മുന്നൂറ് തൊടീക്കാതെ ബൂമ്രയും ഷമിയും; 287 റണ്‍സ് അകലെ കിരീടം, സമ്മര്‍ദം ഇന്ത്യയ്ക്ക് 

മുന്നൂറ് തൊടീക്കാതെ ബൂമ്രയും ഷമിയും; 287 റണ്‍സ് അകലെ കിരീടം, സമ്മര്‍ദം ഇന്ത്യയ്ക്ക് 

തുടരെ വിക്കറ്റ് വീഴ്ത്തിയും യോര്‍ക്കറുകളിലൂടേയും ഗുഡ് ലെങ്ത് ഡെലിവറികളിലൂടേയും ബൂമ്രയും ഷമിയും ചേര്‍ന്ന് സന്ദര്‍ശകരെ വിറപ്പിച്ച് നിര്‍ത്തി

ബംഗളൂരു ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ മുന്നൂറില്‍ താഴെ ഒതുക്കി ഇന്ത്യ. സെഞ്ചുറിക്കായി മൂന്ന് വര്‍ഷം നീണ്ട കാത്തിരിപ്പില്‍ അവസാനിപ്പിച്ച് സ്മിത്തില്‍ നിന്ന് വന്ന ഇന്നിങ്‌സ് ആണ് ഓസ്‌ട്രേലിയക്ക് പൊരുതാവുന്ന സ്‌കോര്‍ നല്‍കിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര പിടിക്കാന്‍ ഇന്ത്യയ്ക്ക് കണ്ടെത്തേണ്ടത് 287 റണ്‍സ്. 

നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ് എന്ന സ്‌കോറിലേക്കാണ് ഓസ്‌ട്രേലിയ എത്തിയത്. സ്മിത്ത് 132 പന്തില്‍ നിന്ന് 131 റണ്‍സ് നേടി. 14 ഫോറും ഒരു സിക്‌സും സ്മിത്തിന്റെ ബാറ്റില്‍ നിന്ന് വന്നു. ഓസീസ് അനായാസം മുന്നൂറ് കടക്കുമെന്ന് തോന്നിച്ചെങ്കിലും തുടരെ വിക്കറ്റ് വീഴ്ത്തിയും യോര്‍ക്കറുകളിലൂടേയും ഗുഡ് ലെങ്ത് ഡെലിവറികളിലൂടേയും ബൂമ്രയും ഷമിയും ചേര്‍ന്ന് സന്ദര്‍ശകരെ വിറപ്പിച്ച് നിര്‍ത്തി. 

സ്മിത്തിനെ തകര്‍പ്പന്‍ ക്യാച്ചിലൂടെ ശ്രേയസ് മടക്കിയതോടെയാണ് ഓസ്‌ട്രേലിയയുടെ 300 കടക്കാനുള്ള പ്രതീക്ഷകള്‍ അവസാനിച്ചത്. സ്മിത്തിന്റേതുള്‍പ്പെടെ മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്ത്തി. ലിസ്റ്റ് എ ക്രിക്കറ്റിലെ 200 വിക്കറ്റ് നേട്ടം എന്നതിലേക്കും മുഹമ്മദ് ഷമി ഇവിടെ എത്തി. 

വിക്കറ്റ് വീഴ്ത്താനായില്ലെങ്കിലും 10 ഓവറില്‍ 38 റണ്‍സ് മാത്രം വഴങ്ങി ബൂമ്ര മികവ് കാട്ടി. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും നവ്ദീപ് സെയ്‌നിയും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മൂന്നാം വിക്കറ്റില്‍ ലാബുഷെയ്‌നും സ്മിത്തും ചേര്‍ന്ന് തീര്‍ത്ത 127 റണ്‍സ് കൂട്ടുകെട്ടാണ് ഓസീസ് ഇന്നിങ്‌സിന് അടിത്തറയിട്ടത്. 

ലാബുഷെയ്ന്‍ ഏകദിന കരിയറിലെ ആദ്യ അര്‍ധശതകം കണ്ടെത്തി. 64 പന്തില്‍ നിന്ന് 5 ഫോറിന്റെ അകമ്പടിയോടെയായിരുന്നു ലാബുഷെയ്ന്‍ 50 പിന്നിട്ടത്. സ്മിത്തിനൊപ്പം നിന്ന് അലക്‌സ് കെയ്‌റേയും സ്‌കോറിങ്ങിന്റെ വേഗം കൂട്ടാന്‍ ശ്രമിച്ചു. 36 പന്തില്‍ നിന്ന് 35 റണ്‍സ് നേടിയാണ് കെയ്‌റേ പുറത്തായത്. 

രവീന്ദ്ര ജഡേജയായിരുന്നു അപകടകരമാംവിധം മുന്നേറിയ സ്മിത്ത്-ലാബുഷെയ്ന്‍ കൂട്ടുകെട്ട് തകര്‍ത്തത്. ബംഗളൂരുവില്‍ ഫീല്‍ഡിങ്ങില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കോഹ് ലി അസാധ്യമായൊരു ഡൈവിങ് ക്യാച്ചിലൂടെയാണ് ലാബുഷെയ്‌നെ മടക്കിയത്. 

അതേ ഓവറിലെ അവസാന പന്തില്‍ തകര്‍ത്തു കളിക്കാനായി ഓസ്‌ട്രേലിയ നേരത്തെ അയച്ച  മിച്ചല്‍ സ്റ്റാര്‍ക്കിനേയും ജഡേജ മടക്കി. റണ്‍ എടുക്കും മുന്‍പേ സ്റ്റാര്‍ക്കിനെ ജഡേജ ഡ്രസിങ് റൂമിലേക്ക് തിരികെ കയറ്റുകയായിരുന്നു. 

സ്പിന്നിനെ തുണയ്ക്കുന്നതാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ച്. ചെയ്‌സ് ചെയ്യുമ്പോള്‍ സമ്മര്‍ദം ഇന്ത്യയ്ക്കാണ്. എന്നാല്‍ ഏഴ് വര്‍ഷം മുന്‍പ് ഏകദിനത്തിലെ തന്റെ ആദ്യ ഇരട്ട സെഞ്ചുറിയിലേക്ക് രോഹിത് എത്തിയ മൈതാനത്ത് സമാനമായൊരു ഇന്നിങ്‌സ് സ്വപ്നം കാണുകയാണ് ആരാധകര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com