ആമിക്കും താഹുഹുവിനും പെൺകുഞ്ഞ്; സന്തോഷം പങ്കുവച്ച് രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ സ്വവര്‍ഗ ദമ്പതികള്‍

കുഞ്ഞിന്റെ വിരലുകള്‍ ചേര്‍ത്തുപിടിക്കുന്ന ഇരുവരുടെയും കൈകളുടെ ചിത്രം പങ്കുവച്ചാണ് സന്തോഷവാർത്ത പുറത്തുവിട്ടത്
ആമിക്കും താഹുഹുവിനും പെൺകുഞ്ഞ്; സന്തോഷം പങ്കുവച്ച് രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ സ്വവര്‍ഗ ദമ്പതികള്‍

വെല്ലിങ്ടണ്‍: ‌പെണ്‍കുഞ്ഞ് പിറന്ന സന്തോഷത്തിലാണ് രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ സ്വവര്‍ഗ ദമ്പതികളായ ആമി സാറ്റെര്‍ത്‌വെയ്റ്റും ലീ താഹുഹുവും. ഗ്രേസ് മേരി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ലീ താഹുഹുവാണ് കുഞ്ഞിന്റെ ജനനവാർത്ത പുറത്തുവിട്ടത്.

ഈ മാസം 13-നാണ് കുഞ്ഞുണ്ടായത്. കുഞ്ഞിന്റെ വിരലുകള്‍ ചേര്‍ത്തുപിടിക്കുന്ന ഇരുവരുടെയും കൈകളുടെ ചിത്രം പങ്കുവച്ചാണ് താഹുഹു സന്തോഷം പങ്കിട്ടത്. എന്നാൽ ഏതു മാര്‍ഗത്തിലൂടെയാണ് ഗര്‍ഭം ധരിച്ചതെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.

ന്യൂസീലന്‍ഡ് വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളായ ഇരുവരും 2017-ലാണ് വിവാഹിതരാകുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഒരു കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന കാര്യം ഇവർ അറിയിച്ചത്. പിന്നാലെ ആമി സാറ്റെര്‍ത്‌വെയ്റ്റ് പ്രസവാവധിയിൽ പ്രവേശിച്ചു. ആമിക്ക് മുഴുവന്‍ പ്രതിഫലത്തോടുകൂടി പ്രസവാവധി അനുവദിക്കുമെന്ന് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ന്യൂസീലന്‍ഡ് ക്രിക്കറ്റ് വനിതാ താരങ്ങള്‍ക്ക് പ്രസവാവധി അനുവദിച്ചുകൊണ്ട് നിയമം പരിഷ്‌കരിച്ചത്. ഇതോടെ ഈ ആനുകൂല്യം ലഭിക്കുന്ന ആദ്യ താരമായി ആമി.

2013 ഓഗസ്റ്റ് 19 മുതല്‍ സ്വവര്‍ഗ വിവാഹങ്ങള്‍ ന്യൂസീലന്‍ഡില്‍ നിയമവിധേയമാണ്. 2013 ഏപ്രില്‍ 17-ന് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കെത്തിയ ബില്ലിനെ 44 പേർ എതിർത്തപ്പോൾ 77പേർ അനുകൂലിച്ച് വോട്ടുചെയ്തു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com