'കുട്ടികളെ പോലെ പിഴവുകള്‍ വരുത്തുന്നത് നിര്‍ത്തു'- ബാഴ്‌സലോണയെ വിമര്‍ശിച്ച് മെസി

ടീമിന്റെ പ്രകടനത്തെ വിമര്‍ശിച്ച് നായകനും സൂപ്പര്‍ താരവുമായ ലയണല്‍ മെസി രംഗത്തെത്തി
'കുട്ടികളെ പോലെ പിഴവുകള്‍ വരുത്തുന്നത് നിര്‍ത്തു'- ബാഴ്‌സലോണയെ വിമര്‍ശിച്ച് മെസി

മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ കപ്പ് സെമിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് അപ്രതീക്ഷിത പരാജയമേറ്റുവാങ്ങി ഇന്നലെ ബാഴ്‌സലോണയ്ക്ക് പുറത്ത് പോകേണ്ടി വന്നു. മത്സരത്തില്‍ 3-2നാണ് അത്‌ലറ്റിക്കോ വിജയിച്ചത്. റയല്‍ മാഡ്രിഡ് നേരത്തെ ഫൈനലില്‍ കടന്നിരുന്നു. കലാശപ്പോരില്‍ എല്‍ ക്ലാസിക്കോ പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശയുണ്ടാക്കുന്നതായി ബാഴ്‌സലോണയുടെ തോല്‍വി. അശ്രദ്ധമായി വരുത്തിയ പിഴവുകള്‍ക്ക് വലിയ വിലയാണ് കറ്റാലന്‍ ടീമിന് നല്‍കേണ്ടി വന്നത്. 

തോല്‍വിക്ക് പിന്നാലെ ടീമിന്റെ പ്രകടനത്തെ വിമര്‍ശിച്ച് നായകനും സൂപ്പര്‍ താരവുമായ ലയണല്‍ മെസി രംഗത്തെത്തി. മത്സരത്തില്‍ ബാഴ്‌സലോണ കുട്ടികളെ പോലെ പിഴവുകള്‍ വരുത്തുന്നത് നിര്‍ത്തണമെന്ന് മെസി വിമര്‍ശിച്ചു. അത്‌ലറ്റിക്കോക്കെതിരെ ബാഴ്‌സലോണ തന്നെയാണ് മികച്ച കളി പുറത്തെടുത്തത്. 80 മിനുട്ടും കളിയുടെ നിയന്ത്രണം ബാഴ്‌സയുടെ കൈയിലായിരുന്നു. ഏറെ കാലത്തിന് ശേഷം ബാഴ്‌സലോണ പൂര്‍ണ ആധിപത്യം നടത്തിയ മത്സരമായിരുന്നു ഇത്. 

എന്നാല്‍ അവസാന 10 മിനുട്ടില്‍ എല്ലാം കൈവിട്ടു. ടീമിന്റെ വരുതിയിലായിരുന്ന മത്സരം നഷ്ടപ്പെട്ടു. ഈ പരാജയം വലിയ നിരാശയാണ് നല്‍കുന്നത്. ഫൈനലില്‍ എത്താനും കിരീടം നേടാനും ഉറച്ചായിരുന്നു സൗദിയിലേക്ക് എത്തിയത്. ഇനി ഇത്തരം അബദ്ധങ്ങള്‍ വരുത്താതെ സൂക്ഷിക്കണം. ടീം ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിതെന്നും മെസി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com