ധവാന് പകരം ഇന്ന് സഞ്ജു കളിക്കും? മാറ്റി നിര്‍ത്താന്‍ കാരണങ്ങള്‍ നിരവധി; പ്രതീക്ഷയോടെ ആരാധകര്‍ 

ട്വന്റി20 ലോകകപ്പ് ഒരുക്കം എന്ന വാദത്തിലൂന്നി സഞ്ജുവിനെ വീണ്ടും തഴയാന്‍ ടീം മാനേജ്‌മെന്റിനാവും
ധവാന് പകരം ഇന്ന് സഞ്ജു കളിക്കും? മാറ്റി നിര്‍ത്താന്‍ കാരണങ്ങള്‍ നിരവധി; പ്രതീക്ഷയോടെ ആരാധകര്‍ 

പുനെ: ശ്രീലങ്കയ്‌ക്കെതിരായ പുനെ ട്വന്റി20യില്‍ സഞ്ജു സാംസണ്‍ കളിച്ചേക്കും. പരിചയസമ്പത്ത് കുറഞ്ഞ ശ്രീലങ്ക എത്രമാത്രം ദുര്‍ബലരാണെന്ന് രണ്ടാം ട്വന്റി20യില്‍ വ്യക്തമായതാണ്. ഈ സാഹചര്യത്തില്‍ സഞ്ജുവിനെയോ, മനീഷ് പാണ്ഡേയേയോ ഇറക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാവില്ല. 

മൂന്ന് സീരിസുകളില്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും ഒരു മത്സരം പോലും കളിപ്പിക്കാതിരുന്നാല്‍ അതിനെതിരെ വിമര്‍ശനം ശക്തമാവുമെന്ന് ഉറപ്പാണ്. എന്നാല്‍ ട്വന്റി20 ലോകകപ്പ് ഒരുക്കം എന്ന വാദത്തിലൂന്നി സഞ്ജുവിനെ വീണ്ടും തഴയാന്‍ ടീം മാനേജ്‌മെന്റിനാവും. രണ്ടാം ട്വന്റി20ക്ക് മുന്‍പ് നായകന്‍ കോഹ് ലി തന്നെ ആ വാദം ഉന്നയിച്ചു കഴിഞ്ഞു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേപോലെ സാധ്യത മുന്‍പോട്ടു വയ്ക്കുന്ന ശിവം ദുബെയും വാഷിങ്ടണ്‍ സുന്ദറുമാണ് മനീഷ് പാണ്ഡേയ്ക്ക് മുന്‍പിലുള്ള വെല്ലുവിളി. 

രണ്ടാം ട്വന്റി20യില്‍ റണ്‍സ് കണ്ടെത്തിയെങ്കിലും ധവാന്റെ സ്‌ട്രൈക്ക് റേറ്റ് ഇന്ത്യയ്ക്ക് തലവേദനയാണ്. ഫോമിലേക്ക് ധവാന്‍ എത്തുന്നതിന്റെ സൂചനകള്‍ രണ്ടാം ട്വന്റി20യില്‍ ലഭിച്ചില്ല. ധവാന്‍ ഫോമില്ലാതെ വലയുന്ന സാഹചര്യത്തില്‍ റിസര്‍വ് ഓപ്പണറായി ടീമില്‍ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയ സഞ്ജുവിനെ പരീക്ഷിക്കാം. പരമ്പര ജയിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് സഞ്ജുവിനേയും മനീഷ് പാണ്ഡേയേയും ഒഴിവാക്കുന്നതെന്നും പുനെ ട്വന്റി20യില്‍ ടീം മാനേജ്‌മെന്റിന് വാദിക്കാം.

ദുബെയാവട്ടെ പ്ലേയിങ് ഇലവനില്‍ ഇടംലഭിച്ചാല്‍, ഹര്‍ദിക് മടങ്ങിയെത്തുന്ന സാഹചര്യത്തില്‍ തന്റെ ബാറ്റിങ് മികവ് കാണിച്ച് ഇറങ്ങാനാവും ലക്ഷ്യം വയ്ക്കുക. ബൗളിങ്ങിലേക്കെത്തുമ്പോള്‍, പരിക്കില്‍ നിന്ന് പുറത്തുവന്ന ബൂമ്രയ്ക്ക് രണ്ടാം ട്വന്റി20യില്‍ മികവ് കാട്ടാനായില്ല. മറുവശത്ത് താക്കൂറും, സെയ്‌നിയും മികച്ച കളിയുമായെത്തി.

പേസും ബൗണ്‍സുമായി സെയ്‌നി ലങ്കന്‍ ബാറ്റ്‌സ്മാന്മാരെ കുഴക്കിയപ്പോള്‍, ഡെത്ത് ഓവറുകളിലാണ് താക്കൂര്‍ മികവ് കാണിച്ചത്. ലങ്കന്‍ നിരയില്‍ ഇടംങ്കയ്യന്‍ ബാറ്റ്‌സ്മാന്മാര്‍ കുറച്ചുണ്ടെന്നതിനാല്‍ കുല്‍ദീപും, വാഷിങ്ടണ്‍ സുന്ദറും സ്ഥാനം നിലനിര്‍ത്തും. അതോടെ ഇന്ന് ചഹലിനോ, രവീന്ദ്ര ജഡേജയ്‌ക്കോ മാറി നില്‍ക്കേണ്ടി വരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com