ടീം ടോട്ടൽ വെറും 35 റൺസ്; ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ നാണംകെട്ട റെക്കോർഡ് വീണ്ടും

മുന്‍പ് സിംബാബ്‌വെയും ഇതേ സ്‌കോറില്‍ പുറത്തായിട്ടുണ്ട്. 2004ൽ ശ്രീലങ്കക്കെതിരെയാണ് സിംബാബ്‌വെ 35 റണ്‍സില്‍ പുറത്തായത്
ടീം ടോട്ടൽ വെറും 35 റൺസ്; ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ നാണംകെട്ട റെക്കോർഡ് വീണ്ടും

കാഠ്മണ്ഡു: ഏകദിന ക്രിക്കറ്റില്‍ നാണക്കേടിന്‍റെ റെക്കോര്‍ഡുമായി യുഎസ്എ ക്രിക്കറ്റ് ടീം. ഐസിസി ക്രിക്കറ്റ് ലോകകപ്പ് ലീഗ് രണ്ടിൽ നേപ്പാളിനെതിരായ പോരാട്ടത്തിലാണ് അമേരിക്കൻ ടീം നാണംകെട്ട തോൽവി ഏറ്റുവാങ്ങിയത്. നേപ്പാളിനെതിരായ പോരാട്ടത്തിൽ അമേരിക്ക വെറും 35 റണ്‍സില്‍ പുറത്തായി. ഏകദിന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലെന്ന റെക്കോർഡിനൊപ്പമാണ് യുഎസ്എ ടീമും എത്തിയത്. മുന്‍പ് സിംബാബ്‌വെയും ഇതേ സ്‌കോറില്‍ പുറത്തായിട്ടുണ്ട്. 2004ൽ ശ്രീലങ്കക്കെതിരെയാണ് സിംബാബ്‌വെ 35 റണ്‍സില്‍ പുറത്തായത്.

നേപ്പാളിന്‍റെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്‌പിന്നര്‍ സന്ദീപ് ലമിച്ചാനെയുടെ റെക്കോര്‍ഡ് ബൗളിങാണ് യുഎസ്എയെ നാണംകെടുത്തിയത്. ആറ് ഓവര്‍ എറിഞ്ഞ ലമിച്ചാനെ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് വീഴ്ത്തിയത് ആറ് വിക്കറ്റുകൾ. ഏകദിനത്തില്‍ ഒരു നേപ്പാള്‍ താരത്തിന്‍റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. മൂന്ന് ഓവര്‍ എറിഞ്ഞ ഇടംകൈയന്‍ സ്‌പിന്നര്‍ സുഷാന്‍ ഭാരി മൂന്ന് ഓവറില്‍ അഞ്ച് റണ്‍സിന് നാല് വിക്കറ്റ് നേടി പിന്തുണച്ചതോടെ അമേരിക്ക വെറും 12 ഓവറിൽ 35 റൺസിന് കൂടാരം കയറി.

16 റണ്‍സെടുത്ത സേവ്യര്‍ മാര്‍ഷല്‍ മാത്രമാണ് അമേരിക്കന്‍ ബാറ്റ്സ്‌മാന്‍മാരില്‍ രണ്ടക്കം കണ്ടത്. നാല് താരങ്ങള്‍ പൂജ്യത്തില്‍ മടങ്ങി. മറുപടി ബാറ്റിങിൽ നേപ്പാള്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് പിടിച്ചത്. 5.2 ഓവറിലാണ് നേപ്പാള്‍ ലക്ഷ്യത്തിലെത്തിയത്. നേപ്പാളിനായി പരസ് ഖഡ്ക 20 റൺസും ദീപേന്ദ്ര സിങ് 15 റൺസും നേടി. യുഎസ്എക്കായി നൊസ്‌തുഷാണ് രണ്ട് വിക്കറ്റും നേടിയത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com