രാഹുലിന്റെ വെടിക്കെട്ടില്‍ കുതിച്ച് ഇന്ത്യ; ഓസ്‌ട്രേലിയക്ക് 341 റണ്‍സ് വിജയ ലക്ഷ്യം

സാംപയുടെ ഡെലിവറിയില്‍ ആഷ്ടണ്‍ അഗറും, മിച്ചല്‍ സ്റ്റാര്‍ക്കും ചേര്‍ന്ന് റിലേ ക്യാച്ച് എടുത്താണ് സ്‌കോറിങ്ങിന്റെ വേഗം കൂട്ടാന്‍ ശ്രമിച്ച  കോഹ് ലിയെ മടക്കിയത്
രാഹുലിന്റെ വെടിക്കെട്ടില്‍ കുതിച്ച് ഇന്ത്യ; ഓസ്‌ട്രേലിയക്ക് 341 റണ്‍സ് വിജയ ലക്ഷ്യം

രാജ്‌കോട്ട്: ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നെങ്കിലും ഓസ്‌ട്രേലിയക്ക് മുന്‍പില്‍ കൂറ്റന്‍ വിജയ ലക്ഷ്യം വെച്ച് ഇന്ത്യ. ധവാന്റേയും കോഹ് ലിയുടേയും, അവസാന ഓവറുകളിലെ രാഹുലിന്റേയും വെടിക്കെട്ട് വന്നതോടെ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 340 റണ്‍സിലേക്കെത്തി. 

ഫോമിലേക്കുള്ള തിരിച്ചു വരവ് സെഞ്ചുറിയോടെ ധവാന്‍ രാജ്‌കോട്ടില്‍ ആഘോഷിക്കുമെന്ന് തോന്നിച്ചെങ്കിലും കാലിടറി. 90 പന്തില്‍ നിന്ന് 13 ബൗണ്ടറിയും ഒരു സിക്‌സും പറത്തി 96 റണ്‍സ് എടുത്താണ് ധവാന്‍ മടങ്ങിയത്. ധവാന്‍ മടങ്ങിയെങ്കിലും കോഹ് ലി സ്‌കോറിങ്ങിന്റെ വേഗം കുറയാതെ നോക്കി. 76 പന്തില്‍ നിന്ന് 76 റണ്‍സ് എടുത്താണ് കോഹ് ലി മടങ്ങിയത്. 

ആദം സാംപയുടെ ഡെലിവറിയില്‍ ആഷ്ടണ്‍ അഗറും, മിച്ചല്‍ സ്റ്റാര്‍ക്കും ചേര്‍ന്ന് റിലേ ക്യാച്ച് എടുത്താണ് സ്‌കോറിങ്ങിന്റെ വേഗം കൂട്ടാന്‍ ശ്രമിച്ച  കോഹ് ലിയെ മടക്കിയത്. കോഹ് ലി മടങ്ങിയിട്ടും രാഹുല്‍ സ്‌കോറിങ്ങിന്റെ വേഗം കൂട്ടിക്കൊണ്ടിരുന്നു. 

അവസാന അഞ്ച് ഓവറില്‍ 50 റണ്‍സ് ഇന്ത്യ കണ്ടെത്തിയപ്പോള്‍ രാഹുലിന്റെ ബാറ്റില്‍ നിന്നായിരുന്നു ഭൂരിഭാഗവും. 52 പന്തില്‍ നിന്ന് 6 ഫോറും മൂന്ന് സിക്‌സും പറത്തി 80 റണ്‍സ് എടുത്ത് നില്‍ക്കെ അവസാന ഓവറില്‍ രാഹുല്‍ റണ്‍ഔട്ടായി. ബിഗ് ഹിറ്റുകള്‍ക്കുള്ള ജഡേജയുടെ ശ്രമങ്ങള്‍ അവസാന ഓവറുകളില്‍ പരാജയപ്പെട്ടത് ഇന്ത്യയെ അലോസരപ്പെടുത്തി. അവസാന ഓവറില്‍ 5 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്.

ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയതിന് ശേഷമാണ് രോഹിത് ശര്‍മ മടങ്ങിയത്. 44 പന്തില്‍ നിന്ന് രോഹിത് ആറ് ഫോറുകളോടെ 42 റണ്‍സ് നേടി. ശ്രേയസ് അയ്യറും, മനീഷ് പാണ്ഡേയുമാണ് ഇന്ത്യന്‍ നിരയില്‍ നിരാശപ്പെടുത്തിയത്. ശ്രേയസ് 17 പന്തില്‍ നിന്ന് ഏഴ് റണ്‍സ് എടുത്ത് മടങ്ങിയപ്പോള്‍ മനീഷ് രണ്ട് റണ്‍സ് എടുത്ത് പുറത്തായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com