‘ഹൈലാൻഡർ ബ്രിഗേഡ്’ ആർക്ക് കയ്യടിക്കും ; വിജയവഴിയിൽ തിരിച്ചെത്താൻ ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റും നേർക്കുനേർ

‘ഹൈലാൻഡർ ബ്രിഗേഡ്’ ആർക്ക് കയ്യടിക്കും ; വിജയവഴിയിൽ തിരിച്ചെത്താൻ ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റും നേർക്കുനേർ

കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്സിയോട് 6-3ന് തകര്‍ന്നുപോയതിന്റെ ആശങ്കയിലാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ആശ്വാസ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. പരിശീലകന്‍ എല്‍കോ ഷറ്റോരിയുടെ മുന്‍ക്ലബ്ബായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളി.  ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ രാത്രി 7.30-നാണ് മൽസരം.

കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്സിയോട് 6-3ന് തകര്‍ന്നുപോയതിന്റെ ആശങ്കയിലാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്. സസ്‌പെന്‍ഷന്‍ കഴിഞ്ഞ വിദേശതാരം വ്ളാറ്റ്കോ ഡ്രോബറോബ് കളിക്കാനിറങ്ങുന്നത് ടീമിന് ഗുണം ചെയ്തേക്കും.  പഴയ, ‘പ്രിയപ്പെട്ട’ ഗ്രൗണ്ടിൽ ബർത്തലോമിയോ ഓഗ്ബെച്ചെ കേരള ബ്ലാസ്റ്റേഴ്സിനായി ഇറങ്ങുമ്പോൾ ‘ഹൈലാൻഡർ ബ്രിഗേഡ്’ ആർക്കു കയ്യടിക്കുമെന്നതും കൗതുകമുണർത്തുന്നുണ്ട്.

കഴിഞ്ഞ കളിയില്‍ ഹാട്രിക് നേടിയ നായകന്‍ ബര്‍ത്തലോമ്യു ഒഗ്ബെച്ചയും മെസ്സി ബൗളിയും അടങ്ങിയ മുന്നേറ്റനിരയിലും പ്രതിരോധത്തിൽ  ജിയാനി സുയ്വെര്‍ലൂണും അടങ്ങിയ വിദേശ താരങ്ങളിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ. സസ്പെൻഷനെത്തുടർന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽകോ ഷാറ്റോരി ഇന്നു കളത്തിലുണ്ടാവില്ല. സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദിനാണ് ഗ്രൗണ്ടിലെ ചുമതല.

അവസാന മൂന്നു കളികളിൽ കേരള ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. മറുവശത്ത് മികച്ച തുടക്കത്തിനുശേഷം തകര്‍ന്ന ടീമാണ് നോര്‍ത്ത് ഈസ്റ്റിന്റേത്.  നവംബറിനു ശേഷം ഒരു കളി പോലും നോർത്ത് ഈസ്റ്റ് വിജയിച്ചിട്ടില്ല. അവസാനം കളിച്ച അഞ്ചുകളിയിൽ നാലിലും തോറ്റു. പരിക്കുമൂലം ഘാന സൂപ്പര്‍ താരം അസമാവോ ഗ്യാന്‍ ടീം വിട്ടതും തിരിച്ചടിയായി. നിലവിൽ പോയിന്റ് പട്ടികയിൽ  ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തും നോര്‍ത്ത് ഈസ്റ്റ് ഒന്‍പതാമതുമാണ്.

15 കളികളിൽ 14 പോയിന്റുമായിട്ടാണ് ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്ത് നിൽക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചു. അതേസമയം 13 കളികളിൽ നിന്നു 11 പോയിന്റുമായിട്ടാണ് നോർത്ത് ഈസ്റ്റ് ഒമ്പതാമതുള്ളത്. പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സിന് പിന്നിലാണെങ്കിലും,  നോർത്ത് ഈസ്റ്റിനു പ്ലേ ഓഫിനു ചില വിദൂര സാധ്യതകളുണ്ട്. ആദ്യ നാലിൽ ഇടം നേടാൻ അവർക്ക് പക്ഷേ ഇനിയുള്ള 5 മത്സരവും ജയിക്കണം. അതിനാൽ ജീവൻമരണ പോരാട്ടത്തിനാകും നോർത്ത് ഈസ്റ്റ് ഇറങ്ങുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com