കോഹ് ലി അടക്കം മൂന്ന് വിക്കറ്റുകൾ നഷ്ടം ; ഇന്ത്യയ്ക്ക് ബാറ്റിം​ഗ് തകർച്ച

ഓപ്പണിങ് ജോഡി ഇത്തവണയും പരാജയമായി. എട്ടു റണ്‍സില്‍ ഓപ്പണിങ് കൂട്ടുകെട്ട് പൊളിഞ്ഞു
കോഹ് ലി അടക്കം മൂന്ന് വിക്കറ്റുകൾ നഷ്ടം ; ഇന്ത്യയ്ക്ക് ബാറ്റിം​ഗ് തകർച്ച

മൗണ്ട് മാന്‍ഗനൂയി : ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം. 62 റൺസെടുക്കുന്നതിനിടെ ഇന്ത്യയുടെ മൂന്ന് മുനിര വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർമാരായ പ്രിഥ്വി ഷാ, മായങ്ക് അ​ഗർവാൾ, നായകൻ വിരാട് കോഹ് ലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും പരാജമായ ഓപ്പണിങ് ജോഡി ഇത്തവണയും പരാജയമായി. എട്ടു റണ്‍സില്‍ ഓപ്പണിങ് കൂട്ടുകെട്ട് പൊളിഞ്ഞു. മൂന്നു പന്തില്‍ ഒരു റണ്ണെടുത്ത മായങ്കാണ് ആദ്യം പുറത്തായത്. കെയ്ൽ ജാമിസണാണ് വിക്കറ്റ്. ഇന്ത്യൻ സ്കോർ 32 ലെത്തി നിൽക്കെ 12 പന്തില്‍ ഒമ്പത് റണ്‍സെടുത്ത വിരാട് കോലിയെ ബെന്നെറ്റ്, ജാമിസണിന്റെ കൈയിലെത്തിച്ചു.

42 പന്തിൽ 40 റൺസുമായി മികച്ച ഫോമിൽ ബാറ്റുചെയ്യുകയായിരുന്ന പ്രിഥ്വി ഷാ റണ്ണൗട്ടാകുകയായിരുന്നു. ​ഗ്രാന്റ്ഹോമാണ് പ്രിഥ്വിയെ പുറത്താക്കിയത്. മൂന്ന് ബൗണ്ടറിയും രണ്ട് സിക്സറും പ്രിഥ്വിയുടെ ഇന്നിം​ഗ്സിൽ ഉൾപ്പെടുന്നു. മൂന്നാം ഏകദിനത്തിൽ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. കേദാര്‍ ജാദവിന് പകരം ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി.

ന്യൂസിലന്‍ഡ് നിരയില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നായകന്‍ കെയ്ന്‍ വില്യംസണ്‍ ടീമില്‍ തിരിച്ചെത്തി. മാര്‍ക് ചാപ്മാന് പകരം മിച്ചല്‍ സാന്റ്‌നറും അന്തിമ ഇലവനില്‍ തിരിച്ചെത്തി. വില്യംസണ് പരിക്കേറ്റതിനാല്‍ ടോം ലാഥമാണ് ആദ്യ രണ്ട് ഏകദിനങ്ങളും നയിച്ചത്.

ആദ്യ രണ്ട് ഏകദിനമല്‍സരങ്ങളും ജയിച്ച ന്യൂസിലന്‍ഡ് പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്നത്തെ മല്‍സരവും വിജയിച്ച് ട്വന്റി-20 പരമ്പരയിലെ തോല്‍വിക്ക് സമ്പൂര്‍ണ്ണ വിജയത്തോടെ ശക്തമായ മറുപടി നല്‍കാമെന്നാണ് കിവികളുടെ പ്രതീക്ഷ. അതേസമയം ആശ്വാസ വിജയത്തോടെ തോല്‍വിയുടെ മാനക്കേട് കുറയ്ക്കാനാണ് ഇന്ത്യന്‍ ടീം ശ്രമിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com