രാഹുല്‍ ദ്രാവിഡിനെ ഊട്ടിയ അതേ പന്തി കെ എല്‍ രാഹുലിനും!2003 ആവര്‍ത്തിക്കുമോ? 

വിക്കറ്റ് കീപ്പര്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് ബാധ്യതയായ സമയമാണ് തന്റെ വൈസ് ക്യാപ്റ്റനോട് ഗ്ലൗസ് അണിയാന്‍ ഗാംഗുലി ആവശ്യപ്പെടുന്നത്
രാഹുല്‍ ദ്രാവിഡിനെ ഊട്ടിയ അതേ പന്തി കെ എല്‍ രാഹുലിനും!2003 ആവര്‍ത്തിക്കുമോ? 

പ്പണ്‍ ചെയ്യാന്‍, മധ്യനിരയില്‍ ഇറങ്ങാന്‍, വിക്കറ്റ് കീപ്പ് ചെയ്യാന്‍...ടീമിന് വേണ്ടി എന്ത് ചെയ്യാനും സന്നദ്ധനായിരുന്നു രാഹുല്‍ ദ്രാവിഡ് എന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 17 വര്‍ഷത്തിന് ഇപ്പുറം വിക്കറ്റിന് പിന്നിലേക്ക് മറ്റൊരു രാഹുല്‍ എത്തുമ്പോഴും കാര്യങ്ങള്‍ ഏതാണ്ട് സമാനമാണ്...

നയന്‍ മോംഗിയ, അജയ് രാത്ര, വിജയ് ഡാഹിയ, പാര്‍ഥീവ് പട്ടേല്‍, ദീപ് ദാസ്ഗുപ്ത, സമിര്‍ ദിഘേ എന്നിവരെയാണ് വിക്കറ്റിന് പിന്നില്‍ രണ്ട് വര്‍ഷത്തിനിടയില്‍ നായകനായിരിക്കെ ഗാംഗുലി പരീക്ഷിച്ചത്. പക്ഷേ ബാറ്റിങ്ങില്‍ മികവ് കാണിക്കാന്‍ ഇവര്‍ക്കാര്‍ക്കുമായില്ല. വിക്കറ്റ് കീപ്പര്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് ബാധ്യതയായ സമയമാണ് തന്റെ വൈസ് ക്യാപ്റ്റനോട് ഗ്ലൗസ് അണിയാന്‍ ഗാംഗുലി ആവശ്യപ്പെടുന്നത്. 

ലോകകപ്പ് വര്‍ഷമാണ് രാഹുല്‍ ദ്രാവിഡ് വിക്കറ്റിന് പിന്നിലേക്ക് എത്തുന്നത്. അതുവരെ സ്‌കൂള്‍ ലെവലില്‍ മാത്രമാണ് ദ്രാവിഡ് വിക്കറ്റ് കീപ്പിങ് പരിശീലിച്ചത്. 15ാം വയസില്‍ അതും വിട്ടിരുന്നു, വിക്കറ്റ് കീപ്പര്‍ക്ക് വേണ്ട കാലിലെ ചലനങ്ങള്‍ തനിക്കില്ലെന്ന് മനസിലാക്കിയാണ് ദ്രാവിഡ് വിക്കറ്റ് കീപ്പിങ് വിട്ടത്. 

പക്ഷേ 2003 ലോകകപ്പിനായി സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍ കോച്ചിന് കീഴില്‍ ദ്രാവിഡ് പരിശീലനം തുടങ്ങി. കയ് വെക്കുന്ന എന്തിലും മികവ് കാണിക്കുന്ന പതിവ് വിക്കറ്റ് കീപ്പിങ്ങിലും ദ്രാവിഡ് ആവര്‍ത്തിച്ചു. പിന്നീട് 73 ഏകദിനങ്ങളില്‍ ദ്രാവിഡ് ഇന്ത്യയ്ക്കായി വിക്കറ്റിന് പിന്നില്‍ നിന്നു 71 ക്യാച്ചും, 13 സ്റ്റംപിങ്ങും അക്കൗണ്ടിലേക്ക് ചേര്‍ത്തു. 

2003 ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി രാഹുല്‍ വന്നതോടെ ഏഴാമത് ഒരു ബാറ്റ്‌സ്മാനെ കൂടി ഉള്‍പ്പെടുത്താന്‍ ഇന്ത്യയ്ക്കായി. നോക്കൗട്ട് മത്സരങ്ങളില്‍ ഇത് ഇന്ത്യയെ തുണച്ചു. 

2020, മറ്റൊരു ലോകകപ്പ് വര്‍ഷം, മറ്റൊരു രാഹുല്‍...

ധോനിക്ക് ശേഷമുള്ള ഇന്ത്യയുടെ തുടക്കമാണ് 2020. 17 വര്‍ഷം മുന്‍പ് ഒരു രാഹുല്‍ ടീം ബാലന്‍സ് കൊണ്ടുവരാന്‍ ഇന്ത്യയെ സഹായിച്ചപ്പോള്‍ മറ്റൊരു രാഹുലിന്റെ പോക്കും അതിലേക്ക് തന്നെയാണ്...കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണുകളിലായി 18 പുറത്താക്കലുകളാണ് രാഹുല്‍ നടത്തിയത്. ഈ സീസണിലെ സയിദ് മുഷ്താഖ് അലി ട്രോഫി സെമിയിലും ഫൈനലിലും കര്‍ണാടകയ്ക്ക് വേണ്ടി വിക്കറ്റിന് പിന്നില്‍ നിന്നത് രാഹുലാണ്. 

ഈ വര്‍ഷം ആദ്യം തന്നെ വിക്കറ്റ് കീപ്പിങ്ങിലേക്ക് രാഹുല്‍ കാത്തിരുന്ന വിളിയെത്തി. ഫിഞ്ചിനെ പുറത്താക്കിയ മിന്നല്‍ സ്റ്റംപിങ്ങിലൂടെ വിക്കറ്റിന് പിന്നില്‍ നിന്ന് തനിക്ക് സാധ്യമാകുന്ന മാജിക്കിന്റെ സൂചനയും രാഹുല്‍ നല്‍കി. അതിനൊപ്പം ലെഗ് സൈഡില്‍ രാഹുല്‍ കാണിച്ച മികവും വിക്കറ്റിന് പിന്നിലെ ആയുധം മൂര്‍ച്ച വെപ്പിക്കുന്നതിന്റെ സൂചനയാണ്. 

ബാറ്റ്‌സ്മാനായും വിക്കറ്റ് കീപ്പറായും ഫോമില്ലാതെ കളിക്കുകയാണ് പന്ത്. രാഹുല്‍ ഇങ്ങനെ മികവ് തുടരുമ്പോള്‍ പന്തിനെ എത്രനാള്‍ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി ടീം മാനേജ്‌മെന്റ് പരിഗണിച്ച് കൊണ്ടുപോകും? ആദ്യ ഏകദിനത്തില്‍ രാഹുല്‍ നഷ്ടപ്പെടുത്തിയ ക്യാച്ച് ചൂണ്ടിക്കാണിച്ച് ഈ വാദത്തെ പ്രതിരോധിക്കാം. എന്നാല്‍ ട്വന്റി20 ലോകകപ്പില്‍ രാഹുലിനെ വിക്കറ്റ് കീപ്പറായി പരിഗണിക്കാം എന്ന് രവി ശാസ്ത്രി തന്നെ പറഞ്ഞിരിക്കുമ്പോള്‍, കര്‍ണാടക ബാറ്റ്‌സ്മാന് അനുകൂലമാണ് കാര്യങ്ങളെല്ലാം....
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com