അമ്മയായതോടെ കൂടുതല്‍ കരുത്തയായെന്ന് യുവരാജ്; എല്ലാ വഴികളിലും ശക്തയാക്കിയെന്ന് സാനിയ

സാനിയയുടെ നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് അഭിനന്ദനവുമായി രംഗത്തെത്തി
അമ്മയായതോടെ കൂടുതല്‍ കരുത്തയായെന്ന് യുവരാജ്; എല്ലാ വഴികളിലും ശക്തയാക്കിയെന്ന് സാനിയ

ഹൊബാര്‍ട്ട്: രണ്ട് വര്‍ഷത്തിന് ശേഷം ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തി കിരീട നേട്ടത്തോടെ അത് ആഘോഷമാക്കിയ സാനിയ മിര്‍സയുടെ വരവ് ശ്രദ്ധേയമായി. ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസ് പോരാട്ടത്തിന്റെ വനിതാ ഡബിള്‍സില്‍ കിരീടം ചൂടിയാണ് സാനിയ തിരിച്ചു വരവ് തകര്‍ത്താഘോഷിച്ചത്. യുക്രൈന്‍ താരം നാദിയ കിചോന്കിനൊപ്പമാണ് സാനിയയുടെ കിരീട നേട്ടം. പരിക്കിന് പിന്നാലെ, അമ്മയാവുന്നതിനായി എടുത്ത ഇടവേളയ്ക്കും ശേഷമാണ് സാനിയ കോര്‍ട്ടിലേക്ക് ഗംഭീരമായി മടങ്ങിയെത്തിയത്.  

ഇപ്പോഴിതാ സാനിയയുടെ നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് അഭിനന്ദനവുമായി രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് യുവി സാനിയയെ അഭിനന്ദിച്ച്. ഇതിന് സാനിയ നല്‍കിയ മറുപടിയും ശ്രദ്ധേയമായി. 

'എന്തൊരു തിരിച്ചുവരവ്. അമ്മയായതോടെ നിങ്ങള്‍  കൂടുതല്‍ കരുത്തയായി എന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ എന്റെ സുഹൃത്താണെന്നതില്‍ അഭിമാനിക്കുന്നു'- യുവി കുറിച്ചു. 

യുവിയുടെ അഭിനന്ദനത്തിന് സാനിയയുടെ മറുപടിയും കിടിലനായിരുന്നു.

'നന്ദി സുഹൃത്തെ. അമ്മയാകുന്നത് നിങ്ങളെ സാധ്യമായ എല്ലാ വഴികളിലും ശക്തയാക്കുന്നു'- സാനിയ മറുപടി നല്‍കി. 

ഫൈനലില്‍ ചൈനീസ് സഖ്യത്തെ 6-4, 6-4 എന്ന സ്‌കോറിന് അനായാസം കീഴടക്കിയാണ് സാനിയയുടെ കിരീട നേട്ടം. അമ്മയായതിന് ശേഷമുള്ള തിരിച്ചു വരവില്‍ പഴയത് പോലെ കോര്‍ട്ടില്‍ മികവ് പുറത്തെടുക്കാന്‍ സാധിക്കുമോയെന്ന ആശങ്കകളെല്ലാം സാനിയ കിരീട നേട്ടത്തിലൂടെ തട്ടിയകറ്റി. സാനിയയുടെ 42ാമത് ഡബ്ല്യുടിഎ കിരീടമാണ് ഇത്.

ഓസ്‌ട്രേലിയന്‍ ഓപണാണ് ഇനി 33കാരിയായ സാനിയക്ക് മുന്‍പിലുള്ള അടുത്ത വലിയ ലക്ഷ്യം. പിന്നാലെ ഇന്ത്യയുടെ ഒളിംപിക്‌സ് സ്വപ്‌നങ്ങള്‍ക്കും സാനിയ ജീവന്‍ നല്‍കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com