പ്രതിരോധിച്ച് കളിച്ചിട്ട് കാര്യമില്ല, കളി ശൈലി മാറ്റാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരോട് കോഹ്‌ലി

'ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ സിംഗിളുകള്‍ പോലും നിങ്ങളില്‍ നിന്ന് വന്നില്ലെങ്കില്‍ പിന്നെ എന്താണ് നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുക'
പ്രതിരോധിച്ച് കളിച്ചിട്ട് കാര്യമില്ല, കളി ശൈലി മാറ്റാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരോട് കോഹ്‌ലി

ക്രൈസ്റ്റ്ചര്‍ച്ച്: കൂടുതല്‍ ജാഗ്രത പുലര്‍ത്തി പ്രതിരോധിച്ച് കളിക്കുന്നത് സഹായകരമാവുമെന്ന് കരുതുന്നില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. കൂടുതല്‍ ശ്രദ്ധയോടെ പ്രതിരോധിച്ച് നില്‍ക്കാതെ പോസിറ്റീവായി കളിക്കണമെന്ന് രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീം അംഗങ്ങളോട് കോഹ്‌ലി പറഞ്ഞു. 

ബാറ്റിങ് യൂണിറ്റ് എന്ന നിലയിലെ നമ്മുടെ ശൈലിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. കൂടുതല്‍ ജാഗ്രതയോടെ കളിക്കുന്നത് സഹായകരമാവുമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം, ഇതിലൂടെ നിങ്ങള്‍ ഷോട്ട് കളിക്കുന്നതില്‍ നിന്ന് പിന്‍വലിയും, ഇന്ത്യന്‍ നായകന്‍ ചൂണ്ടിക്കാണിച്ചു. 

ന്യൂസിലാന്‍ഡിനെതിരായ വെല്ലിങ്ടണ്‍ ടെസ്റ്റില്‍ പൂജാര 11 റണ്‍സ് എടുത്തത് 81 പന്തില്‍ നിന്നാണ്. ഹനുമാ വിഹാരി 15 റണ്‍സ് നേടിയത് 79 പന്തില്‍ നിന്ന്. ഒരുവേള പൂജാരക്ക് 29 പന്തിന് ശേഷമാണ് ഒരു റണ്‍ നേടാനായത്. ഇത് മായങ്ക് അഗര്‍വാളില്‍ റണ്‍സ് കണ്ടെത്താന്‍ സമ്മര്‍ദം നിറക്കുകയും, ലൂസ് ഷോട്ടിന് ശ്രമിച്ച് മായങ്കിന്റെ വിക്കറ്റ് നഷ്ടപ്പെടുകയും ചെയ്തു. 

ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ സിംഗിളുകള്‍ പോലും നിങ്ങളില്‍ നിന്ന് വന്നില്ലെങ്കില്‍ പിന്നെ എന്താണ് നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുക. നല്ല ഡെലിവറി വന്ന് പുറത്താവുന്നതിന് നിങ്ങള്‍ കാത്തിരിക്കുന്നത് പോലെയാണ്. നിര്‍ണായക ഘട്ടത്തില്‍, പച്ചപ്പ് നിറഞ്ഞ വിക്കറ്റാണെങ്കില്‍ കൗണ്ടര്‍ അറ്റാക്കിനാണ് ഞാന്‍ ശ്രമിക്കുക. അതിലൂടെ എനിക്ക് ടീമിനെ മുന്‍പോട്ട് കൊണ്ടുപോവാനാവും, കോഹ് ലി പറഞ്ഞു. 

കൂടുതല്‍ ജാഗ്രതയോടെ കളിക്കുന്നത് ഫലം കാണുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പ്രത്യേകിച്ച് നാട്ടില്‍ നിന്ന് മാറി കളിക്കുമ്പോള്‍. സാഹചര്യങ്ങളെ കുറിച്ച് കൂടുതല്‍ ചിന്തിക്കുമ്പോള്‍ ബാറ്റിങ്ങില്‍ ശ്രദ്ധിക്കാന്‍ സാധിക്കില്ല. ഇന്ത്യക്ക് പുറത്ത് നമ്മുടെ മനസ് ഏകാഗ്രമാണ് എങ്കില്‍ ഏത് സാഹചര്യവും എളുപ്പമായി തോന്നും. അവരുടെ ബൗളിങ് മികച്ചതാണെന്നോ മറ്റുമുള്ള ചിന്തകളൊന്നും അപ്പോള്‍ നമ്മളെ അലട്ടില്ല, കോഹ്‌ലി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com