ഹാട്രിക്കടക്കം അഞ്ച് വിക്കറ്റുമായി ആ​ഗർ; ആ സ്‌കോര്‍ പ്രതിരോധിക്കാന്‍ പോലും കഴിയാതെ നാണംകെട്ട് ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടി20 ക്രിക്കറ്റ് പോരാട്ടത്തിൽ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം
ഹാട്രിക്കടക്കം അഞ്ച് വിക്കറ്റുമായി ആ​ഗർ; ആ സ്‌കോര്‍ പ്രതിരോധിക്കാന്‍ പോലും കഴിയാതെ നാണംകെട്ട് ദക്ഷിണാഫ്രിക്ക

ജൊഹാനസ്ബർ​ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടി20 ക്രിക്കറ്റ് പോരാട്ടത്തിൽ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം. ആതിഥേയരെ നാണംകെടുത്തിയാണ് ഓസീസ് വിജയം പിടിച്ചത്. ഇടം കൈയൻ സ്പിന്നർ ആഷ്ടൻ ആഗർ ഹാട്രിക്കുമായി മിന്നിത്തിളങ്ങി. 107 റൺസിനാണ് ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണെടുത്തത്. 

ദക്ഷിണാഫ്രിക്കയുടെ മറുപടി 14.3 ഓവറിൽ വെറും 89 റൺസിന് അവസാനിച്ചു. ടി20 ചരിത്രത്തിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ചെറിയ സ്കോറാണിത്. റൺ അടിസ്ഥാനത്തിൽ ഏറ്റവും വലിയ തോൽവിയും. ആഷ്ടൻ ആഗർ ഹാട്രിക് സഹിതം അഞ്ച് വിക്കറ്റുകൾ വീഴ്ത്തി.

ഇതോടെ മൂന്ന് മത്സരങ്ങടങ്ങിയ പരമ്പരയിൽ ഓസീസ് 1–0ന് മുന്നിലെത്തി. നാല് ഓവറിൽ വെറും 24 റൺസ് മാത്രം വഴങ്ങിയാണ് ആഗർ അഞ്ചു വിക്കറ്റെടുത്തത്. ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിലെ എട്ടാം ഓവറിന്റെ നാലാം പന്തിൽ മുൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിനെ പുറത്താക്കി ഹാട്രിക് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ട ആഗർ, അഞ്ചാം പന്തിൽ ആൻഡിൽ പെഹ്‌ലുക്‌വായോയെയും ആറാം പന്തിൽ ഡെയ്‍ൽ സ്റ്റെയ്നെയും ഗോൾ‍ഡൻ ഡക്കാക്കി. 

ടി20യിലെ ബ്രെറ്റ് ലീക്കു ശേഷം ഒരു ഓസീസ് താരത്തിന്റെ ആദ്യ ഹാട്രിക് കൂടിയാണിത്. നേരത്തെ, ബാറ്റു കൊണ്ടും തകർത്തടിച്ച ആഗർ ഒൻപതു പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 20 റൺസുമായി പുറത്താകാതെ നിന്നു.

പന്തു ചുരണ്ടൽ വിവാദത്തിനു ശേഷം ആദ്യമായി ദക്ഷിണാഫ്രിക്കൻ മണ്ണിൽ കളിക്കാനിറങ്ങിയ സ്റ്റീവ് സ്മിത്തിന്റെ നേതൃത്വത്തിലാണ് ഓസീസ് താരങ്ങൾ ആദ്യം ബാറ്റ് ചെയ്ത് കൂറ്റൻ സ്കോർ സ്വന്തമാക്കിയത്. 32 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 45 റൺസെടുത്ത സ്മിത്താണ് ഓസീസിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (27 പന്തിൽ 42), മാത്യു വെയ്ഡ് (11 പന്തിൽ 18), മിച്ചൽ മാർഷ് (14 പന്തിൽ 19), അലക്സ് കാരി (22 പന്തിൽ 27) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കണ്ടത് മൂന്നു പേർ മാത്രം. മുൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിസ് (22 പന്തിൽ 24), അരങ്ങേറ്റ മത്സരം കളിച്ച പീറ്റ് വാൻ ബിൽജോൻ (15 പന്തിൽ 16), കഗീസോ റബാഡ (19 പന്തിൽ 22) എന്നിവരാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കണ്ടത്. ക്യാപ്റ്റൻ ഡികോക്ക് (രണ്ട്), വാൻഡർ ദസ്സൻ (ആറ്), ജെജെ സ്മുട്സ് (ഏഴ്), ഡേവിഡ് മില്ലർ (രണ്ട്), പെഹ്‍ലൂക്‌വായോ (0), സ്റ്റെയ്ൻ (0), ലുങ്കി എൻഗിഡി (ഒന്ന്) എന്നിവർ നിരാശപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com