ചുവപ്പ് കാർഡ് വാങ്ങി ടീമിനെ വിജയിപ്പിച്ച് വാൽവർദെ; സൂപ്പർകോപ റയൽ മാഡ്രിഡിന്

പെനാൽറ്റി ഷൂട്ടൗട്ടിൽ ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് അത്‌ലറ്റിക്കോ മാഡ്രിഡിനെ 4-1ന് തകർത്താണ് റയൽ കിരീടം സ്വന്തമാക്കിയത്
ചുവപ്പ് കാർഡ് വാങ്ങി ടീമിനെ വിജയിപ്പിച്ച് വാൽവർദെ; സൂപ്പർകോപ റയൽ മാഡ്രിഡിന്

റിയാ​ദ്: സ്പാനിഷ് സൂപ്പർകോപ കിരീടം റയൽ മാഡ്രിഡിന്. മാ‍ഡ്രിഡ് നാട്ടങ്കമായി മാറിയ കലാശപ്പോരിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് അത്‌ലറ്റിക്കോ മാഡ്രിഡിനെ 4-1ന് തകർത്താണ് റയൽ കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയവും അധിക സമയവും ​ഗോൾരഹിതമായതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ട് വിജയികളെ നിർണയിച്ചത്.

ഫൈനലുകളിൽ പരാജയപ്പെടാത്ത റെക്കോർഡ് സിനദിൻ സിദാൻ ഒരിക്കൽ കൂടി കാത്തു എന്നതാണ് മത്സരത്തിന്റെ മറ്റൊരു സവിശേഷത. സൂപ്പർകോപ ഫൈനലും വിജയിച്ച് റയലിന്റെ ക്യാബിനെറ്റിലേക്ക് ഒരു കിരീടം കൂടെ സിദാൻ ചേർത്തു വയ്ക്കുകയായിരുന്നു.

ശക്തമായ പോരാട്ടം കണ്ട മത്സരത്തിൽ നിശ്ചിത സമയത്തോ അധിക സമയത്തോ ഒരു ഗോൾ പോലും പിറന്നില്ല. പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിൽ 4-1ന് റയൽ വിജയിക്കുകയായിരുന്നു. റയലിനു വേണ്ടി കാർവജാൽ, റോഡ്രിഗോ, മോഡ്രിച്, റാമോസ് എന്നിവർ പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ചു. അത്‌ലറ്റിക്കോയുടെ സോളും തോമസും പെനാൾട്ടി നഷ്ടപ്പെടുത്തുകയും ചെയ്തു.  

റയലിന്റെ വിജയ ശില്പി യുവ താരം വാൽവർദെ ആയിരുന്നു. കളിയുടെ 115ാം മിനുട്ടിൽ വാൽവർദെ നടത്തിയ ഒരു ഫൗൾ ആണ് റയലിനെ വിജയിപ്പിച്ചത്. ഒരു കൗണ്ടർ അറ്റാക്കിൽ ആൽവരൊ മൊറാറ്റ ഒറ്റയ്ക്ക് റയൽ ഗോൾ മുഖത്തേക്ക് കുതിക്കുമ്പോൾ വാൽവർദെ പിറകിൽ നിന്ന് മൊറാറ്റയെ വീഴ്ത്തി.

ആ ഫൗൾ വാൽവർദെയ്ക്ക് ചുവപ്പ് കാർഡ് നേടിക്കൊടുത്തു. പുറത്ത് പോയെങ്കിലും ​ഗോളെന്നുറച്ച അവസരമാണ് വാൽവർദെ ഇല്ലാതാക്കിയത്. മൊറാറ്റയെ വീഴ്ത്തിയില്ലായിരുന്നെങ്കിൽ ഫലം തന്നെ മറ്റൊന്നാകുമായിരുന്നു. ആ ഫൗൾ റയലിന്റെ ആയുസ് നീട്ടുകയായിരുന്നു. താരം തന്നെ മാൻ ഒഫ് ദി മാച്ച് ആയി മാറുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com