ഓപ്പണ്‍ ചെയ്യേണ്ടത് പൃഥ്വി ഷായോ ഗില്ലോ? ചര്‍ച്ച കൊഴുക്കവെ ഇരുവരും പൂജ്യത്തിന് പുറത്ത് 

ഗില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഡക്കായപ്പോള്‍, പൃഥ്വി ഷാ നാല് പന്ത് നേരിട്ട് പൂജ്യത്തിന് മടങ്ങി
ഓപ്പണ്‍ ചെയ്യേണ്ടത് പൃഥ്വി ഷായോ ഗില്ലോ? ചര്‍ച്ച കൊഴുക്കവെ ഇരുവരും പൂജ്യത്തിന് പുറത്ത് 

ഹാമില്‍ട്ടണ്‍: ഓപ്പണിങ്ങില്‍ പൃഥ്വി ഷായോ, ശുഭ്മാന്‍ ഗില്ലോ? ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇവരില്‍ ആര്‍ക്ക് അവസരം നല്‍കും എന്നതിനെ ചൊല്ലി വലിയ ചര്‍ച്ചയും ഉയര്‍ന്നു. എന്നാല്‍ ടെസ്റ്റിന് മുന്‍പുള്ള സന്നാഹ മത്സരത്തില്‍ തന്നെ ഇരുവരും നിരാശ നല്‍കി. 

ഇന്ത്യയുടെ ഭാവിയെന്ന് വിലയിരുത്തപ്പെടുന്ന രണ്ട് താരങ്ങളും സന്നാഹ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായി. ഗില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഡക്കായപ്പോള്‍, പൃഥ്വി ഷാ നാല് പന്ത് നേരിട്ട് പൂജ്യത്തിന് മടങ്ങി. മായങ്ക് അഗര്‍വാള്‍ പുറത്തായത് ഒരു റണ്ണെടുത്ത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 5 റണ്‍സ് എന്ന നിലയിലേക്കാണ് ഇന്ത്യ വീണത്.

നാല് വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സിലേക്ക് വീണ ഇന്ത്യയെ 93 റണ്‍സ് എടുത്ത് പൂജാരയും, 101 റണ്‍സ് എടുത്ത് വിഹാരിയുമാണ് കരകയറ്റിയത്. 263 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായി. 

രോഹിത്തിന് പരിക്കേറ്റതോടെ മായങ്ക് അഗര്‍വാളിനൊപ്പം ഓപ്പണിങ്ങില്‍ ആരെത്തും എന്നത് ആകാംക്ഷ നിറക്കുന്ന ചോദ്യമാണ്. ന്യൂസിലാന്‍ഡ് എക്കെതിരെ ഇരട്ട സെഞ്ചുറി നേടി ഫോം വ്യക്തമാക്കുകയാണ് ഗില്‍. പൃഥ്വി ഷാക്ക് നല്‍കിയ അവസരങ്ങളുടെ അത്ര ഗില്ലിന് നല്‍കിയിട്ടില്ല എന്നത് ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടു വന്നിരുന്നു. 

സന്നാഹ മത്സരത്തില്‍ മികവ് കാണിക്കുന്ന ഇവരില്‍ ഒരാള്‍ക്ക് 21ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ സ്ഥാനം ഉറപ്പിക്കാം എന്നിരിക്കെയാണ് ഇരുവരും നിരാശാജനകമായ പ്രകടനം പുറത്തെടുത്തത്. ന്യൂസിലാന്‍ഡില്‍ ഇന്ത്യ എക്ക് വേണ്ടി 83, 204, 136 എന്നീ സ്‌കോറുകള്‍ കണ്ടെത്തി പൃഥ്വി ഷാക്ക് പകരം പ്ലേയിങ് ഇലവനിലേക്കെത്താനുള്ള സാധ്യത ഗില്‍ വര്‍ധിപ്പിക്കുന്നു. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കളിച്ച ടെസ്റ്റുകളിലെല്ലാം ജയം പിടിച്ചാണ് ഇന്ത്യയുടെ നില്‍പ്പ്. സന്നാഹ മത്സരത്തിലെ ബാറ്റിങ് തകര്‍ച്ച ഇന്ത്യക്ക് ആശങ്ക തരുന്നുണ്ട്. രോഹിത്തിന്റെ പരിക്കിനൊപ്പം മായങ്ക് അഗര്‍വാളിന്റെ ഫോമില്ലായ്മ ഇന്ത്യക്ക് വലിയ തലവേദനയാണ്. ഏകദിന പരമ്പര 3-0ന് കൈവിട്ടതിന്റെ തുടര്‍ച്ച ടെസ്റ്റിലുമുണ്ടായാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തിരിച്ചടി നേരിടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com