വീണ്ടുമൊരു സച്ചിന്‍- ലാറ പോരാട്ടം; കാണാം ഇതിഹാസങ്ങളുടെ ബാറ്റിങ് വിരുന്ന്; ഒപ്പം സെവാഗും യുവരാജും

ലോക ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയരായ ഇതിഹാസങ്ങളാണ് ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറും വെസ്റ്റിന്‍ഡീസിന്റെ ബ്രയാന്‍ ലാറയും
വീണ്ടുമൊരു സച്ചിന്‍- ലാറ പോരാട്ടം; കാണാം ഇതിഹാസങ്ങളുടെ ബാറ്റിങ് വിരുന്ന്; ഒപ്പം സെവാഗും യുവരാജും

മുംബൈ: ലോക ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയരായ ഇതിഹാസങ്ങളാണ് ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറും വെസ്റ്റിന്‍ഡീസിന്റെ ബ്രയാന്‍ ലാറയും. ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകര്‍ക്ക് അതൊരു ബാറ്റിങ് വിരുന്നായി മാറിയ ഒരു കാലമുണ്ടായിരുന്നു. സച്ചിന്‍ വലം കൈയുടേയും ലാറ ഇടം കൈയുടേയും വൈവിധ്യങ്ങളായിരുന്നു ആരാധകര്‍ക്ക് സമ്മാനിച്ചത്. 

ഇപ്പോഴിതാ ഇരുവരും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടത്തിന് വീണ്ടും അരങ്ങൊരുങ്ങി. ഒരു കാലത്ത് ലോക ക്രിക്കറ്റ് അടക്കി വാണ ഇതിഹാസ താരങ്ങളെല്ലാം ഇറങ്ങുന്ന ടൂര്‍ണമെന്റിലാണ് ലാറ- സച്ചിന്‍ പോരാട്ടം. 

അണ്‍അക്കാദമി റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണത്തിനായി സംഘടിപ്പിച്ച ലോക സീരീസ് ടി20 പോരാട്ടത്തിലാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. മാര്‍ച്ച് ഏഴിന് ആദ്യ മത്സരം നടക്കും. ഇന്ത്യ, വെസ്റ്റിന്‍ഡീസ്, ഓസ്‌ട്രേലിയ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകളിലെ മുന്‍ താരങ്ങളാണ് മത്സരിക്കാനിറങ്ങുന്നത്. വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ലജന്റ്‌സ് ഇന്ത്യ ലജന്റ്‌സുമായി ഏറ്റുമുട്ടും.   

ലോക സീരീസ് പോരാട്ടത്തില്‍ 11 മത്സരങ്ങളാണ് ഉള്ളത്. വാംഖഡെയില്‍ രണ്ട് മത്സരങ്ങളും പൂനെ എംസിഎ സ്റ്റേഡിയത്തിലും നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലും നാല് വീതം മത്സരങ്ങളും അരങ്ങേറും. ബാര്‍ബോണ്‍ സ്‌റ്റേഡിയത്തില്‍ മാര്‍ച്ച് 22നാണ് ഫൈനല്‍.  

സച്ചിന് പുറമെ ഇന്ത്യ ലജന്റ്‌സിനായി സെവാഗ്, യുവരാജ് സിങ്, സഹീര്‍ ഖാന്‍ തുടങ്ങിയവരെല്ലാം അണിനിരക്കും. വെസ്റ്റിന്‍ഡീസ് ലജന്റ്‌സ് ടീമില്‍ ലാറയ്‌ക്കൊപ്പം ശിവ്‌നാരായണ്‍ ചന്ദര്‍പോളും കളിക്കും. ബ്രെറ്റ് ലീ, ബ്രാഡ് ഹോഡ്ജ്, ജോണ്ടി റോഡ്‌സ്, മുത്തയ്യ മുരളീധരന്‍, തിലകരത്‌നെ ദില്‍ഷന്‍, അജാന്ത മെന്‍ഡിസ് തുടങ്ങിയവരെല്ലാം കളിക്കും. 

ഇന്ത്യ ലജന്റ്‌സ് മാര്‍ച്ച് 10ന് ശ്രീലങ്ക ലജന്റ്‌സുമായി ഏറ്റുമുട്ടും. 14ന് ദക്ഷിണാഫ്രിക്ക ലജന്റ്‌സുമായുും 20ന് ഓസ്‌ട്രേലിയ ലജന്റ്‌സുമായുമാണ് ഇന്ത്യയുടെ മത്സരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com