ഓരോ കളിയിലും പുതിയ ടീം, എന്ത് സെലക്ഷനാണ് ഇത്? ടെസ്റ്റ് തോല്‍വിക്ക് പിന്നാലെ കപില്‍ ദേവിന്റെ വിമര്‍ശനം 

ടീമിലെ ഒരു കളിക്കാരനും സ്ഥിരമല്ല. തങ്ങളുടെ പൊസിഷനില്‍ കളിക്കാര്‍ക്ക് സുരക്ഷിതത്വ ബോധം ഉണ്ടായില്ലെങ്കില്‍ അത് അവരുടെ ഫോമിനേയും ബാധിക്കും
ഓരോ കളിയിലും പുതിയ ടീം, എന്ത് സെലക്ഷനാണ് ഇത്? ടെസ്റ്റ് തോല്‍വിക്ക് പിന്നാലെ കപില്‍ ദേവിന്റെ വിമര്‍ശനം 

ന്യൂഡല്‍ഹി: പ്ലേയിങ് ഇലവനില്‍ തുടരെ വരുത്തുന്ന മാറ്റങ്ങള്‍ക്ക് എതിരെ ഇന്ത്യന്‍ ഇതിഹാസ താരം കപില്‍ ദേവ്. വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ഇന്ത്യ 10 വിക്കറ്റ് തോല്‍വി വഴങ്ങിയതില്‍ അസംതൃപ്തി വ്യക്തമാക്കിയാണ് കപില്‍ ദേവിന്റെ വിമര്‍ശനം. 

ന്യൂസിലാന്‍ഡിനെ പ്രശംസിക്കുക തന്നെ വേണം. കഴിഞ്ഞ മൂന്ന് ഏകദിനങ്ങളിലും ഇപ്പോള്‍ ടെസ്റ്റിലും ന്യൂസിലാന്‍ഡ് മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്. എങ്ങനെയാണ് ഒരാള്‍ക്ക് ടീമില്‍ ഇത്രയും മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്നത്? എല്ലാ മത്സരത്തിലും പുതിയ ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ടീമിലെ ഒരു കളിക്കാരനും സ്ഥിരമല്ല. തങ്ങളുടെ പൊസിഷനില്‍ കളിക്കാര്‍ക്ക് സുരക്ഷിതത്വ ബോധം ഉണ്ടായില്ലെങ്കില്‍ അത് അവരുടെ ഫോമിനേയും ബാധിക്കും, കപില്‍ ദേവ് ചൂണ്ടിക്കാട്ടി. 

വമ്പന്‍ പേരുകളുള്ള ബാറ്റിങ് ഓര്‍ഡര്‍. എന്നിട്ടും രണ്ട് ഇന്നിങ്‌സിലും 200 റണ്‍സ് പിന്നിടാന്‍ സാധിക്കുന്നില്ലെങ്കില്‍ സാഹചര്യങ്ങളെ കീഴടക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. തന്ത്രങ്ങളിലും പദ്ധതികളിലും കൂടുതല്‍ ശ്രദ്ധ കൊടുക്കണം, കപില്‍ ദേവ് പറഞ്ഞു. 

കെ എല്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിനേയും കപില്‍ ദേവ് വിമര്‍ശിച്ചു. ഞങ്ങള്‍ കളിച്ചിരുന്ന സമയത്തേതില്‍ നിന്ന് ഇപ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ടീം ഉണ്ടാക്കുമ്പോള്‍ കളിക്കാരില്‍ ആത്മവിശ്വാസം നിറക്കേണ്ടതുണ്ട്. ഒരുപാട് മാറ്റങ്ങള്‍ എപ്പോഴും കൊണ്ടുവരുന്നത് തിരിച്ചടിയാവും.

ഓരോ ഫോര്‍മാറ്റിലും സ്‌പെഷ്യലൈസ്ഡ് ആയ കളിക്കാരെന മാനേജ്‌മെന്റ് വിശ്വസിക്കുന്നു. രാഹുല്‍ മികച്ച ഫോമിലാണ്, പക്ഷേ പുറത്തിരിക്കുന്നു.  ഫോമില്‍ നില്‍ക്കുമ്പോള്‍ ഒരു കളിക്കാരന് കളിക്കാന്‍ സാധിക്കണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും ഇന്ത്യന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com