ബൗളര്‍മാരും കാത്തു, പരമ്പര കൈവിടാതെ ഇന്ത്യ; ഓസ്‌ട്രേലിയയെ തകര്‍ത്തത് 37 റണ്‍സിന് 

സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന സ്മിത്തിനേയേും, നിലയുറപ്പിക്കാന്‍ ശ്രമിച്ച കെയ്‌റേയും ഒരേ ഓവറില്‍ മടക്കി കുല്‍ദീപ് യാദവാണ് കളിയുടെ ഗതി തിരിച്ചത്
ബൗളര്‍മാരും കാത്തു, പരമ്പര കൈവിടാതെ ഇന്ത്യ; ഓസ്‌ട്രേലിയയെ തകര്‍ത്തത് 37 റണ്‍സിന് 

രാജ്‌കോട്ട്: പരമ്പര കൈവിടാതെ ഇന്ത്യ. രാജ്‌കോട്ട് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 37 റണ്‍സ് ജയം. ഒരു വിക്കറ്റ് കയ്യില്‍ വെച്ച് റിച്ചാര്‍ഡ്‌സന്‍ അവസാന ശ്രമം നടത്തിയെങ്കിലും 49ാം ഓവറിലെ ആദ്യ പന്തില്‍ ബൂമ്രയ്ക്ക് മുന്‍പില്‍ സാംപ കുടുങ്ങിയതോടെ ഓസീസ് പൊരുതല്‍ അവസാനിച്ചു. 

സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന സ്മിത്തിനേയേും, നിലയുറപ്പിക്കാന്‍ ശ്രമിച്ച കെയ്‌റേയും ഒരേ ഓവറില്‍ മടക്കി കുല്‍ദീപ് യാദവാണ് കളിയുടെ ഗതി തിരിച്ചത്. പിന്നാലെ ആഷ്ടണ്‍ ടേര്‍ണറിനേയും, പാറ്റ് കമിന്‍സിനേയും തുടരെ മടക്കി മുഹമ്മദ് ഷമി കാര്യങ്ങളെല്ലാം ഇന്ത്യയ്ക്ക് അനുകൂലമാക്കി. 

അവസാന ഓവറുകളില്‍ തുടരെ ബൗണ്ടറി പായിച്ച് 11 പന്തില്‍ നിന്ന് റിച്ചാര്‍ഡ്‌സന്‍ 24 റണ്‍സ് നേടി അവസാന ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. 102 പന്തില്‍ നിന്ന് 9 ഫോറും, ഒരു സിക്‌സും പറത്തിയാണ് സ്മിത്ത് 98 റണ്‍സ് എടുത്തത്. ലാബുഷെയ്ന്‍ 46 റണ്‍സ് നേടി. 

സ്മിത്തും, ലാബുഷെയ്‌നും പുറത്തായതിന് പിന്നാലെ കൂട്ടുകെട്ട് തീര്‍ക്കാന്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാരെ ഇന്ത്യ അനുവദിച്ചില്ല. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും, നവ്ദീപ് സെയ്‌നിയും കുല്‍ദീപ് യാദവും, രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഒടുവില്‍ സാംപയെ വിക്കറ്റിന് മുന്‍പില്‍ കുടുക്കി ബൂമ്രയ്ക്ക് വിക്കറ്റും ഇന്ത്യയ്ക്ക് ജയവും. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയിടത്ത് നിന്നാണ് ഇന്ത്യ ജയത്തിലേക്ക് എത്തിയത്. ധവാന്റേയും, കോഹ് ലിയുടേയും രാഹുലിന്റേയും ഇന്നിങ്‌സുകളാണ് പരമ്പര തോല്‍വിയെന്ന നാണക്കേടില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. ധവാന്‍ 96 റണ്‍സ് നേടി പുറത്തായി. കോഹ് ലി സ്‌കോറിങ്ങിന്റെ വേഗം കൂട്ടാനുള്ള ശ്രമത്തിന് ഇടയില്‍ ഒരിക്കല്‍ കൂടി സാംപയ്ക്ക് മുന്‍പില്‍ വീണു. 

ഇന്ത്യന്‍ സ്‌കോര്‍ 350നോട് അടുപ്പിച്ചത് രാഹുലിന്റെ മികച്ച കളിയാണ്. 52 പന്തില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സും പറത്തി രാഹുല്‍ 80 റണ്‍സ് നേടി. ഫീല്‍ഡിങ്ങിലേക്ക് എത്തിയപ്പോള്‍ ആരോണ്‍ ഫിഞ്ചിനെ പുറത്താക്കാന്‍ രാഹുലിന്റെ മിന്നല്‍ സ്റ്റംപിങ്ങും വന്നു. ക്രീസ് ലൈനില്‍ കാലുണ്ടായിരുന്നെങ്കിലും ക്രീസിനുള്ളിലുണ്ടായിരുന്നില്ല എന്ന കാരണത്തിലൂന്നി ബൗളര്‍ക്ക് അനുകൂലമായി തേര്‍ഡ് അമ്പയര്‍ വിധിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com