സെമി ഉറപ്പിച്ച് പെണ്‍പട; തുടരെ മൂന്നാം ജയവും ബൗളിങ് കരുത്തില്‍; കിവീസിന് തോല്‍പ്പിച്ചത് 4  റണ്‍സിന് 

20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ കിവീസ് സ്‌കോര്‍ 130 റണ്‍സില്‍ ഒതുങ്ങി. ഇന്ത്യയുടെ അഞ്ച് ബൗളര്‍മാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി
സെമി ഉറപ്പിച്ച് പെണ്‍പട; തുടരെ മൂന്നാം ജയവും ബൗളിങ് കരുത്തില്‍; കിവീസിന് തോല്‍പ്പിച്ചത് 4  റണ്‍സിന് 

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ന്യൂസിലാന്‍ഡിനെ 4 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചു. 134 റണ്‍സ് മുന്‍പില്‍ കണ്ടിറങ്ങിയ കിവീസിന് അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 5 റണ്‍സ്. എന്നാല്‍ ലെഗ് ബൈസ് ആയി നേടിയത് 1 റണ്‍സ് മാത്രം. 

20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ കിവീസ് സ്‌കോര്‍ 130 റണ്‍സില്‍ ഒതുങ്ങി. ഇന്ത്യയുടെ അഞ്ച് ബൗളര്‍മാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യയുടെ കഴിഞ്ഞ രണ്ട് കളിയിലും വിജയ ശില്‍പിയായ പൂനം യാദവ് കിവീസിനെതിരെ ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും റണ്‍ വഴങ്ങുന്നതില്‍ പിശുക്ക് കാണിക്കാനായില്ല. 4 ഓവറില്‍ 32 റണ്‍സ് വഴങ്ങിയ പൂനം യാദവാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തത്. 

4 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയ ശിഖ പാണ്ഡേയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ കൂടുതല്‍ മികവ് കാണിച്ചത്. കളിയുടെ നിര്‍ണായകമായ അവസാന ഓവര്‍ എറിഞ്ഞതും ശിഖ പാണ്ഡേ തന്നെ. കൃത്യമായ ഇടവേളകളില്‍ കിവീസ് വിക്കറ്റ് വീഴ്ത്താനും, റണ്‍ അനുവദിക്കാതെ പിടിച്ചു നിര്‍ത്താനും ഇന്ത്യക്കായി. 

19 പന്തില്‍ നിന്ന് 34 റണ്‍സ് എടുത്ത അമേലിയ കേര്‍ അവസാന ഓവറുകളില്‍ ശ്രമം നടത്തിയെങ്കിലും ഫലിച്ചില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ തുണച്ചത് ഷഫാലിയുടെ ഇന്നിങ്‌സ് ആണ്. ഷഫാലി 34 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്‌സും പറത്തി 46 റണ്‍സ് നേടി. 23 റണ്‍സ് നേടിയ താനിയ ഭാട്ടിയയാണ് ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. സ്മൃതി മന്ദാനക്ക് ഫോം കണ്ടെത്താനാവാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com