അതിവേഗത്തില്‍ 7000 തൊട്ട് രോഹിത് ശര്‍മ; തകര്‍പ്പന്‍ റെക്കോര്‍ഡിന്റെ തൊട്ടടുത്ത് നില്‍ക്കെ രാജ്‌കോട്ടില്‍ മടക്കം 

ഹാഷിം അംലയുടെ പേരിലായിരുന്നു ഏകദിനത്തില്‍ 7000ലേക്ക് അതിവേഗം എത്തിയ ഓപ്പണറുടെ റെക്കോര്‍ഡ്
അതിവേഗത്തില്‍ 7000 തൊട്ട് രോഹിത് ശര്‍മ; തകര്‍പ്പന്‍ റെക്കോര്‍ഡിന്റെ തൊട്ടടുത്ത് നില്‍ക്കെ രാജ്‌കോട്ടില്‍ മടക്കം 

രാജ്‌കോട്ട് ഏകദിനത്തില്‍ റെക്കോര്‍ഡ് ബുക്ക് തുറന്ന് രോഹിത ശര്‍മ. ഓപ്പണറുടെ റോളില്‍ ഏകദിനത്തില്‍ അതിവേഗത്തില്‍ 7000 റണ്‍സിലേക്ക് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഹിറ്റ്മാന്‍. 

രാജ്‌കോട്ടില്‍ ഇറങ്ങുമ്പോള്‍ 23 റണ്‍സായിരുന്നു ഈ നേട്ടത്തിലേക്കെത്താന്‍ രോഹിത്തിന് വേണ്ടിവന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം നല്‍കി ആ 23 റണ്‍സിലേക്ക് രോഹിത് അനായാസമെത്തി. 

137 ഇന്നിങ്‌സാണ് ഓപ്പണറായി ഇറങ്ങി 7000 റണ്‍സ് തികയ്ക്കാന്‍ രോഹിത്തിന് വേണ്ടിവന്നത്. ഹാഷിം അംലയുടെ പേരിലായിരുന്നു ഏകദിനത്തില്‍ 7000ലേക്ക് അതിവേഗം എത്തിയ ഓപ്പണറുടെ റെക്കോര്‍ഡ്. 147 ഏകദിനങ്ങളാണ് അംലയ്ക്ക് ഇതിനായി വേണ്ടിവന്നത്. 

ഏകദിനത്തില്‍ 9000 റണ്‍സ് എന്ന നേട്ടത്തിന് തൊട്ടടുത്തെത്തിയാണ് രോഹിത് രാജ്‌കോട്ടില്‍ വീണത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ 46 റണ്‍സ് മാത്രമാണ് ഏകദിനത്തില്‍ 9000 റണ്‍സ് തികയ്ക്കാന്‍ രോഹിത്തിന് വേണ്ടിവന്നത്. എന്നാല്‍ 42 റണ്‍സില്‍ നില്‍ക്കെ രോഹിത്തിനെ ആദം സാംപ മടക്കി. നാല് റണ്‍സ് കൂടി രാജ്‌കോട്ടില്‍ കണ്ടെത്താന്‍ സാധിച്ചിരുന്നെങ്കില്‍ ഏകദിനത്തില്‍ 9000 റണ്‍സ് പിന്നിടുന്ന ഏഴാമത്തെ മാത്രം ബാറ്റ്‌സ്മാന്‍ എന്ന നേട്ടത്തിലേക്ക് രോഹിത്തിന് എത്താമായിരുന്നു. 

അതിവേഗത്തില്‍ 9000 റണ്‍സ് തികയ്ക്കുന്ന താരം എന്ന നേട്ടവും രോഹിത്തിന്റെ മുന്‍പിലുണ്ട്. 216 ഇന്നിങ്‌സില്‍ നിന്നാണ് രോഹിത് ഇപ്പോള്‍ 8996 റണ്‍സ് കണ്ടെത്തിയത്. 194 ഇന്നിങ്‌സില്‍ നിന്ന് 9000 തൊട്ട് കോഹ് ലിയും, 205ല്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കി ഡിവില്ലിയേഴ്‌സുമാണ് രോഹിത്തിന് മുന്‍പിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com