'ഗുവാഹത്തി നീയെത്ര സുന്ദരി'; മഴ കളി മുടക്കിയിട്ടും അവര്‍ ഒന്നിച്ചു ചൊല്ലി... 'വന്ദേ മാതരം' (വീഡിയോ)

'ഗുവാഹത്തി നീയെത്ര സുന്ദരി' എന്ന കുറിപ്പോടെയാണ് ബിസിസിഐ വീഡിയോ പോസ്റ്റ് ചെയ്തത്
'ഗുവാഹത്തി നീയെത്ര സുന്ദരി'; മഴ കളി മുടക്കിയിട്ടും അവര്‍ ഒന്നിച്ചു ചൊല്ലി... 'വന്ദേ മാതരം' (വീഡിയോ)

ഗുവാഹത്തി: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടി20 പോരാട്ടം മഴയെത്തുടര്‍ന്ന് ഒരു പന്തു പോലും എറിയാന്‍ കഴിയാതെ ഉപേക്ഷിച്ചിരുന്നു. അസമിലെ ഗുവാഹത്തിയിലായിരുന്നു പോരാട്ടം. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ രാജ്യമെങ്ങും അരങ്ങേറുന്നതിനിടെയാണ് പരമ്പരയ്ക്ക് തുടക്കമായത്. സിഎഎയ്‌ക്കെതിരെ അസമിലും വലിയ തോതില്‍ സമരങ്ങള്‍ അരങ്ങേറിയിരുന്നു. എങ്കിലും പോരാട്ടം നടത്താന്‍ തന്നെയായിരുന്നു ബിസിസിഐ തീരുമാനിച്ചത്.

മത്സരം ഉപേക്ഷിച്ചതോടെ ആരാധകര്‍ നിരാശയിലായി. എന്നാല്‍ പിരിഞ്ഞ് പോകും മുന്‍പ് മൊബൈല്‍ ഫ്ലാഷുകള്‍ ഓണാക്കി സ്‌റ്റേഡിയം ഒന്നടങ്കം വന്ദേ മാതരം പാടുന്നതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി. ബിസിസിഐ തന്നെയാണ് ഇതിന്റെ വീഡിയോ പുറത്തു വിട്ടത്.

എആര്‍ റഹ്മാന്‍ നല്‍കിയ ഈണത്തിലാണ് കാണികള്‍ വന്ദേ മാതരം ചൊല്ലുന്നത്. ഈ സമയത്ത് ഗ്രൗണ്ടില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഓപണര്‍ ശിഖര്‍ ധവാന്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് എന്നിവരുമുണ്ടായിരുന്നു.

'ഗുവാഹത്തി നീയെത്ര സുന്ദരി' എന്ന കുറിപ്പോടെയാണ് ബിസിസിഐ വീഡിയോ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ഇതിന് താഴെ കമന്റുമായി എത്തിയത്.

ഇന്ത്യക്കാരനെന്നതില്‍ അസമിലെ ജനങ്ങള്‍ അഭിമാനിക്കുന്നു. അതിന്റെ തെളിവാണിത്. അസം സിഎഎ തള്ളിക്കളയുന്നതായും ചിലര്‍ കുറിച്ചു. ഭാഷയുടേയും മതത്തിന്റേയുമൊക്കെ വ്യത്യാസങ്ങളുണ്ടെങ്കിലും ഇന്ത്യ ഒറ്റക്കെട്ടാണ് എന്ന് മറ്റൊരാള്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com