സഞ്ജു പുറത്ത്; ഹർദിക്കിനെയും പരി​ഗണിച്ചില്ല; ന്യൂസിലൻഡിനെതിരായ ടി20 പോരിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20 ടീമിനെ പ്രഖ്യാപിച്ചു
സഞ്ജു പുറത്ത്; ഹർദിക്കിനെയും പരി​ഗണിച്ചില്ല; ന്യൂസിലൻഡിനെതിരായ ടി20 പോരിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20 ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരി​ഗണിച്ചില്ല. ഈ മാസം 24ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയ്ക്കുള്ള ടീമിൽ നിന്നാണ് സഞ്ജു പുറത്തായത്. കഴിഞ്ഞ മൂന്ന് ടി20 പരമ്പരകളിലും ഇന്ത്യൻ ടീമിൽ അംഗമായിരുന്ന സഞ്ജുവിന് ഓപണർ രോഹിത് ശർമയുടെ മടങ്ങിവരവോടെയാണ് ടീമിലെ സ്ഥാനം നഷ്ടമായത്.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ നിന്ന് രോഹിത്തിന് വിശ്രമം അനുവദിച്ചിരുന്നു. രോഹിത് ശർമയ്ക്കൊപ്പം പേസ് ബോളർ മുഹമ്മദ് ഷമിയുടെ മടങ്ങിവരവാണ് ടീമിലെ പ്രധാന മാറ്റം. കായികക്ഷമത തെളിയിക്കാത്തതിനാൽ ഹാർദിക് പാണ്ഡ്യയെ പരിഗണിച്ചില്ല. സൂര്യകുമാർ യാദവിന്റെ പേരും പറഞ്ഞു കേട്ടിരുന്നെങ്കിലും ടീമിലില്ല.

വിരാട് കോഹ്‌ലി നയിക്കുന്ന ടീമിൽ ഓപണർമാരായ രോഹിത് ശർമ, ലോകേഷ് രാഹുൽ, ശിഖർ ധവാൻ എന്നിവർ ഇടം പിടിച്ചു. ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ശിവം ദുബെ തുടങ്ങിയവരും ടീമിൽ സ്ഥാനം നിലനിർത്തി. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പർ. കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹൽ, വാഷിങ്ടൺ സുന്ദർ എന്നിവർ സ്പിന്നർമാരായി തുടരും. സ്പിൻ ഓൾറൗണ്ടറായി രവീന്ദ്ര ജഡേജയുമുണ്ട്. പേസ് ബോളിങ് നിരയിൽ ജസ്പ്രിത് ബുമ്ര, നവ്ദീപ് സെയ്നി, ശാർദുൽ താക്കൂർ എന്നിവർക്കു പുറമെയാണ് മുഹമ്മദ് ഷമിയെക്കൂടി ഉൾപ്പെടുത്തിയത്.
 
ഇന്ത്യയുടെ കഴിഞ്ഞ മൂന്ന് പരമ്പരകളിലും ടീമിലുണ്ടായിരുന്ന സഞ്ജു സാംസണ് ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20യിൽ മാത്രമാണ് കളത്തിലിറങ്ങാൻ അവസരം കിട്ടിയത്. നേരിട്ട ആദ്യ പന്തിൽ സിക്സടിച്ചു തുടങ്ങിയെങ്കിലും തൊട്ടടുത്ത പന്തിൽ പുറത്തായി. വിക്കറ്റ് കീപ്പറെന്ന നിലയിലും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയതെങ്കിലും സ‍ഞ്ജുവിന് ടീമിൽ സ്ഥാനം നിലനിർത്താനായില്ല. 2015ൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ സഞ്ജുവിന് പിന്നീട് 73 മത്സരങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷമാണ് വീണ്ടും ഇന്ത്യൻ ജഴ്സിയണിയാൻ കഴിഞ്ഞ ദിവസം പുനെയിൽ അവസരം ലഭിച്ചത്.

അതേസമയം, ന്യൂസിലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിൽ സഞ്ജു അംഗമാണ്. സഞ്ജുവിനു പുറമെ മലയാളി താരം സന്ദീപ് വാര്യരും ടീമിലുണ്ട്.

ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), ലോകേഷ് രാഹുൽ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ശിവം ദുബെ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹൽ, വാഷിങ്ടൻ സുന്ദർ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com