മധ്യനിരയിലെ മികവിന് പിന്നില്‍ വില്യംസണും, സ്മിത്തും; ഒരുങ്ങിയ വിധം വെളിപ്പെടുത്തി രാഹുല്‍ 

ചില സാഹചര്യങ്ങളില്‍ വില്യംസണ്‍ എങ്ങനെയാണ് ബാറ്റ് ചെയ്തത് എന്നത് ഞാന്‍ ശ്രദ്ധിച്ചു
മധ്യനിരയിലെ മികവിന് പിന്നില്‍ വില്യംസണും, സ്മിത്തും; ഒരുങ്ങിയ വിധം വെളിപ്പെടുത്തി രാഹുല്‍ 

രാജ്‌കോട്ട്: ഓപ്പണറായി, മൂന്നാമനായി, നാലാമനായി, അഞ്ചാമനായി....ടീം മാനേജ്‌മെന്റ് ആവശ്യപ്പെടുന്ന പൊസിഷനില്‍ കളിക്കുന്നു, അവിടെ മികവും കാണിക്കുന്നു...എല്ലായിടത്തും ടീമിന് സംഭാവന നല്‍കുകയാണ് കെ എല്‍ രാഹുല്‍. മധ്യനിരയില്‍ ബാറ്റിങ്ങിന് തയ്യാറെടുത്ത വിധമാണ് ഇപ്പോള്‍ രാഹുല്‍ വെളിപ്പെടുത്തുന്നത്.

മധ്യനിരയില്‍ എങ്ങനെ കളിക്കണമെന്ന് പഠിക്കാന്‍ സ്വന്തം നായകനിലേക്ക് മാത്രമല്ല രാഹുല്‍ നോക്കിയത്. സ്റ്റീവ് സ്മിത്ത്, കെയിന്‍ വില്യംസണ്‍ എന്നിവരുടെ ബാറ്റിങ് നിരീക്ഷിച്ചായിരുന്നു രാഹുലിന്റെ ഒരുക്കം. ഓപ്പണിങ്ങില്‍ നിന്ന് മധ്യനിരയിലേക്ക് എത്തുമ്പോള്‍ സാങ്കേതികമായി മാറ്റമൊന്നും ഞാന്‍ ബാറ്റിങ്ങില്‍ കൊണ്ടുവന്നിട്ടില്ല, രാഹുല്‍ പറയുന്നു. 

മധ്യനിര ബാറ്റ്‌സ്മാന്മാരുമായി ഞാന്‍ കുറേ സംസാരിച്ചു, അവരുടെ കുറേ വീഡിയോകള്‍ കണ്ടു. കോഹ് ലിയോട് ഞാന്‍ ഒരുപാട് സംസാരിച്ചു. ഡിവില്ലിയേഴ്‌സിന്റേയും, സ്മിത്തിന്റേയും വീഡിയോകളാണ് കണ്ടത്. എങ്ങനെയാണ് അവര്‍ ഇന്നിങ്‌സ് കെട്ടിപ്പൊക്കുന്നത് എന്നാണ് നിരീക്ഷിച്ചത്, രാജ്‌കോട്ട് ഏകദിനത്തിന് ശേഷം രാഹുല്‍ പറഞ്ഞു. 

ചില സാഹചര്യങ്ങളില്‍ വില്യംസണ്‍ എങ്ങനെയാണ് ബാറ്റ് ചെയ്തത് എന്നത് ഞാന്‍ ശ്രദ്ധിച്ചു. എന്റെ കളി എങ്ങനെ രൂപപ്പെടുത്തണമെന്നും, ചില സാഹചര്യങ്ങളെ എങ്ങനെ നന്നായി കൈകാര്യം ചെയ്യാം എന്നതും മാത്രമാണ് ഞാന്‍ പഠിക്കാന്‍ ശ്രമിച്ചത്. പല പൊസിഷനുകളില്‍ കളിക്കുന്നതോടെ കളിയെ ശരിക്ക് വായിക്കാന്‍ പറ്റുന്നതായും രാഹുല്‍ പറയുന്നു. 

17 വട്ടമാണ് രാഹുല്‍ ഓപ്പണറായി ഇറങ്ങിയത്. മൂന്നാമനായി മൂന്ന് വട്ടവും, നാലാം സ്ഥാനത്ത് നാല് തവണയും, അഞ്ചാം സ്ഥാനത്ത് രണ്ട് തവണയും, ആറാമത് ഒരു തവണയും. രാജ്‌കോട്ടില്‍ അഞ്ചാമനായി ഇറങ്ങുന്നതിന് മുന്‍പ് രാഹുല്‍ അഞ്ചാം സ്ഥാനത്ത് കളിച്ചത് 2017ലായിരുന്നു. 

പല ബാറ്റിങ് പൊസിഷനുകളില്‍ കളിക്കുക എന്നത് വെല്ലുവിളിയാണ്. നല്ല ഫോമിലാണ് ഞാന്‍. പിന്നെ എന്റെ കഴിവില്‍ ആത്മവിശ്വാസവുമുണ്ട്. അതുകൊണ്ട് ഓരോ കളിയിലും ഓരോ ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നത് എന്നെ സംബന്ധിച്ച് ഭാഗ്യമായാണ് കരുതുന്നത്. ഒരുപാട് ബാറ്റ്‌സ്മാന്മാര്‍ക്ക് അങ്ങനെ അവസരം ലഭിക്കുമെന്ന് തോന്നുന്നില്ല. 

വിക്കറ്റ് കീപ്പിങ്ങിലും രാഹുല്‍ മികവ് കാട്ടിയതോടെ പന്തിനും സഞ്ജുവിനുമാണ് വലിയ വെല്ലുവിളിയാവുന്നത്. വിക്കറ്റ് കീപ്പിങ്ങില്‍ കുല്‍ദീപിന്റേയും ജഡേജയുടേയുമെല്ലാം പേസ് കണക്കു കൂട്ടുന്നത് തനിക്ക് വെല്ലുവിളിയാണെന്ന് രാഹുല്‍ പറയുന്നു. ഐപിഎല്ലില്‍ ബൂമ്രയെ നേരിടുമ്പോള്‍ എനിക്ക് തോന്നുന്നത് വിക്കറ്റിന് പിന്നിലാണ് സുരക്ഷിതമായ സ്ഥലമെന്നാണ്. എന്നാല്‍ ഇപ്പോള്‍ വിക്കറ്റിന് പിന്നില്‍ നിന്ന് ബൂമ്രയുടെ ഡെലിവറികള്‍ കളക്റ്റ് ചെയ്യുക എന്നതും പ്രയാസമേറിയതാണെന്ന് വ്യക്തമായെന്ന് രാഹുല്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com