പന്തിന് പകരം സഞ്ജു ടീമിൽ; ടോസ് ശ്രീലങ്കയ്ക്ക്; ഇന്ത്യയെ ബാറ്റിങിനയച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th January 2020 07:11 PM |
Last Updated: 10th January 2020 07:11 PM | A+A A- |

പൂനെ: നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷം മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ജഴ്സിയിൽ. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യൻ നിരയിൽ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണിനെ ഉൾപ്പെടുത്തി. ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്. ടോസ് നേടിയ ശ്രീലങ്കൻ നായകൻ ലസിത് മലിംഗ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ശിവം ദുബെയ്ക്കു പകരം മനീഷ് പാണ്ഡെയും കുൽദീപ് യാദവിനു പകരം യുസ്‌വേന്ദ്ര ചഹലും ഇന്നത്തെ മത്സരത്തിൽ കളിക്കും.
പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചതിനാൽ, രണ്ടാം മത്സരത്തിൽ ജയിച്ച ഇന്ത്യ പരമ്പരയിൽ 1–0ന് മുന്നിലാണ്. ശ്രീലങ്കൻ നിരയിൽ രണ്ട് മാറ്റങ്ങളുണ്ട്. കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ ഇസുര ഉഡാനയ്ക്കു പകരം എയ്ഞ്ചലോ മാത്യൂസും ലക്ഷൻ സന്ദാകനും ടീമിലെത്തി.
പരുക്കിനു ശേഷം ടീമിൽ തിരിച്ചെത്തിയ ജസ്പ്രീത് ബുമ്ര താളം കണ്ടെത്താൻ വൈകുന്നതൊഴിച്ചാൽ ബൗളിങ് നിരയിൽ ഇന്ത്യയ്ക്കു കാര്യമായ പ്രശ്നങ്ങളില്ല. കഴിഞ്ഞ മത്സരത്തിലെ 20ാം ഓവറിൽ മൂന്ന് ഫോർ അടക്കം 12 റൺസാണു ബുമ്ര വഴങ്ങിയത്. ഡെത്ത് ഓവർ സ്പെഷലിസ്റ്റിൽ നിന്ന് ഇങ്ങനെയൊരു പ്രകടനം കാണികൾ പ്രതീക്ഷിച്ചില്ല. കഴിഞ്ഞ മത്സരത്തിലെ താരമായ നവ്ദീപ് സെയ്നി രാജ്യാന്തര ക്രിക്കറ്റിൽ തന്റെ വരവറിയിച്ചു കഴിഞ്ഞു.
ബാറ്റ്സ്മാൻമാരുടെ പറുദീസയായ ഇൻഡോറിലെ വിക്കറ്റിൽ ദയനീയ പ്രകടനമായിരുന്നു ലങ്കൻ ബാറ്റിങ് നിരയുടേത്. ഓപ്പണർമാർ ഭേദപ്പെട്ട തുടക്കം നൽകിയിട്ടും മത്സരം മുന്നോട്ടു കൊണ്ടുപോകാൻ മധ്യനിരയിൽ പരിയചസമ്പത്തുള്ള താരങ്ങളില്ലാത്തതു ലങ്കയ്ക്കു തലവേദനയാണ്.