നേടി. മൈക്കല്‍ മെറീനോ ആയിരുന്നു സ്‌കോറര്‍. ഇതോടെ സൊസൈദാദ് 4-1ന് മുന്നിലെത്തി. പിന്നീട് 81ാം മിനിറ്റിലും 93ാം മിനിറ്റിലും റയല്‍ ഗോള്‍ കണ്ടെത്തി. റോഡ്രിഗോയും നാച്ചോയുമായിരുന്നു ഗോള്‍ നേടിയത്.

ഒക്ടോബറില്‍ മയ്യോര്‍ക്കയോട് തോറ്റശേഷം ആദ്യമായാണ് റയല്‍ സ്‌പെയ്‌നില്‍ പരാജയപ്പെടുന്നത്. ഇതോടെ തുടര്‍ച്ചയായ ആറാം വര്‍ഷം കോപ്പ ഡെല്‍ റേ കിരീടം നേടാമെന്ന റയലിന്റെ മോഹത്തിന് തിരിച്ചടിയേറ്റു. പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് റയലും ബാഴ്‌സയുമില്ലാത്ത കോപ്പ ഡെല്‍ റേ സെമി ഫൈനലിന് കളമൊരുങ്ങുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com