ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്നേറ്റങ്ങൾക്ക് പിന്നില്‍ എന്താണ്? ഉത്തരവുമായി ഷാഹിദ് അഫ്രീദി

ഇന്ത്യന്‍ ക്രിക്കറ്റ്  ടീമിന്റെ വിജയ മുന്നേറ്റത്തിന്റെ രഹസ്യം എന്താണെന്ന നിരീക്ഷണവുമായി എത്തിയിരിക്കുകയാണ് മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്നേറ്റങ്ങൾക്ക് പിന്നില്‍ എന്താണ്? ഉത്തരവുമായി ഷാഹിദ് അഫ്രീദി

കറാച്ചി: സമീപ കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് മുന്നേറുന്നത്. ടെസ്റ്റ്, ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ മികച്ച പ്രകടനം നടത്തുന്ന ടീമിന്റെ വിജയ മുന്നേറ്റത്തിന്റെ രഹസ്യം എന്താണെന്ന നിരീക്ഷണവുമായി എത്തിയിരിക്കുകയാണ് മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദി. 

കഴിഞ്ഞ കുറച്ച് കാലമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് (ഐപിഎല്‍) ചുറ്റുമാണ് കറങ്ങുന്നതെന്ന് അഫ്രീദി പറയുന്നു. വളര്‍ന്നു വരുന്ന ഇന്ത്യയിലെ യുവ താരങ്ങള്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിലെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ ഐപിഎല്‍ വലിയ സഹായമായി മാറുകയാണെന്ന് അഫ്രീദി വ്യക്തമാക്കി. 

'ഐപിഎല്ലിന് ചുറ്റുമാണ് ഇന്ത്യന്‍ ക്രിക്കറ്റ് എന്നാണ് എനിക്ക് തോന്നുന്നത്. പുതിയ താരങ്ങള്‍ ഐപിഎല്ലില്‍ മികച്ച വിദേശ താരങ്ങള്‍ക്കൊപ്പം കളിക്കുകയും അവര്‍ക്കൊപ്പം ഡ്രസിങ് റൂമില്‍ ചെലവഴിക്കുകയും ചെയ്യുന്നത് അവരെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരാന്‍ പ്രാപ്തരാക്കുന്നു. ഒപ്പം സമ്മര്‍ദ്ദങ്ങളെ തുടക്കത്തില്‍ തന്നെ നേരിടാനും അവര്‍ ധൈര്യമായി മുന്‍പോട്ട് വരുന്നു. ഐപിഎല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ശരിക്കും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു'- അഫ്രീദി പറഞ്ഞു. 

2007ലെ ആദ്യ ഐപിഎല്ലില്‍ സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനായി കളത്തിലിറങ്ങിയ താരമാണ് അഫ്രീദി. പിന്നീടുള്ള സീസണുകളില്‍ പാക് താരങ്ങള്‍ക്ക് ഐപിഎല്ലില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com