പൂനം യാദവിന്റെ 'മാന്ത്രിക വിരലുകളില്‍' വീണു; ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം വിജയം

143 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് എടുക്കാനെ സാധിച്ചുളളൂ
പൂനം യാദവിന്റെ 'മാന്ത്രിക വിരലുകളില്‍' വീണു; ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം വിജയം

പെര്‍ത്ത്: വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ ബംഗ്ലാദേശിനെയും ഇന്ത്യ പരാജയപ്പെടുത്തി. 143 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് എടുക്കാനെ സാധിച്ചുളളൂ. ഇന്ത്യക്ക് 18 റണ്‍സ് ജയം.

ലെഗ് സ്പിന്നറായ പൂനം യാദവിന്റെയും മീഡിയം പേസര്‍ അരുന്ധതി റെഡ്ഡിയുടെയും മികച്ച ബൗളിങ്ങാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. പൂനം യാദവ് മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ രണ്ടുവിക്കറ്റുകളുമായി അരുന്ധതി പിന്തുണ നല്‍കി. ഓപ്പണറായ മുര്‍ഷിദയ്ക്കും നിഗാര്‍ സുല്‍ത്താനയ്ക്കും മാത്രമാണ് പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. യഥാക്രമം 30 ഉം 35 ഉം റണ്‍സാണ് ഇരുവരും നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് നേടിയത്. 39 റണ്‍സെടുത്ത പതിനാറുകാരി ഷഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍.

16 റണ്‍സ് സ്‌കോര്‍ ബോഡിലെത്തിയപ്പോഴേക്കും ഇന്ത്യക്ക് ടാനിയ ഭാട്ടിയയെ (2) നഷ്ടപ്പെട്ടു. പിന്നീട് ഷഫാലി വര്‍മയും ജെമീമ റോഡ്രഗിസും ഇന്നിങ്‌സ് മുന്നോട്ടു നയിച്ചു. ഇരുവരും 37 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 17 പന്തില്‍ രണ്ടു ഫോറും നാല് സിക്‌സും സഹിതം ഷഫാലി 39 റണ്‍സ് അടിച്ചു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എട്ടു റണ്‍സുമായി പുറത്തായി.

ജെമീമ 37 പന്തില്‍ 34 റണ്‍സെടുത്തു.  ദീപ്തി ശര്‍മ 11 റണ്‍സെടുത്ത് റണ്‍ഔട്ടായപ്പോള്‍ 14 റണ്‍സായിരുന്നു റിച്ചാ ഘോഷിന്റെ സംഭാവന. പനിയെത്തുടര്‍ന്ന് വിട്ടുനിന്ന സ്മൃതി മന്ദാനക്ക് പകരമായാണ് റിച്ച ടീമില്‍ ഇടം നേടിയത്.

11 പന്തില്‍ നാല് ഫോറിന്റെ സഹായത്തോടെ 20 റണ്‍സോടെ വേദ കൃഷ്ണമൂര്‍ത്തി പുറത്താകാതെ നിന്നു. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ഏഴു റണ്‍സോടെ ശിഖ പാണ്ഡെ ആയിരുന്നു വേദയ്‌ക്കൊപ്പം ക്രീസില്‍.  സല്‍മ ഖാതൂമും പന്ന ഘോഷും ബംഗ്ലാദേശിനായി രണ്ടു വിക്കറ്റ് വീഴ്ത്തി.

ഗ്രൂപ്പ് എയില്‍ ഇന്ത്യയുടെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ 17 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com