'സ്വാര്‍ത്ഥത ഒട്ടുമില്ലാത്ത, നെഞ്ചുറപ്പുള്ള താരം'; ഇര്‍ഫാന്‍ പഠാനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ പരിശീലകന്‍

മുന്‍ ഇന്ത്യന്‍ താരവും ഓള്‍റൗണ്ടറുമായ ഇര്‍ഫാന്‍ പഠാന്‍ കഴിഞ്ഞ ദിവസമാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്
'സ്വാര്‍ത്ഥത ഒട്ടുമില്ലാത്ത, നെഞ്ചുറപ്പുള്ള താരം'; ഇര്‍ഫാന്‍ പഠാനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ പരിശീലകന്‍

സിഡ്‌നി: മുന്‍ ഇന്ത്യന്‍ താരവും ഓള്‍റൗണ്ടറുമായ ഇര്‍ഫാന്‍ പഠാന്‍ കഴിഞ്ഞ ദിവസമാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ എട്ട് വര്‍ഷമായി ഇര്‍ഫാന്‍ ഇന്ത്യക്കായി കളിച്ചിരുന്നില്ല. എന്നാല്‍ പ്രാദേശിക പോരാട്ടങ്ങളില്‍ താരം സജീവമായിരുന്നു. 35ാം വയസിലാണ് ഇര്‍ഫാന്‍ വിരമിക്കാന്‍ തീരുമാനിച്ചത്.

ഇര്‍ഫാന്‍ കളിക്കുന്ന കാലത്ത് ഇന്ത്യന്‍ പരിശീലകനായിരുന്ന ക്രെയ്ഗ് ചാപ്പല്‍ ഇപ്പോള്‍ താരത്തെ പുകഴ്ത്തി രംഗത്തെത്തി. ടീം ആവശ്യപ്പെടുന്നത് എന്താണ് അത് ചെയ്യാന്‍ ഇര്‍ഫാന്‍ സദാ സന്നദ്ധനായിരുന്നുവെന്ന് ക്രെയ്ഗ് പറഞ്ഞു.

'ടീമിന് ആവശ്യമുള്ളപ്പോള്‍ എന്താണോ വേണ്ടത് ആ റോള്‍ ഏറ്റെടുക്കാന്‍ ഇര്‍ഫാന് സന്തോഷമേ ഉണ്ടായിരുന്നുള്ളു. വിപദി ധൈര്യവും നിസ്വാര്‍ത്ഥതയുമുള്ള താരം. മികച്ച ഓള്‍റൗണ്ടറാണ് താനെന്ന് ഇര്‍ഫാന്‍ പലവട്ടം തെളിയിച്ചിട്ടുണ്ട്. പരിമിത ഓവറില്‍ മാത്രമല്ല ടെസ്റ്റിലും ഇര്‍ഫാന്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ശ്രീലങ്കക്കെതിരായ ടെസ്റ്റില്‍ താരം 93 റണ്‍സെടുത്തിരുന്നു. പന്ത് സ്വിങ് ചെയ്യിക്കുന്നതിലും മികവ് പുലര്‍ത്തിയിരുന്നു. പാകിസ്ഥാനെതിരായ ടെസ്റ്റ് പോരാട്ടത്തിന്റെ ആദ്യ ഓവറില്‍ തന്നെ ഹാട്രിക്ക് കുറിച്ച് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച താരം കൂടിയാണ് ഇര്‍ഫാന്‍'- ക്രെയ്ഗ് ചാപ്പല്‍ വ്യക്തമാക്കി.

2012ല്‍ 27ാം വയസിലാണ് ഇര്‍ഫാന്‍ പത്താന്‍ ഇന്ത്യക്കായി അവസാനം കളിച്ചത്. പിന്നീട് താരത്തിന് അവസരം ലഭിച്ചതുമില്ല. കപില്‍ദേവിന് ശേഷം ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച ഓള്‍റൗണ്ടറായി ഇര്‍ഫാന്‍ പഠാനെ വിലയിരുത്തിയവരുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com