പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടതോടെ റെക്കോര്‍ഡിട്ട് സഞ്ജു, നിരാശാജനകമായ റെക്കോര്‍ഡാണെന്ന് മാത്രം

ഡ്രൈവ് ചെയ്യാനുള്ള ശ്രമം പാളി സഞ്ജു ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോള്‍ നിരാശപ്പെടുത്തുന്ന ഒരു റെക്കോര്‍ഡ് കൂടി സഞ്ജുവിന് ഒപ്പമുണ്ട്
പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടതോടെ റെക്കോര്‍ഡിട്ട് സഞ്ജു, നിരാശാജനകമായ റെക്കോര്‍ഡാണെന്ന് മാത്രം

പുനെ: റിസര്‍വ് ഓപ്പണറായി ടീമിലേക്കെത്തിയ താരത്തെ റിഷഭ് പന്തിന് പകരം പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി ടീം മാനേജ്‌മെന്റ് ആരാധകരെ ഞെട്ടിച്ചു. മൂന്നാമനായി സഞ്ജു ക്രീസിലേക്ക്... കാത്തിരുന്ന നിമിഷമെത്തി... നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സ് പറത്തി, ഇത്രകാലം തഴഞ്ഞതിന്റെ മറുപടി സഞ്ജു നല്‍കി തുടങ്ങുകയാണെന്ന് തോന്നിച്ചു...പക്ഷേ തൊട്ടടുത്ത പന്തില്‍...

ഹസരങ്കയുടെ ഗൂഗ്ലിയില്‍ സഞ്ജുവിന്റെ കണക്കുകൂട്ടല്‍ പിഴച്ചു. ഔട്ട്‌സൈഡ് ഓഫായി പിച്ച് ചെയ്‌തെത്തിയ ഡെലിവറിയില്‍ ഡ്രൈവ് ചെയ്യാനുള്ള ശ്രമം പാളി സഞ്ജു ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോള്‍ നിരാശപ്പെടുത്തുന്ന ഒരു റെക്കോര്‍ഡ് കൂടി സഞ്ജുവിന് ഒപ്പമുണ്ട്. 

2015ല്‍ സിംബാബ്വെയ്‌ക്കെതിരെ കളിച്ചാണ് സഞ്ജു ട്വന്റി20യില്‍ അരങ്ങേറുന്നത്. തന്റെ രണ്ടാമത്തെ ട്വന്റി20 മത്സരം സഞ്ജു ഇന്ത്യയ്ക്കായി കളിച്ചതാവട്ടെ 5 വര്‍ഷത്തെ ഇടവേളയില്‍. തന്റെ ആദ്യ മത്സരത്തിനും രണ്ടാം മത്സരത്തിനും ഇടയില്‍ 73 ട്വന്റി20 മത്സരങ്ങളാണ് സഞ്ജുവിന് നഷ്ടമായത്. ഇത്രയും മത്സരങ്ങളുടെ വ്യത്യാസത്തില്‍ രണ്ടാം മത്സരം കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സഞ്ജു. 

ആദ്യ ട്വന്റി20 കളിച്ചു കഴിഞ്ഞ് രണ്ടാം മത്സരത്തിനായി 65 ട്വന്റി20കള്‍ കാത്തിരിക്കേണ്ടി വന്ന ഉമേഷ് യാദവാണ് രണ്ടാം സ്ഥാനത്ത്. ലോക ക്രിക്കറ്റില്‍ 79 ട്വന്റി20കളുടെ ഇടവേള ആദ്യ മത്സരത്തിനും രണ്ടാം മത്സരത്തിനും ഇടയില്‍ വന്ന ഇംഗ്ലണ്ടിന്റെ ജോ ഡെന്‍ലിയാണ് ഒന്നാമത്. 74 ട്വന്റി20കളുടെ ഇടവേള വന്ന പ്ലങ്കറ്റാണ് രണ്ടാമത്. മൂന്നാമത് സഞ്ജുവും ലങ്കയുടെ മഹേല ഉദ്വട്ടയും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com