കുതിപ്പ് തടയാന്‍ വെസ്റ്റ് ഹാം ശ്രമം, തച്ചുതകര്‍ത്ത് ലിവര്‍പൂള്‍; തുടരെ 18ാം ജയമെന്ന റെക്കോര്‍ഡ്

കുതിപ്പ് തടയാന്‍ വെസ്റ്റ് ഹാം ശ്രമം, തച്ചുതകര്‍ത്ത് ലിവര്‍പൂള്‍; തുടരെ 18ാം ജയമെന്ന റെക്കോര്‍ഡ്

ഇനി 11 പ്രീമിയര്‍ ലീഗ് മത്സരങ്ങളാണ് ലിവര്‍പൂളിന് മുന്‍പിലുള്ളത്. അതില്‍ നാല് കളികളില്‍ ജയം പിടിച്ചാല്‍ 1990ന് ശേഷം ആദ്യമായി ഇംഗ്ലീഷ് കിരീടത്തില്‍ അവര്‍ക്ക് മുത്തമിടാം

ആന്‍ഫീല്‍ഡ്: 1-2ന് പിന്നില്‍ നിന്നതിന് ശേഷം 3-2ന് കളി പിടിച്ച് പ്രീമിയര്‍ ലീഗില്‍ വീണ്ടും കരുത്ത് കാണിച്ച് ലിവര്‍പൂള്‍. 54ാം മിനിറ്റില്‍ സമനില തെറ്റിച്ച് ലീഡെടുത്ത് ലിവര്‍പൂളിന്റെ കുതിപ്പിന് വെസ്റ്റ് ഹാം അവസാനം കുറിക്കുമെന്ന് തോന്നിച്ചെങ്കിലും 68ാം മിനിറ്റില്‍ സലയും 81ാം മിനിറ്റില്‍ മനേയും ആ ഭീഷണി ഒഴിവാക്കി. 

പ്രീമിയര്‍ ലീഗിലെ ലിവര്‍പൂളിന്റെ തുടര്‍ച്ചയായ 18ാം ജയമാണ് ഇത്. ഒക്ടോബര്‍ 20ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി സമനിലയില്‍ പിരിഞ്ഞ് പോയിന്റ് നഷ്ടപ്പെടുത്തിയതിന് ശേഷം ലിവര്‍പൂളിനെ തേടി അത്തരമൊരു റിസല്‍ട്ട് വന്നിട്ടില്ല. 

2017 ഓഗസ്റ്റിനും, ഡിസംബറിനും ഇടയില്‍ തുടരെ 18 പ്രീമിയര്‍ ലീഗ് ജയങ്ങള്‍ നേടിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ റെക്കോര്‍ഡിന് ഒപ്പമാണ് ലിവര്‍പൂള്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. ആന്‍ഫീല്‍ഡില്‍ വെസ്റ്റ് ഹാമിനെതിരെ 9ാം മിനിറ്റില്‍ തന്നെ ഗോള്‍ വല കുലുക്കി വിജ്‌നാല്‍ഡും ലിവര്‍പൂളിനെ മുന്‍പിലെത്തിച്ചു. 

എന്നാല്‍ ആന്‍ഫീല്‍ഡിനെ നിശബ്ദമാക്കി 12ാം മിനിറ്റില്‍ ഇസാ ഡിയോപ്പിലൂടെ വെസ്റ്റ് ഹാമിന്റെ മറുപടി. 54ാം മിനിറ്റില്‍ വെസ്റ്റ് ഹാം ലീഡുയര്‍ത്തി. 81ാം മിനിറ്റില്‍ അര്‍നോള്‍ഡിന്റെ പാസില്‍ നിന്ന് മനേയും, റോബര്‍ട്ട്‌സനിന്റെ പാസില്‍ നിന്ന് സലയും വല കുലുക്കി. 86ാം മിനിറ്റിലും മനേ ഗോള്‍ വല കുലുക്കിയെങ്കിലും മനേ ഓഫ് സൈഡെന്ന് വാറില്‍ വ്യക്തമായതോടെ തിരിച്ചടിയായി. 

ഇനി 11 പ്രീമിയര്‍ ലീഗ് മത്സരങ്ങളാണ് ലിവര്‍പൂളിന് മുന്‍പിലുള്ളത്. അതില്‍ നാല് കളികളില്‍ ജയം പിടിച്ചാല്‍ 1990ന് ശേഷം ആദ്യമായി ഇംഗ്ലീഷ് കിരീടത്തില്‍ അവര്‍ക്ക് മുത്തമിടാം. തങ്ങളുടെ കഴിഞ്ഞ 44 ലീഗ് മത്സരങ്ങളില്‍ തോല്‍വി അറിയാതെയാണ് ലിവര്‍പൂള്‍ മുന്നേറുന്നത്. 49 ലീഗ് മത്സരങ്ങള്‍ ജയിച്ച് മുന്നേറിയ ആഴ്‌സണിലിന്റെ റെക്കോര്‍ഡ് ആണ് ഇനി ലിവര്‍പൂളിന് മുന്‍പിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com