ഓള്‍റൗണ്ട് ഇന്ത്യ; ലങ്കയെ തകര്‍ത്ത് ടി20 പരമ്പര സ്വന്തമാക്കി കോഹ്‌ലിയും സംഘവും

മൂന്നാം പോരാട്ടത്തില്‍ 78 റണ്‍സിന്റെ മികച്ച വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്
ഓള്‍റൗണ്ട് ഇന്ത്യ; ലങ്കയെ തകര്‍ത്ത് ടി20 പരമ്പര സ്വന്തമാക്കി കോഹ്‌ലിയും സംഘവും

പൂനെ: ശ്രീലങ്കക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്. മൂന്നാം പോരാട്ടത്തില്‍ 78 റണ്‍സിന്റെ മികച്ച വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. രണ്ടും മൂന്നും മത്സരങ്ങള്‍ വിജയിച്ച് 2-0ത്തിനാണ് ഇന്ത്യയുടെ പരമ്പര നേട്ടം. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ ശ്രീലങ്കയുടെ പോരാട്ടം 15.5 ഓവറില്‍ 123 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ വിജയവും പരമ്പരയും സ്വന്തമാക്കിയത്. 

ആദ്യ അഞ്ചോവറിനുള്ളില്‍ 26 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ വീണ് പരുങ്ങലിലായിരുന്നു ലങ്ക. അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസ് (20 പന്തില്‍ 31), ധനഞ്ജയ ഡി സില്‍വ എന്നിവരുടെ ബാറ്റിങ് അവരെ കളിയിലേക്ക് മടക്കി കൊണ്ടു വന്നു. 

എന്നാല്‍ മാത്യൂസ് പുറത്തായതോടെ അവരുടെ തകര്‍ച്ച വീണ്ടും തുടങ്ങി. ഒരു വശത്ത് ധനഞ്ജയ അക്ഷോഭ്യനായി നിന്നെങ്കിലും പിന്തുണയ്ക്കാന്‍ ആളില്ലാതെ പോയി. ഒടുവില്‍ ഒന്‍പതാം വിക്കറ്റായി ധനഞ്ജയയും മടങ്ങിയതോടെ ലങ്ക അനിവാര്യമായ തോല്‍വി സമ്മതിക്കുകയായിരുന്നു. 36 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം താരം 57 റണ്‍സാണ് കണ്ടെത്തിയത്. ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത് മാത്യൂസും ധനഞ്ജയയും മാത്രമാണ്. 

ഇന്ത്യക്കായി നവ്ദീപ് സെയ്‌നി മൂന്ന് വിക്കറ്റുകള്‍ നേടി. വാഷിങ്ടന്‍ സുന്ദര്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ബുമ്‌റ ഒരു വിക്കറ്റ് നേടി. 

നേരത്തെ ടോസ് നേടി ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ഓപണര്‍മാരായ കെഎല്‍ രാഹുല്‍ (54), ശിഖര്‍ ധവാന്‍ (52), എന്നിവര്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. സ്‌കോര്‍ 97ല്‍ നില്‍ക്കെയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ധവാനാണ് ആദ്യം മടങ്ങിയത്. 36 പന്തിലാണ് ഇരുവരും അര്‍ധ ശതകം നേടിയത്. അഞ്ച് ഫോറും ഒരു സിക്‌സും രാഹുല്‍ നേടി. ധവാന്‍ ഏഴ് ഫോറും ഒരു സിക്‌സും പറത്തി. 

പിന്നാലെ സഞ്ജു സാംസണാണ് ക്രീസിലെത്തിയത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാനിറങ്ങിയ സഞ്ജു പക്ഷേ നിരാശപ്പെടുത്തി. വണ്‍ഡൗണായി സ്ഥാനക്കയറ്റം കിട്ടി ബാറ്റിങിനിറങ്ങിയ സഞ്ജു ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തി ആവേശം നിറച്ചെങ്കിലും രണ്ടാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി.

പിന്നാലെ രാഹുല്‍, ശ്രേയസ് അയ്യര്‍ (നാല്) എന്നിവരും മടങ്ങി. 17 പന്തില്‍ 26 റണ്‍സെടുത്ത് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പുറത്തായി. വാഷിങ്ടന്‍ സുന്ദര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി. 

പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന മനീഷ് പാണ്ഡെ- ശാര്‍ദുല്‍ താക്കൂര്‍ സഖ്യം ഇന്ത്യയെ 200 കടത്തുകയായിരുന്നു. ശൂര്‍ദുല്‍ താക്കൂര്‍ എട്ട് പന്തില്‍ 22 റണ്‍സാണ് അടിച്ചെടുത്തത്. രണ്ട് സിക്‌സും ഒരു ഫോറും സഹിതമാണ് ശാര്‍ദുല്‍ മികച്ച റണ്‍സ് അടിച്ചെടുത്തത്. മനീഷ് പാണ്ഡെ 18 പന്തില്‍ നാല് ഫോറും സഹിതം 31 റണ്‍സെടുത്തു. 

ശ്രീലങ്കയ്ക്കായി ലക്ഷന്‍ സന്‍ഡകന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ലഹിരു കുമാര, വനിന്ദു ഹസരംഗ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com