29ാം ഏകദിന സെഞ്ച്വറി കുറിച്ച് ഹിറ്റ്മാന്‍; ലക്ഷ്യത്തിലേക്ക് ഇന്ത്യ കുതിക്കുന്നു

ശതകം കുറിച്ച് ഹിറ്റ്മാന്‍ രോഹിത് ശര്‍മ ഒരറ്റത്ത് നിലയുറപ്പിച്ചതോടെ സ്‌കോര്‍ ബോര്‍ഡിലേക്ക് റണ്ണൊഴുകി
29ാം ഏകദിന സെഞ്ച്വറി കുറിച്ച് ഹിറ്റ്മാന്‍; ലക്ഷ്യത്തിലേക്ക് ഇന്ത്യ കുതിക്കുന്നു

ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ കരുത്തോടെ മുന്നേറുന്നു. ശതകം കുറിച്ച് ഹിറ്റ്മാന്‍ രോഹിത് ശര്‍മ ഒരറ്റത്ത് നിലയുറപ്പിച്ചതോടെ സ്‌കോര്‍ ബോര്‍ഡിലേക്ക് റണ്ണൊഴുകി.

110 പന്തുകള്‍ നേരിട്ട് എട്ട് ഫോറും അഞ്ച് സിക്‌സും സഹിതമാണ് രോഹിത് 29ാം ഏകദിന സെഞ്ച്വറി കുറിച്ചത്. 30 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെന്ന നിലയിലാണ്. 19 റണ്‍സുമായി ഓപണര്‍ കെഎല്‍ രാഹുല്‍ മടങ്ങി. 32 റണ്ണുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് രോഹിതിന് കൂട്ടായി ക്രീസിലുള്ളത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ് എന്ന സ്‌കോറിലേക്കാണ് ഓസ്‌ട്രേലിയ എത്തിയത്. സ്റ്റീവ് സ്മിത്ത് നേടിയ സെഞ്ച്വറിയാണ് ഓസ്‌ട്രേലിയക്ക് പൊരുതാവുന്ന സ്‌കോര്‍ നല്‍കിയത്.

സ്മിത്ത് 132 പന്തില്‍ നിന്ന് 131 റണ്‍സ് നേടി. 14 ഫോറും ഒരു സിക്‌സും സ്മിത്തിന്റെ ബാറ്റില്‍ നിന്ന് വന്നു. ഓസീസ് അനായാസം മുന്നൂറ് കടക്കുമെന്ന് തോന്നിച്ചെങ്കിലും തുടരെ വിക്കറ്റ് വീഴ്ത്തിയും യോര്‍ക്കറുകളിലൂടേയും ഗുഡ് ലെങ്ത് ഡെലിവറികളിലൂടേയും ബൂമ്രയും ഷമിയും ചേര്‍ന്ന് സന്ദര്‍ശകരെ വിറപ്പിച്ച് നിര്‍ത്തി.

സ്മിത്തിനെ തകര്‍പ്പന്‍ ക്യാച്ചിലൂടെ ശ്രേയസ് മടക്കിയതോടെയാണ് ഓസ്‌ട്രേലിയയുടെ 300 കടക്കാനുള്ള പ്രതീക്ഷകള്‍ അവസാനിച്ചത്. സ്മിത്തിന്റേതുള്‍പ്പെടെ മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്ത്തി. ലിസ്റ്റ് എ ക്രിക്കറ്റിലെ 200 വിക്കറ്റ് നേട്ടം എന്നതിലേക്കും മുഹമ്മദ് ഷമി ഇവിടെ എത്തി.

വിക്കറ്റ് വീഴ്ത്താനായില്ലെങ്കിലും 10 ഓവറില്‍ 38 റണ്‍സ് മാത്രം വഴങ്ങി ബൂമ്ര മികവ് കാട്ടി. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും നവ്ദീപ് സെയ്‌നിയും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മൂന്നാം വിക്കറ്റില്‍ ലാബുഷെയ്‌നും സ്മിത്തും ചേര്‍ന്ന് തീര്‍ത്ത 127 റണ്‍സ് കൂട്ടുകെട്ടാണ് ഓസീസ് ഇന്നിങ്‌സിന് അടിത്തറയിട്ടത്.

ലാബുഷെയ്ന്‍ ഏകദിന കരിയറിലെ ആദ്യ അര്‍ധശതകം കണ്ടെത്തി. 64 പന്തില്‍ നിന്ന് 5 ഫോറിന്റെ അകമ്പടിയോടെയായിരുന്നു ലാബുഷെയ്ന്‍ 50 പിന്നിട്ടത്. സ്മിത്തിനൊപ്പം നിന്ന് അലക്‌സ് കെയ്‌റേയും സ്‌കോറിങ്ങിന്റെ വേഗം കൂട്ടാന്‍ ശ്രമിച്ചു. 36 പന്തില്‍ നിന്ന് 35 റണ്‍സ് നേടിയാണ് കെയ്‌റേ പുറത്തായത്.

രവീന്ദ്ര ജഡേജയായിരുന്നു അപകടകരമാംവിധം മുന്നേറിയ സ്മിത്ത്‌ലാബുഷെയ്ന്‍ കൂട്ടുകെട്ട് തകര്‍ത്തത്. ബംഗളൂരുവില്‍ ഫീല്‍ഡിങ്ങില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കോഹ് ലി അസാധ്യമായൊരു ഡൈവിങ് ക്യാച്ചിലൂടെയാണ് ലാബുഷെയ്‌നെ മടക്കിയത്.

അതേ ഓവറിലെ അവസാന പന്തില്‍ തകര്‍ത്തു കളിക്കാനായി ഓസ്‌ട്രേലിയ നേരത്തെ അയച്ച  മിച്ചല്‍ സ്റ്റാര്‍ക്കിനേയും ജഡേജ മടക്കി. റണ്‍ എടുക്കും മുന്‍പേ സ്റ്റാര്‍ക്കിനെ ജഡേജ ഡ്രസിങ് റൂമിലേക്ക് തിരികെ കയറ്റുകയായിരുന്നു.

സ്പിന്നിനെ തുണയ്ക്കുന്നതാണ് ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ പിച്ച്. ചെയ്‌സ് ചെയ്യുമ്പോള്‍ സമ്മര്‍ദം ഇന്ത്യയ്ക്കാണ്. എന്നാല്‍ ഏഴ് വര്‍ഷം മുന്‍പ് ഏകദിനത്തിലെ തന്റെ ആദ്യ ഇരട്ട സെഞ്ചുറിയിലേക്ക് രോഹിത് എത്തിയ മൈതാനത്ത് സമാനമായൊരു ഇന്നിങ്‌സ് സ്വപ്നം കാണുകയാണ് ആരാധകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com