'സച്ചിന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കരുതായിരുന്നു'; ഇതുപോലൊരു താരം വേറെയില്ലെന്ന് പറയാന്‍ നാല് കാരണങ്ങള്‍ 

സച്ചിനെപ്പോലെ മറ്റൊരു ക്രിക്കറ്റ് താരത്തെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ് മുന്‍ പാക്കിസ്ഥാന്‍ ടീം ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖിന്റെ വാക്കുകള്‍
'സച്ചിന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കരുതായിരുന്നു'; ഇതുപോലൊരു താരം വേറെയില്ലെന്ന് പറയാന്‍ നാല് കാരണങ്ങള്‍ 

ഗ്വാളിയോറിലെ ക്യാപ്റ്റന്‍ രൂപ്‌സിങ് സ്‌റ്റേഡിയത്തിലെ പതിനെട്ടായിരത്തോളം കാണികളെയും കോടിക്കണക്കിന് ടെലിവിഷന്‍ പ്രേക്ഷകരെയും സാക്ഷിയാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഏകദിനത്തിലെ ആദ്യ ഇരട്ടസെഞ്ചുറി പൂര്‍ത്തിയാക്കിയ ദിനം, 2010 ഫെബ്രുവരി 24. ചരിത്രം കുറിക്കപ്പെട്ടിട്ട് ഒരു പതിറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ സച്ചിന്‍ എന്ന താരത്തിന്റെയും വാരിക്കൂട്ടിയ റെക്കോര്‍ഡുകളുടെയും മാറ്റ് ഒട്ടും കുറഞ്ഞിട്ടില്ല. സച്ചിനെപ്പോലെ മറ്റൊരു ക്രിക്കറ്റ് താരത്തെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ് മുന്‍ പാക്കിസ്ഥാന്‍ ടീം ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖിന്റെ വാക്കുകള്‍. സച്ചിന്‍ എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ ആണെന്നതിന് നാല് കാരണങ്ങളും ഇന്‍സമാം ചൂണ്ടിക്കാണിക്കുന്നുണ്ട്. 

സച്ചില്‍ ക്രിക്കറ്റിന് വേണ്ടി ജനിച്ച ആളാണെന്നും ക്രിക്കറ്റും സച്ചിനും മേഡ് ഫോര്‍ ഈച്ച് അദറാണെന്ന് താന്‍ വിശ്വസിക്കുന്നെന്നുമാണ് ഇന്‍സമാമിന്റെ വാക്കുകള്‍. ലോകത്തെ ഏറ്റവും മികച്ച ബൗളര്‍മാരെ കരിയറിന്റെ തുടക്കത്തില്‍ തന്നെ നേരിട്ടത് സച്ചിന്റെ വൈദഗ്ദ്ധ്യം തന്നെയാണെന്ന് ഇന്‍സമാം പറയുന്നു. "16-ാം വയസ്സില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച് ഇത്രയധികം വലിയ കാര്യങ്ങള്‍ ചെയ്തത് ഇപ്പോഴും എന്നെ അത്ഭുതപെടുത്തുന്നു. ഒരു അസാധാരണ കഴിവുള്ള ക്രിക്കറ്റര്‍ക്ക് മാത്രമേ ഇതൊക്കെ സാധ്യമാവുകയുള്ളൂ. അസാധാരണമായതിനേക്കാള്‍ വലുതായി മറ്റെന്തെങ്കിലുമുണ്ടെങ്കില്‍ അത് സച്ചിനാണ്. പറയുമ്പോള്‍ എളുപ്പമാണ് എന്നാല്‍ പതിനാറാം വയസ്സില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം അന്ന് നേരിട്ടത് വഖാര്‍ യൂനിസ്, വാസിം അക്രം അടക്കമുള്ള ബൗളര്‍മാരെയാണ്", സച്ചിനെ താന്‍ കണ്ടതില്‍ ഏറ്റവും മികച്ച ക്രിക്കറ്റര്‍ എന്ന് വിശേഷിപ്പിക്കാന്‍ ഇന്‍സമാം പറഞ്ഞ ആദ്യ കാരണം ഇതാണ്. 

