ഓസ്‌ട്രേലിയക്കെതിരായ ഏകദിനപരമ്പരയ്ക്ക് ഇന്ന് തുടക്കം ; ഇന്ത്യന്‍ നിരയില്‍ മാറ്റത്തിന് സാധ്യത, പന്ത് പുറത്താകും ?

ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മല്‍സരം ആരംഭിക്കുക. തുടര്‍ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്
ഓസ്‌ട്രേലിയക്കെതിരായ ഏകദിനപരമ്പരയ്ക്ക് ഇന്ന് തുടക്കം ; ഇന്ത്യന്‍ നിരയില്‍ മാറ്റത്തിന് സാധ്യത, പന്ത് പുറത്താകും ?

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് മുംബൈയില്‍ തുടക്കമാവും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മല്‍സരം ആരംഭിക്കുക. തുടര്‍ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പരമ്പര നേടിയതിന്റെ ഓര്‍മ്മകള്‍ ഓസീസിനും കരുത്തേകുന്നു. ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തരായ രണ്ടുടീമുകള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ മികച്ച പോരാട്ടമാണ് ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിക്കുന്നത്.

ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ശിഖര്‍ ധവാന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തി മൂന്നാമനായി കളിപ്പിക്കാനാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. നായകന്‍ വിരാട് കോഹ്‌ലി ബാറ്റിംഗില്‍ നാലാംസ്ഥാനത്തേക്കിറങ്ങും.

കോഹ്‌ലിക്ക് പിന്നാലെ ശ്രേയസ്സ് അയ്യറും ബാറ്റിംഗിനെത്തും. രാഹുലോ, ഋഷഭ് പന്തോ ഒരാള്‍ പുറത്തിരിക്കേണ്ടി വരും. എന്നാല്‍ അതൊരു പ്രശ്‌നമായി കാണുന്നില്ലെന്ന് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം രാത്തോര്‍ പറഞ്ഞു. ആറാം സ്ഥാനത്തേക്ക്  കേദാര്‍ ജാദവും മനീഷ് പാണ്ഡെയും തമ്മിലാണ് മല്‍സരം. പരുക്ക് മാറി ജസ്പ്രീത് ബുംറ ടീമില്‍ തിരിച്ചെത്തും.

അതേസമയം ഇന്ത്യന്‍ സ്പിന്നര്‍മാരെയാണ് ഓസീസ് ഭയക്കുന്നത്. രവീന്ദ്ര ജഡേജയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ പിന്നെ ഒരു സ്പിന്നര്‍ക്കേ സാധ്യതയുള്ളൂ. അങ്ങനെയെങ്കില്‍ കുല്‍ദീപ് യാദവ് ടീമിലെത്തിയേക്കുമെന്നാണ് സൂചന.

ആരോണ്‍ ഫിഞ്ചാണ് ഓസ്‌ട്രേയിലന്‍ ടീമിനെ നയിക്കുന്നത്. പാറ്റ്കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് പേസ് ത്രയത്തിനൊപ്പം വാര്‍ണര്‍, ഫിഞ്ച്, സ്മിത്ത്, ലബുഷെയ്ന്‍ എന്നിവരുടെ ബാറ്റുകൂടി ചേരുമ്പോള്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. വാംഖഡേയില്‍ മഞ്ഞുവീഴ്ചയുള്ളതിനാല്‍ ടോസ് നേടുന്നവര്‍ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com