'എതിര്‍ ടീമിന്റെ ഡോക്ടര്‍ ആണ് അന്ന് എന്നെ രക്ഷിച്ചത്, ക്രീസില്‍ തിരിച്ചെത്തുമെന്ന് കരുതിയതല്ല'

ന്യൂസിലാന്‍ഡ് ഇതിഹാസ താരം റിച്ചാര്‍ഡ് ഹഡ്‌ലീക്കൊപ്പം ഏറെ നാള്‍ ന്യൂബോള്‍ പാര്‍ട്ണറായിരുന്ന ചാറ്റ്ഫീല്‍ഡിന്റെ തുടക്കം അതിഭീകരമായിരുന്നു
'എതിര്‍ ടീമിന്റെ ഡോക്ടര്‍ ആണ് അന്ന് എന്നെ രക്ഷിച്ചത്, ക്രീസില്‍ തിരിച്ചെത്തുമെന്ന് കരുതിയതല്ല'

വെല്ലിങ്ടണ്‍: ഇംഗ്ലണ്ട് സ്പീഡ് സ്റ്റാര്‍ പീറ്റര്‍ ലെവറിന്റെ ബൗണ്‍സര്‍ വന്നടിച്ചത് നെറ്റിക്കും ചെവിക്കും ഇടയില്‍. അരങ്ങേറ്റ മത്സരത്തില്‍ തന്നെ ക്രീസില്‍ ബോധമറ്റ് വീഴേണ്ടി വന്ന താരം. ഒരു നിമിഷം കൊണ്ട് എല്ലാം ഇരുട്ടിലേക്ക് വീണ ആ ഓര്‍മകള്‍ 35 വര്‍ഷത്തിന് ശേഷം വീണ്ടും പങ്കുവെക്കുകയാണ് എവന്‍
ചാറ്റ്ഫീല്‍ഡ്. 

ന്യൂസിലാന്‍ഡ് ഇതിഹാസ താരം റിച്ചാര്‍ഡ് ഹഡ്‌ലീക്കൊപ്പം ഏറെ നാള്‍ ന്യൂബോള്‍ പാര്‍ട്ണറായിരുന്ന ചാറ്റ്ഫീല്‍ഡിന്റെ തുടക്കം അതിഭീകരമായിരുന്നു. അന്ന് ഇംഗ്ലണ്ട് ടീം ഫിസിയോയാണ് കിവീസ് ബൗളറുടെ രക്ഷക്കെത്തയത്. ബൗണ്‍സറേറ്റ ഉടനെ ബോധരഹിതനായി വീണ ചാറ്റ്ഫീല്‍ഡിന് ഗ്രൗണ്ടില്‍ വെച്ച് ഇംഗ്ലണ്ട് ഫിസിയോ ബെര്‍നാര്‍ഡ് തോമസ് ക്രിതൃമ ശ്വാസം നല്‍കി. 

എന്നാല്‍, തന്റെ ആദ്യ മത്സരത്തിന്റെ ഭീകരത ചാറ്റ്ഫീല്‍ഡിനെ കളിക്കളത്തില്‍ നിന്ന് അകറ്റിയില്ല. 43 ടെസ്റ്റും, 114 ഏകദിനങ്ങളും അദ്ദേഹം കിവീസിന് വേണ്ടി കളിച്ചു. അരങ്ങേറ്റ മത്സരത്തില്‍ വീണ ആ വീഴ്ചക്ക് ശേഷം കളിക്കളത്തിലേക്ക് ഒരു തിരിച്ചു വരവുണ്ടാവുമെന്ന് ഞാന്‍ കരുതിയില്ല, ചാറ്റ്ഫീല്‍ഡ് പറയുന്നു. 

1975ല്‍ കളിക്കുന്ന സമയം ഹെല്‍മറ്റ് ഉണ്ടായില്ല. 1977ല്‍ ഞാന്‍ വീണ്ടും കളിക്കളത്തിലേക്കെത്തിയപ്പോഴാണ് എനിക്ക് ഹെല്‍മറ്റ് ലഭിച്ചത്. സാങ്കേതിക തികവുള്ള ബാറ്റ്‌സ്മാനല്ല ഞാന്‍. അതുകൊണ്ട് ഹെല്‍മറ്റ് എനിക്ക് ആത്മവിശ്വാസം നല്‍കി. ബാറ്റ് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ എന്നെ ടീമിലേക്ക് എടുക്കില്ലെന്ന് എനിക്കറിയാമായിരുന്നു. 

ആറ് ഏഴ് ആഴ്ചയോളം ഞാന്‍ ഇടവേളയെടുത്തു. വീണ്ടും കളിക്കാന്‍ എന്റെ ആരോഗ്യനില തൃപ്തികരമാണ് എന്ന് ഡോക്ടര്‍ പറയുന്നത് വരെ ഞാന്‍ കാത്തിരുന്നു. നിലവില്‍ എങ്ങനെയാണോ കണ്‍കഷന്‍ പ്രോട്ടോക്കോള്‍ നോക്കുന്നത് അങ്ങനെ തന്നെയായിരുന്നു അന്നും, ചാറ്റ്ഫീല്‍ഡ് പറഞ്ഞു. 1975ല്‍ അരങ്ങേറ്റം കുറിച്ച ചാറ്റ്ഫീല്‍ഡ് 68ാം വയസിലാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 

ഹാഡ്‌ലീയുടെ വേഗതക്കൊപ്പം എത്തുന്നത് കൊണ്ടായിരുന്നില്ല എന്നെ അദ്ദേഹത്തിനൊപ്പം ന്യൂബോള്‍ പാര്‍ട്ണര്‍ ആക്കിയത്. ന്യൂസിലാന്‍ഡിന് മറ്റ് വേഗതയേറിയ മികച്ച ബൗളര്‍മാര്‍ ഇല്ലാതിരുന്നത് കൊണ്ടാണ് അത്. നിലവില്‍ കിവീസ് ബൗളിങ്ങിലെ ബോള്‍ട്ട്, സൗത്തി, വെങ്‌നര്‍ കൂട്ടുകെട്ട് ഏറ്റവും മികച്ചതാണെന്നും ചാറ്റ്ഫീല്‍ഡ് അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com