ക്രിക്കറ്റല്ല, ബൗണ്ടറി ലൈനിലിരുന്ന് ഞങ്ങള്‍ ജീവിതം സംസാരിച്ചു, അതുകൊണ്ട് തന്നെയാണ് ഒന്നാം സ്ഥാനം അവരുമായി മാത്രം പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നത്; ഹൃദയം തൊട്ട് കോഹ്‌ലി
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th February 2020 12:39 PM |
Last Updated: 20th February 2020 12:39 PM | A+A A- |
വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീമിനോടുള്ള ഇഷ്ടം വീണ്ടും വാക്കുകളില്‍ നിറച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം പങ്കിടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ന്യൂസിലാന്‍ഡുമായി മാത്രമായിരിക്കും എന്നാണ് കോഹ്‌ലി പറയുന്നത്.
എല്ലാ ടീമും നമ്മളെ തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് കഴിഞ്ഞ നാല് വര്‍ഷമായി തുടരുന്ന നമ്മുടെ ആധിപത്യം തകര്‍ക്കാന്‍. ന്യൂസിലാന്‍ഡും നമ്മളെ തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തന്നെയാണ്. എന്നാല്‍ അവരുടെ മനസില്‍ ഒരു തരത്തിലുള്ള ദേഷ്യവും ഇല്ലെന്നതാണ് പ്രത്യേകത, കോഹ് ലി പറഞ്ഞു.
Ahead of the Test series against New Zealand, #TeamIndia visits the Indian High Commission in Wellington.
— BCCI (@BCCI) February 19, 2020
Talking about mutual admiration and respect between the two countries, listen to what @imVkohli has to say. @IndiainNZ pic.twitter.com/H3i7i0z9AW
ന്യൂസിലാന്‍ഡുകാര്‍ അങ്ങനെയായത് കൊണ്ടാണ് ബൗണ്ടറി ലൈനില്‍ കെയ്ന്‍ വില്യംസണുമൊത്ത് എനിക്ക് ഇരിക്കാനാവുന്നത്. അതുകൊണ്ടാണ് കളിക്കിടയില്‍ ബൗണ്ടറി ലൈനിലിരുന്ന് ജീവിതത്തെ കുറിച്ച് എനിക്ക് വില്യംസണുമായി സംസാരിക്കാനാവുന്നത്...കോഹ് ലി പറഞ്ഞു. ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ ആസ്ഥാനത്ത് ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കിയപ്പോഴായിരുന്നു കോഹ്‌ലിയുടെ വാക്കുകള്‍.
ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന കളിയില്‍ കോഹ് ലിയും വില്യംസണും ബൗണ്ടറി ലൈനിനുള്ളിലിരുന്ന് സംസാരിക്കുന്നത് വൈറലായിരുന്നു. പരിക്കിനെ തുടര്‍ന്ന് വില്യംസണിന് കളി നഷ്ടമായപ്പോള്‍ പുതിയ കളിക്കാര്‍ക്ക് അവസരം നല്‍കാന്‍ കോഹ്‌ലി മാറി നിന്നു.