'ടെന്നീസിനോട് ഗുഡ് ബൈ പറയുന്നു'; മരിയ ഷറപ്പോവ വിരമിച്ചു

റഷ്യന്‍ ടെന്നീസ് സുന്ദരി മരിയ ഷറപ്പോവ ടെന്നീസില്‍ നിന്ന് വിരമിച്ചു
'ടെന്നീസിനോട് ഗുഡ് ബൈ പറയുന്നു'; മരിയ ഷറപ്പോവ വിരമിച്ചു

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യന്‍ ടെന്നീസ് സുന്ദരി മരിയ ഷറപ്പോവ ടെന്നീസില്‍ നിന്ന് വിരമിച്ചു. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന ഷറപ്പോവ വിരമിക്കുമ്പോള്‍ 373ാം റാങ്കിലായിരുന്നു. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപണിന്റെ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായിരുന്നു. തോളിനേറ്റ പരുക്കിന്റെ പ്രശ്‌നങ്ങളും വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന് കാരണമായി.

32കാരിയായ ഷറപ്പോവ അഞ്ച് തവണ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 2014ല്‍ ഫ്രഞ്ച് ഓപണ്‍ വിജയിച്ചതാണ് അവസാനമായി നേടിയ ഗ്രാന്‍ഡ് സ്ലാം കിരീടം. വികാര നിര്‍ഭരമായ ഒരു കുറിപ്പോടെയാണ് താരം വിരമിക്കുന്ന കാര്യം വ്യക്തമാക്കിയത്.

'ടെന്നീസിനോട് ഗുഡ് ബൈ പറയുകയാണ്. ഞാന്‍ എന്റെ ജീവിതം ടെന്നീസിന് നല്‍കി. ടെന്നീസ് എനിക്ക് ജീവിതം നല്‍കി. കോര്‍ട്ടിലെ നിമിഷങ്ങളും രാവിലെ എഴുന്നേറ്റ് ആരംഭിക്കുന്ന പരിശീലനങ്ങളും അങ്ങനെ ഒരുപാട് നഷ്ടങ്ങളാണ് ഇനി ജീവിതത്തിലുണ്ടാകുക'- ഷറപ്പോവ കുറിച്ചു.

2004ല്‍ തന്റെ 17ാം വയസില്‍ അന്ന് ലോക ഒന്നാം നമ്പര്‍ താരമായിരുന്ന സെറീന വില്ല്യംസിനെ അട്ടിമറിച്ച് വിംബിള്‍ഡണ്‍ കിരീടം നേടിയാണ് ഷറപ്പോവ വാര്‍ത്തകളില്‍ നിറഞ്ഞത്. 2005ല്‍ ലോക റാങ്കിങില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. രണ്ട് ഫ്രഞ്ച് ഓപണ്‍, ഓരോ തവണ വിംബിള്‍ഡണ്‍, ഓസ്‌ട്രേലിയന്‍ ഓപണ്‍, യുഎസ് ഓപണ്‍ കിരീടങ്ങള്‍ നേടി കരിയര്‍ സ്ലാം തികയ്ക്കാനും ഷറപ്പോവയ്ക്ക് സാധിച്ചു.

2016ല്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ട് രണ്ട് വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വന്നത് ഷറപ്പോവയുടെ കരിയറിനെ ശരിക്കും ബാധിച്ചു. 15 മാസമായി വിലക്ക് ഇളവ് ചെയ്ത് നല്‍കിയെങ്കിലും തിരിച്ചു വരവില്‍ കാര്യമായി നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ റഷ്യന്‍ താരത്തിന് സാധിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com