'ആ സംഭവത്തിന് ശേഷം എന്റെ ഭാര്യ ആകെ വെപ്രാളത്തിലായിരുന്നു'; വെളിപ്പെടുത്തലുമായി ഓസീസ് നായകന്‍ ടിം പെയ്ന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th January 2020 11:28 AM |
Last Updated: 15th January 2020 11:40 AM | A+A A- |

സിഡ്‌നി: ഇന്ത്യന്‍ ടീമിന്റെ ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനം ആരാധകര്‍ക്ക് എന്നും ഓര്‍മയില്‍ നില്‍ക്കുന്നതാണ്. ചരിത്രത്തിലാദ്യമായി ഇന്ത്യ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിച്ചുവെന്ന പ്രത്യേകതയുണ്ടായിരുന്നു പര്യടനത്തിന്. മാത്രമല്ല മൈതാനത്തിനകത്തും പുറത്തും രസകരമായ സംഭവങ്ങള്‍ക്കൊണ്ടും പര്യടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഇന്ത്യ- ഓസീസ് താരങ്ങളുടെ സ്ലഡ്ജിങുകളാല്‍ പരമ്പര തുടക്കത്തില്‍ തന്നെ ശ്രദ്ധ നേടി. യുവ താരവും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ ഋഷഭ് പന്താണ് സ്ലഡ്ജിങിന് ഏറ്റവും കൂടുതല്‍ വിധേയനാക്കപ്പെട്ട ഇന്ത്യന്‍ താരം. ഓസീസ് നായകന്‍ ടിം പെയ്ന്‍ തന്നെ പന്തിനെ നിരന്തരം പ്രകോപിപ്പിക്കുന്നതില്‍ മുന്നില്‍ നിന്നു. തിരിച്ച് പറയുന്നതില്‍ പന്തും മോശമാക്കിയില്ല. ഇരു താരങ്ങളും തമ്മില്‍ കളത്തില്‍ പരസ്പരം ഏറ്റുമുട്ടിയെങ്കിലും മൈതാനത്തിന് പുറത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ ഇരുവരും രസകരമായി കൊമ്പു കോര്‍ത്തു.
ആ സംഭവത്തിന് ശേഷം തന്റെ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം പിന്തുടരുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ടിം പെയ്ന്‍. ഭാര്യയുടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷത്തോളം ഇന്ത്യന്‍ ആരാധകര്‍ ഫോളോവേഴ്‌സായി. ഇത് അവളെ ഏറെ വെപ്രാളപ്പെടുത്തിയതായി പെയ്ന്‍ പറയുന്നു.
'ഒരു രാത്രി ഭാര്യയുമായി ഞാന്‍ സിനിമ കാണാന്‍ പോയാല്‍ കുട്ടികളെ താങ്കള്‍ നോക്കുമോ' എന്ന വെല്ലുവിളി നടത്തി പെയ്‌നാണ് ആദ്യം രംഗത്തെത്തിയത്. പിന്നീട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ഇരു ടീമിലേയും താരങ്ങള്‍ക്കായി ഒരുക്കിയ വിരുന്നിനിടെ പെയ്‌നിന്റെ ഭാര്യ ബോണി പെയ്‌നും കുട്ടികള്‍ക്കുമൊപ്പമുള്ള ചിത്രം പങ്കിട്ട് 'ബേബി സിറ്റര്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ സമ്മതം' എന്ന് മറുപടിയുമായി എത്തി. ഈ സംഭവത്തോടെ സ്ലഡ്ജിങ്ങുകളാല്‍ നിറഞ്ഞ പോരാട്ടത്തിന്റെ പിരിമുറുക്കത്തിനും അല്‍പ്പം അയവ് വന്നിരുന്നു.