രണ്ട് സീസണുകള്‍ നഷ്ടം; ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയെ വിലക്കി യുവേഫ

സാമ്പത്തിക നിയന്ത്രണങ്ങള്‍ സംബന്ധിച്ച യുവേഫയുടെ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് നടപടി
രണ്ട് സീസണുകള്‍ നഷ്ടം; ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയെ വിലക്കി യുവേഫ


മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗില്‍ ഉപരോധമേര്‍പ്പെടുത്തി യുവേഫ. സാമ്പത്തിക നിയന്ത്രണങ്ങള്‍ സംബന്ധിച്ച യുവേഫയുടെ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് നടപടി. അടുത്ത രണ്ട് ചാമ്പ്യന്‍സ് ലീഗ് സീസണുകള്‍ ഇതോടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് നഷ്ടമാവും. 

ഇരുന്നൂറ് കോടി രൂപക്കടുത്ത് തുക മാഞ്ചസ്റ്റര്‍ സിറ്റിക്ക് പിഴ വിധിച്ചിട്ടുമുണ്ട്. സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നുള്ള വരുമാനത്തിലെ ക്രമക്കേടുകളാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിനയായത്. ചാമ്പ്യന്‍സ് ലീഗിന് പുറമേ മറ്റ് ഒരു യൂറോപ്യന്‍ ടൂര്‍ണമെന്റിലും ഗാര്‍ഡിയോളക്കും സംഘത്തിനും ഇറങ്ങാനാവില്ല. 

യുവേഫയുടെ വിലക്കിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റി അപ്പീല്‍ നല്‍കും. ഏകപക്ഷീയമായ തീരുമാനമെടുത്ത യുവേഫക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി വ്യക്തമാക്കി. എന്നാല്‍ ഇതിന് മുന്‍പ് ഫിനാന്‍ഷ്യല്‍ ക്രമക്കേടുകളുടെ പേരില്‍ കായിക കോടതിയെ സമീപിച്ച മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരായാണ് വിധി വന്നത്. 

2014 മെയിലും മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ യുവേഫ നടപടി എടുത്തിരുന്നു. 60 മില്യണ്‍ യൂറോയാണ് അന്ന് പിഴയിട്ടത്. മാത്രമല്ല, അവരുടെ ചാമ്പ്യന്‍സ് ലീഗ് സ്‌ക്വാഡിലെ എണ്ണം വെട്ടുകയും ചെയ്തിരുന്നു. 2012 മുതല്‍ 2016 വരെയുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച വിവരങ്ങള്‍ ജര്‍മന്‍ മാധ്യമമായ ദെര്‍ സ്പീഗല്‍ ആണ് കഴിഞ്ഞ വര്‍ഷം പുറത്തു വിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com