കോഹ് ലിയേക്കാള്‍ വേഗം, രാഹുല്‍ ദ്രാവിഡിനൊപ്പം; റെക്കോര്‍ഡുകള്‍ പലത് പിന്നിട്ട് കെ എല്‍ രാഹുല്‍

കുറഞ്ഞ ഇന്നിങ്‌സില്‍ നിന്ന് നാല് സെഞ്ചുറി കണ്ടെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി കെ എല്‍ രാഹുല്‍
കോഹ് ലിയേക്കാള്‍ വേഗം, രാഹുല്‍ ദ്രാവിഡിനൊപ്പം; റെക്കോര്‍ഡുകള്‍ പലത് പിന്നിട്ട് കെ എല്‍ രാഹുല്‍

ബേ ഓവല്‍: കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് രാഹുലിന്റെ കളി. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സ് എന്ന നിലയില്‍ നിന്ന് ഇന്ത്യയെ മുന്നൂറിന് അടുത്തേക്ക് എത്തിച്ചത് രാഹുലിന്റെ സെഞ്ചുറിയാണ്. ഇന്ത്യയെ കരകയറ്റി സെഞ്ചുറി നേടി റെക്കോര്‍ഡുകളില്‍ പലതും തന്റെ പേരിലാക്കിയാണ് രാഹുല്‍ ഏകദിന പരമ്പര അവസാനിപ്പിക്കുന്നത്. 

കോഹ് ലി, രാഹുല്‍ ദ്രാവിഡ്, സുരേഷ് റെയ്‌ന എന്നിവരെയെല്ലാമാണ് രാഹുല്‍ പിന്നിലേക്ക് മാറ്റിയത്. കുറഞ്ഞ ഇന്നിങ്‌സില്‍ നിന്ന് നാല് സെഞ്ചുറി കണ്ടെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി കെ എല്‍ രാഹുല്‍. 31 ഇന്നിങ്‌സുകളാണ് നാല് സെഞ്ചുറികള്‍ കണ്ടെത്താന്‍ രാഹുലിന് വേണ്ടിവന്നത്. 

24 ഇന്നിങ്‌സുകളില്‍ നിന്ന് നാല് സെഞ്ചുറി നേടിയ ധവാനാണ് ഒന്നാമത്. 36 ഇന്നിങ്‌സ് ആണ് കോഹ് ലിക്ക് ഏകദിനത്തില്‍ നാല് സെഞ്ചുറി നേടാന്‍ വേണ്ടിവന്നത്. രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് ആണ് കെ എല്‍ രാഹുല്‍ മറികടന്നതില്‍ മറ്റൊന്ന്. 

രാഹുല്‍ ദ്രാവിഡിന് ശേഷം ഏഷ്യക്ക് പുറത്ത് ഏകദിന സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍. 1999ല്‍ ശ്രീലങ്കക്കെതിരെ ദ്രാവിഡ് നേടിയ 145 റണ്‍സാണ് ഇത്. അന്ന് ഗാംഗുലിക്കൊപ്പം നിന്ന് 318 റണ്‍സിന്റെ കൂട്ടുകെട്ടാണ് ദ്രാവിഡ് തീര്‍ത്തത്. 

അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്ത് ന്യൂസിലാന്‍ഡില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവുമായി രാഹുല്‍. 2015ല്‍ ന്യൂസിലാന്‍ഡില്‍ വെച്ച് സിംബാബ്വെക്കെതിരെ സെഞ്ചുറി നേടിയ സുരേഷ് റെയ്‌നയാണ് ഈ നേട്ടത്തിലേക്ക് ആദ്യമെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com