രണ്ട് ഓപ്പണര്‍മാരും പരിക്കിന്റെ പിടിയില്‍; മൂന്നാം ഏകദിനത്തിന് മുന്‍പ് കനത്ത തിരിച്ചടി

നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ രോഹിത്‌ കളിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് ടീം മാനേജ്‌മെന്റ്
രണ്ട് ഓപ്പണര്‍മാരും പരിക്കിന്റെ പിടിയില്‍; മൂന്നാം ഏകദിനത്തിന് മുന്‍പ് കനത്ത തിരിച്ചടി

രാജ്‌കോട്ട്: പന്തിനും, ധവാനും പിന്നാലെ രോഹിത് ശര്‍മയ്ക്കും പരിക്കേറ്റത് ഇന്ത്യയ്ക്ക് വെല്ലുവിളി തീര്‍ത്തിരുന്നു. എന്നാല്‍ രാജ്‌കോട്ട് ഏകദിനത്തിന് പിന്നാലെ രോഹിത്തിന്റെ പരിക്കിനെ സംബന്ധിച്ച ആശങ്ക ഒഴിവാക്കുകയാണ് നായകന്‍ കോഹ് ലി. 

സാരമുള്ളതല്ല രോഹിത്തിന്റെ പരിക്കെന്നാണ് രണ്ടാം ഏകദിനത്തിന് ശേഷം കോഹ് ലി പ്രതികരിച്ചത്. രോഹിത്തിനോട് ഇപ്പോള്‍ ഞാന്‍ ചോദിച്ചതേയുള്ളു, ഇടത് തോളിനാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. എന്നാലവിടെ പേടിക്കാന്‍ ഒന്നുമില്ല. അടുത്ത കളിക്ക് രോഹിത് ഉണ്ടാവും എന്നാണ് പ്രതീക്ഷ, രാജ്‌കോട്ടില്‍ കോഹ് ലി പറഞ്ഞു. 

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ 43ാം ഓവറില്‍ ബൗണ്ടറി സേവ് ചെയ്യുന്നതിന് ഇടയിലാണ് രോഹിത്തിന് പരിക്കേറ്റത്. രോഹിത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് കോഹ് ലി പ്രതികരിച്ചെങ്കിലും നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ രോഹിത്‌ കളിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് ടീം മാനേജ്‌മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 

ടീം ഫിസിയോതെറാപ്പിസ്റ്റുകളുടെ നിരീക്ഷണത്തിലാണ് രോഹിത്. പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഞായറാഴ്ച നടക്കുന്ന മൂന്നാം ഏകദിനത്തില്‍ രോഹിത് കളിക്കുമോ എന്ന് വ്യക്തമാവുകയുള്ളു. എന്നാല്‍ രണ്ടാം ഏകദിനത്തിനും മൂന്നാം ഏകദിനത്തിനും ഇടയില്‍ ഒരു ദിവസത്തെ ഇടവേള മാത്രമാണുള്ളത് എന്നത് ഇവിടെ വില്ലനാവുന്നു, 

ഞായറാഴ്ച പരമ്പര വിജയം നിര്‍ണയിക്കുന്ന മൂന്നാം ഏകദിനത്തിന് ഇറങ്ങുന്നതിന് മുന്‍പ് രോഹിത്തിന്റേതിന് പുറമെ ശിഖര്‍ ധവാന്റെ പരിക്കും ഇന്ത്യയെ വലക്കുന്നുണ്ട്. രാജ്‌കോട്ടില്‍ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ പത്താം ഓവറില്‍ കമിന്‍സിന്റെ ബൗണ്‍സര്‍ ധവാന്റെ വാരിയെല്ലില്‍ കൊണ്ടിരുന്നു. അവിടെ ധവാന്‍ ബാറ്റിങ് തുടര്‍ന്നെങ്കിലും ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com