റണ്ണുകള്‍ വാരിക്കൂട്ടി ആരും ചിന്തിക്കുക പോലും ചെയ്തിട്ടില്ലാത്ത റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കുന്ന സച്ചിന്റെ കഴിവിനെയാണ് അദ്ദേഹം രണ്ടാമത്തെ കാരണമായി ചൂണ്ടിക്കാട്ടിയത്. "ആ കാലഘട്ടത്തില്‍ ഇത്രയധികം റണ്ണുകള്‍ നേടുന്നതിനെക്കുറിച്ച് സങ്കല്‍പ്പിച്ചിരുന്നില്ല. മികച്ച താരങ്ങളൊക്കെ കളി അവസാനിപ്പിക്കുമ്പോള്‍ എണ്ണായിരത്തിന് മുകളില്‍ റണ്‍സാണ് നേടിയിട്ടുണ്ടാകുക. സുനില്‍ ഗവാസ്‌കര്‍ മാത്രമാണ് 10000റണ്‍സ് കുറിച്ച താരം. ആ റെക്കോര്‍ഡ് ഒരിക്കലും മറികടക്കില്ലെന്നാണ് അന്ന് കരുതിയിരുന്നത്. പക്ഷെ റണ്‍വേട്ടയുടെ എല്ലാ റെക്കോര്‍ഡുകളും സച്ചിന്‍ തകര്‍ത്തു", സച്ചിന്റെ റണ്‍വേട്ടയെ തകര്‍ക്കുന്നത് ആരാണെന്നറിയാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് ഇന്‍സമാം പറഞ്ഞു. 

ക്രിക്കറ്റ് ദൈവത്തിന്റെ മാനസിക ബലം തന്നെയാണ് ഇന്‍സമാം കണ്ടെത്തിയ മൂന്നാമത്തെ കാരണം. സച്ചിനോളം ആരാധകര്‍ ഉള്ള മറ്റൊരു ക്രിക്കറ്റ് താരം ഇല്ലെന്നും ലോകത്തെവിടെയും അദ്ദേഹത്തിന് ആരാധകര്‍ ഉണ്ടെന്നും ഇന്‍സമാം ചൂണ്ടിക്കാട്ടി. എപ്പോഴെല്ലാം അദ്ദേഹം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിട്ടുണ്ടോ അപ്പോഴെല്ലാം അദ്ദേഹത്തിന് വലിയ സമ്മര്‍ദ്ധം ഉണ്ടായിരുന്നു. എല്ലാ ഇന്നിങ്ങ്‌സിലും മികച്ച സ്‌കോര്‍ കണ്ടെത്തണം എന്ന സമ്മര്‍ദ്ദത്തെ മറികടക്കാന്‍ സച്ചിന്‍ കാണിച്ചിട്ടുള്ള മാനസിക ബലത്തെക്കുറിച്ചായിരുന്നു പാക്ക് മുന്‍ താരത്തിന്റെ വാക്കുകള്‍. 

ലെഗ്-സ്പിന്‍, ഓഫ്-സ്പിന്‍, മീഡിയം പേസ് ബോളുകള്‍ എറിയാനുള്ള സച്ചിന്റെ കഴിവിനെയാണ് നാലാമത്തെ കാരണമായി ഇന്‍സമാം മുന്നോട്ടുവച്ചത്. താന്‍ സച്ചിന്റെ പല ലെഗ്-സ്പിന്‍ ബോളുകള്‍ നേരിട്ടിട്ടുണ്ടെന്നും തന്നെ പലവട്ടം സച്ചിന്‍ ഔട്ട് ആക്കിയിട്ടുണ്ടെന്നും ഇന്‍സമാം ഓര്‍ത്തെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com