29 ഡെലിവറി, എതിര്‍ ടീമിന്റെ 10 വിക്കറ്റും വീഴ്ത്തി പെണ്‍കരുത്ത്; തകര്‍പ്പന്‍ കളിയുമായി ചണ്ഡീഗഢ് താരം 

അരുണാചലിനെതിരെ ബൗള്‍ ചെയ്യാന്‍ ഇറങ്ങുമ്പോള്‍ അടുത്ത 30 മിനിറ്റില്‍ ചരിത്രമെഴുതാന്‍ പോവുകയാണ് കശ്വിയെന്ന് ആരും കരുതിയില്ല
29 ഡെലിവറി, എതിര്‍ ടീമിന്റെ 10 വിക്കറ്റും വീഴ്ത്തി പെണ്‍കരുത്ത്; തകര്‍പ്പന്‍ കളിയുമായി ചണ്ഡീഗഢ് താരം 

കടപ്പ: എതിര്‍ ടീമിന്റെ പത്ത് വിക്കറ്റും വീഴ്ത്തി ചണ്ഡീഗഢ് വനിതാ അണ്ടര്‍ 19 ടീം നായിക കശ്വീ ഗൗതം. ചണ്ഡീഗഡ്-അരുണാചല്‍പ്രദേശ് താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ കളിയില്‍ 29 ഡെലിവറില്‍ മാത്രമാണ് എതിര്‍ നിരയിലെ പത്ത് വിക്കറ്റുകള്‍ പിഴുതെടുക്കാന്‍ കശ്വിക്ക് വേണ്ടിവന്നത്. 

ചണ്ഡീഗഡായിരുന്നു ആദ്യം ബാറ്റ് ചെയ്തത്. 69 പന്തില്‍ 49 റണ്‍സ് നേടി കശ്വി ടീമിന്റെ ടോപ് സ്‌കോററായി. 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് കശ്വിയുടെ ടീം നേടിയത്. അരുണാചലിനെതിരെ ബൗള്‍ ചെയ്യാന്‍ ഇറങ്ങുമ്പോള്‍ അടുത്ത 30 മിനിറ്റില്‍ ചരിത്രമെഴുതാന്‍ പോവുകയാണ് കശ്വിയെന്ന് ആരും കരുതിയില്ല. 

അരുണാചല്‍പ്രദേശിനെതിരെ കശ്വി ആകെ എറിഞ്ഞ 29 പന്തില്‍ ആറ് ഡെലിവറി ഡോട്ട് ബോളുകളായി. ബാക്കി വന്ന 23 ഡെലിവറികള്‍ മാത്രമാണ് 10 വിക്കറ്റ് വീഴ്ത്താന്‍ കശ്വിക്ക് വേണ്ടിവന്നത്. കശ്വിയുടെ ബൗളിങ് മികവില്‍ അരുണാചല്‍പ്രദേശ് 25 റണ്‍സിന് ഓള്‍ഔട്ടായി. 

ടൂര്‍ണമെന്റിലെ ആദ്യ കളിയല്‍ ബിഹാറിനെതിരെ 10 ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് കശ്വി വഴങ്ങിയത്. അവിടെ ഒരു വിക്കറ്റും വീഴ്ത്തി. തൊട്ടടുത്ത മത്സരത്തില്‍ കശ്മീരിനെതിരെ ഏഴ് വിക്കറ്റ് വീഴ്ത്തി. ഇതോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് കശ്വി വീഴ്ത്തിയത് 18 വിക്കറ്റുകളാണ്. 

ഡല്‍ഹിയില്‍ പാകിസ്ഥാനെതിരെ 10 വിക്കറ്റ് വീഴ്ത്തി അനില്‍ കുംബ്ലേയാണ് ഇന്ത്യക്ക് വേണ്ടി ചരിത്രം കുറിച്ചത്. ടെസ്റ്റ് മത്സരത്തിലെ ഇന്നിങ്‌സില്‍ 10 വിക്കറ്റ് നേട്ടം കൊയ്ത രണ്ട് കളിക്കാര്‍ മാത്രമാണുള്ളത്, കുംബ്ലേയും ജിം ലാകേറും. 2001ല്‍ ഒഡീഷ പേസര്‍ ദേബാശിഷ് മോഹന്റി ഈസ്റ്റ് സോണ്‍- സൗത്ത് സോണ്‍ മത്സരത്തില്‍ 10 വിക്കറ്റ് നേട്ടം കൊയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com