ഔട്ട് ആണോ? നോട്ട്ഔട്ടോ? റിലേ ക്യാച്ചില്‍ ചേരിതിരിഞ്ഞ് ക്രിക്കറ്റ് ലോകം; നിയമം മാറ്റണമെന്ന് ന്യൂസിലാന്‍ഡ് താരം 

ബാലന്‍സ് തെറ്റി ബൗണ്ടറി ലൈനിന് അപ്പുറത്തേക്ക് കാലുറപ്പിക്കുന്നതിന് മുന്‍പ് റെന്‍ഷോ പന്ത് ഉയര്‍ത്തി എറിഞ്ഞു
ഔട്ട് ആണോ? നോട്ട്ഔട്ടോ? റിലേ ക്യാച്ചില്‍ ചേരിതിരിഞ്ഞ് ക്രിക്കറ്റ് ലോകം; നിയമം മാറ്റണമെന്ന് ന്യൂസിലാന്‍ഡ് താരം 

ക്രിക്കറ്റ് നിയമങ്ങളെ ചൊല്ലിയുള്ള ചര്‍ച്ചകളിലേക്ക് വീണ്ടും വഴിതുറന്ന് മാറ്റ് റെന്‍ഷോയുടെ റിലേ ക്യാച്ച്. ബിഗ് ബാഷ് ലീഗില്‍ മാത്യു വേഡിനെ പുറത്താക്കാന്‍ എടുത്ത ക്യാച്ചാണ് വിവാദത്തിലായത്. റെന്‍ഷോയുടെ മനഃസാന്നിധ്യത്തെ അഭിനന്ദിക്കുമ്പോഴും അത് ഔട്ട് ആണോ, നോട്ടൗട്ട് ആണോ എന്നതില്‍ ആരാധകരുടെ സംശയം നീങ്ങുന്നില്ല. 

ഹോബാര്‍ട്ടിന്റെ 15ാം ഓവറിലാണ് സംഭവം. ലോങ് ഓണിലേക്ക് വന്ന പന്ത് ബൗണ്ടറി ലൈനിന് തൊട്ടു മുന്‍പില്‍ നിന്ന് റെന്‍ഷോ പിടിച്ചു. പക്ഷേ ബാലന്‍സ് തെറ്റി ബൗണ്ടറി ലൈനിന് അപ്പുറത്തേക്ക് കാലുറപ്പിക്കുന്നതിന് മുന്‍പ് റെന്‍ഷോ പന്ത് ഉയര്‍ത്തി എറിഞ്ഞു. എന്നാല്‍ മുകളിലേക്ക് ഉയര്‍ന്ന് തന്റെ നേര്‍ക്ക് തന്നെ പന്ത് വരുമ്പോഴും ബൗണ്ടറി ലൈനിനുള്ളില്‍ നില്‍ക്കുകയാണ് റെന്‍ഷോ. എന്നാല്‍ ഉയര്‍ന്ന് ചാടി ഒരു കൈകൊണ്ട് പന്ത് റെന്‍ഷോ ബാന്റണിന് നല്‍കി. 

ഇവിടെ അമ്പയര്‍ ആദ്യം ഔട്ട് വിധിച്ചില്ല. എന്നാല്‍ തേര്‍ഡ് അമ്പയര്‍ റിപ്ലേകള്‍ പരിശോധിച്ച് ഔട്ട് വിധിച്ചു. 45 പന്തില്‍ നിന്ന് 61 റണ്‍സ് എടുത്ത് നിന്ന വേഡിന് മടങ്ങേണ്ടി വന്നു. പന്ത് തൊടുമ്പോള്‍ ബൗണ്ടറി ലൈന്‍ തൊട്ടില്ലെങ്കിലും, ബാന്റണിന്റെ നേര്‍ക്ക് പന്ത് തട്ടിയിടുമ്പോള്‍ റെന്‍ഷോ ഫീല്‍ഡിന് പുറത്തായിരുന്നു. 

എന്നാല്‍ ക്രിക്കറ്റിന്റെ നിയമങ്ങള്‍ ചിട്ടപ്പെടുത്തുന്ന മേരിബോണ്‍ ക്രിക്കറ്റ് ക്ലബ് ഔട്ട് വിധിച്ച തീരുമാനം ശരിയാണെന്ന ട്വീറ്റുമായി എത്തി. ആദ്യം പന്തില്‍ സ്പര്‍ശിക്കുമ്പോള്‍ റെന്‍ഷോ ഗ്രൗണ്ടിനുള്ളിലാണ്. രണ്ടാമത് സ്പര്‍ശിച്ചപ്പോള്‍ വായുവില്‍ ഉയര്‍ന്ന് നില്‍ക്കുകയായിരുന്നു എന്നാണ് എംസിസിയുടെ ട്വീറ്റ്. 

റെന്‍ഷോയുടെ ക്യാച്ചില്‍ ഔട്ട് വിധിച്ചതിനെ ചോദ്യം ചെയ്ത് കീവീസ് താരം ജെയിംസ് നീഷാം എത്തി. പന്തില്‍ സ്പര്‍ശിച്ചതിന് ശേഷം ബൗണ്ടറി ലൈനിന് ഇപ്പുറം, ഗ്രൗണ്ടിലേക്ക് റെന്‍ഷോ എത്തേണ്ടിയിരുന്നു എന്നാണ് നീഷാം പറയുന്നത്. അങ്ങനെയല്ല നിയമം എങ്കില്‍ ഈ കാട്ടിക്കൂട്ടുന്നതെല്ലാം അപഹാസ്യമാണെന്നും നീഷാം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com